മഴുവന്നുര്‍: 1998 മുതല്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസവും പരിചരണവും ലക്ഷ്യമിട്ട് മഴുവന്നൂര്‍ പഞ്ചായത്ത് കെട്ടിടത്തിന്റെ ഒറ്റമുറിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ‘ബട്സ് ‘ എന്ന ‘സ്പെഷ്യല്‍ സ്കൂള്‍’ കൂട്ടായ്മ, ട്വന്റി20യുടെ പങ്കാളിത്തത്തോടെ ആശൃതരായ കുടുംബങ്ങളിലേയ്ക്ക് പകരുന്നത് പ്രതീക്ഷയുടെ കിരണങ്ങളാണ്. ലാഭേച്ഛ ഇല്ലാതെ തുച്ഛമായ ശമ്പളത്തിന് ബട്സിന്റെ ഭാഗമായ ഒരുകൂട്ടം ജീവനക്കാര്‍ തങ്ങളുടെ ജീവിതത്തിന്റെ നല്ല നിമിഷങ്ങള്‍ മറ്റുള്ളവര്‍ക്കായി മാറ്റിവയ്ക്കാന്‍ മുന്നോട്ടുവന്നു.
ആദ്യകാല ഭരണസമിതികള്‍ നിഷേധാത്മക നിലപാടാണ് ബട്സിനോട് സ്വീകരിച്ചിരുന്നത്. പഞ്ചായത്തില്‍ നിന്ന് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോ, പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനോ ബട്സിന് അവസരം ലഭിച്ചിരുന്നില്ല. ജീവനക്കാര്‍ മുട്ടാത്ത വാതിലുകളില്ല. അപേക്ഷകളും നിവേദനങ്ങളുമായി അവര്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിലും ജനപ്രതിനിധികള്‍ക്ക് മുമ്പിലും നിത്യസന്ദര്‍ശകരായി. എന്നാല്‍ അവഗണന മാത്രമാണ് മറുപടിയായി ലഭിച്ചത്. ‘വേണേല്‍ പോയി കേസുകൊടുക്ക് ‘ എന്ന ഭീഷണിക്ക് മുമ്പില്‍ പതറാത്ത ജീവനക്കാര്‍, ബട്സിന്റെ നിലനില്‍പ്പിനായി ഒടുവില്‍ കോടതിയെ സമിപിച്ചു. എന്നാല്‍ കേസ് നീണ്ടുപോയതോടെ ബട്സിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. ഇതോടെ ബട്സിനെ ആശ്രയിച്ചിരുന്ന നിരവധി കുടുംബങ്ങള്‍ക്കും അവരുടെ കുട്ടികള്‍ക്കും മുമ്പില്‍ നാളെ എന്നത് ഒരു ചോദ്യചിഹ്നമായി. അപ്പോഴും പ്രതീക്ഷ കൈവിടാതെ ബട്സിന്റെ ജീവനക്കാര്‍ മുണ്ടു മുറുക്കിയുടുത്ത് മുന്നോട്ടുള്ള യാത്ര തുടര്‍ന്നു.
കാലം മാറി, പിന്നാലെ ഭരണവും മാറി. പഞ്ചായത്ത് ഭരണം ട്വന്റി20 ഏറ്റെടുത്തതോടെ ബട്സിന്റെ ജീവനക്കാര്‍ ജനപ്രതിനിധികളെ സന്ദര്‍ശിച്ച് സാഹചര്യം വിശദീകരിച്ചു. കോടതിയില്‍ വിചാരണയിലിരിക്കുന്ന കേസിനെ നിയമത്തിന്റെ വഴിക്കുവിട്ട ട്വന്റി20, ബട്സിലെ ജീവനക്കാരുടെ ശമ്പളം പുതുക്കി നിര്‍ണയിച്ചുകൊണ്ടാണ് ആദ്യ പിന്തുണ അറിയിച്ചത്. സെന്ററില്‍ എത്തുന്ന കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ കാലങ്ങളായി ജീവനക്കാര്‍ക്ക് വലിയ ആശങ്ക ഉണ്ടായിരുന്നു. ഒരു ബിസ്ക്കറ്റോ കട്ടന്‍ ചായയോ മാത്രം കുടിച്ചുകൊണ്ട് സെന്ററില്‍ എത്തുന്ന കുട്ടികളുടെ ഭക്ഷണ കാര്യത്തില്‍ ഇടപെടുക എന്നത് ജീവനക്കാര്‍ക്ക് സാമ്പത്തികപരമായി സാധ്യമായ കാര്യമായിരുന്നില്ല. ഇന്നുവരെ ഇക്കാര്യത്തില്‍ ഒരു സ്പോണ്‍സര്‍ഷിപ്പ് പോലും ലഭിച്ചിട്ടില്ലെന്നും എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്നുമുള്ള ജീവനക്കാരുടെ ചോദ്യത്തിന് ഭരണസമിതിയുടെ ആദ്യ മീറ്റിംഗില്‍ തന്നെ പരിഗണിക്കാം എന്ന ഉറപ്പ് ലഭിച്ചു. തുടര്‍ന്ന് സന്നിധാനം ഗ്രൂപ്പിന്റെ സഹകരണത്തോടെ അന്നുമുതല്‍ ഇന്നുവരെ മുടങ്ങാതെ കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണവും പാലും ബട്സിലേയ്ക്ക് എത്തി തുടങ്ങി. തുടര്‍ച്ചയായ പിന്തുണ ഉറപ്പാക്കി എന്നതാണ് ഏതൊരു പദ്ധതിക്കും സമാനമായി ബട്സിന്റെ കാര്യത്തിലും ട്വന്റി20യില്‍ നിന്ന് ലഭിച്ച പ്രതികരണം. കുട്ടികള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍, സ്കൂള്‍ ബസ്, ആഘോഷങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കല്‍, സൗജന്യ വിനോദ യാത്രകള്‍, ഭരണ സമിതി അംഗങ്ങളുടെ കൃത്യമായ സ്കുള് സന്ദര്‍ശനം തുടങ്ങി സാമൂഹിക ജീവിതത്തില്‍ ബട്സിലെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ട്വന്റി20 ആര്‍ജവത്തോടെ പ്രവര്‍ത്തിച്ചുപോന്നു.
തങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ട്വന്റി20 നടത്തിവരുന്ന നിസ്വാര്‍ത്ഥമായ ഇടപെടലില്‍ മാതാപിതാക്കളും സംതൃപ്തരാണ്. ബട്സ് സ്കൂളിനെ തങ്ങളുടെ രണ്ടാമത്തെ വീടായി കാണുംവിധം കുട്ടികളെ പരിചരിക്കാനും സൗകര്യപ്രദമായ വിദ്യാഭ്യാസം സുരക്ഷിതമായ യാത്ര തുടങ്ങിയവയും ഒരുക്കുന്നതിന് ബട്സിനെ പ്രാപ്തമാക്കുന്നതില്‍ ട്വന്റി20 ഭരണസമിതി ഒപ്പമുണ്ടെന്നതില്‍ മാതാപിതാക്കള്‍ അനുഭവസാക്ഷ്യങ്ങള്‍ പങ്കുവെയ്ക്കുന്നു. തങ്ങളുടെ കാലശേഷം മക്കളുടെ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് ഇനി ബഡ്സിനെ ആശ്രയിക്കുന്ന മാതാപിതാക്കള്‍ക്ക് ആശങ്കപ്പെടേണ്ടിവരില്ല. കാരണം, തങ്ങള്‍ ഉള്ളിടത്തോളം കാലം ബട്സിനെയും അവിടുത്തെ കുട്ടികളെയും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുമെന്ന ട്വന്റി20യുടെ ഉറപ്പ് അവര്‍ക്ക് മുന്നിലുണ്ട്.
















