മോശം അവസ്ഥയിലായിരുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ നാല്പതോളം അങ്കണവാടികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി ട്വന്റി20. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തില്‍ സമഗ്രവികസനം ലക്ഷ്യമിട്ട് ഒരുക്കിയ പുതിയ ഹൈടെക് അങ്കണവാടികള്‍, കിന്ഡര്ഗാര്ട്ടന് മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേകം സജ്ജീകരിച്ച കളിസ്ഥലങ്ങള്‍, ഗുണമേന്മയുള്ള പോഷകസമൃദ്ധമായ ഭക്ഷണം, കുട്ടികളെ സ്വന്തം മക്കളെപ്പോലെ പരിപാലിക്കുന്ന കെയര്‍ടേക്കര്‍മാര്‍, കൂടാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യങ്ങള്‍ എന്നിവയെല്ലാം ഹൈടെക് അങ്കണവാടിയുടെ പ്രത്യേകതകളാണ്. കിഴക്കമ്പലത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ മാറ്റത്തിന്റെയും മാതൃകാപരമായ ഇടപെടലിന്റെയും ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
പതിറ്റാണ്ടുകളായി ഇടത്-വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാറി ഭരിച്ച കേരളത്തില്‍ ഇതുവരെ കാണാത്ത വികസന പദ്ധതികള്‍ക്കാണ് കിഴക്കമ്പലം സാക്ഷ്യം വഹിക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങളെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നു എന്നതിലാണ് ട്വന്റി20 മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമാകുന്നത്. വിദ്യാസമ്പന്നരായ പുതു തലമുറയിലൂടെ ഒരു മികച്ച സമൂഹത്തെ കെട്ടിപ്പടുക്കണമെങ്കില്‍ കെട്ടുറപ്പുള്ള അടിസ്ഥാന വിദ്യാഭ്യാസ സമ്പ്രദായം രൂപീകരിക്കുക തന്നെവേണം. മാറുന്ന ലോകത്ത് ഗുണമേന്മയുള്ള അടിസ്ഥാന വിദ്യാഭ്യാസം അംഗനവാടികളില്‍ നിന്നുതന്നെ തുടങ്ങണമെന്നതാണ് ട്വന്റി20യുടെ നിലപാട്. ഒപ്പം, കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ ലഘൂകരിക്കാന്‍ അംഗനവാടികളെ പ്രാപ്തമാക്കാനും കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന് സാധിച്ചു. ട്വന്റി20യുടെ വിദ്യാഭ്യാസ നയത്തെ പ്രതീക്ഷയോടെയാണ് കേരളം നോക്കിക്കാണുന്നത്.
















