കൊച്ചി: ഭരണമേറ്റെടുത്ത പഞ്ചായത്തുകളില്‍ സമസ്ത മേഖലയിലും സമഗ്ര വികസനം നടപ്പിലാക്കിയ ട്വന്റി 20 കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലും മത്സരിക്കാന്‍ തയ്യാറെടുക്കുന്നു. വരാന്‍ പോകുന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനിലെ 76 ഡിവിഷനിലും ട്വന്റി 20 പാര്‍ട്ടി മല്‍സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം.ജേക്കബ്ബ് പറഞ്ഞു. സാമ്പത്തിക തലസ്ഥാനമായ കൊച്ചി നഗരത്തിന്റെ അവസ്ഥ പരമ ദയനീയമാണ്. ചെറിയ മഴപെയ്താല്‍പ്പോലും വെള്ളത്തില്‍ മുങ്ങുന്ന കൊച്ചിയുടെ അവസ്ഥയ്ക്ക് മാറ്റം വരണം. വെള്ളക്കെട്ട് നിവാരണത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും മാറി മാറി ഭരിച്ച മുന്നണികള്‍ക്ക് ഇതിന് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല.
രാപ്പകല്‍ വ്യത്യാസമില്ലാതെ ഗതാഗതകുരുക്ക് കൊണ്ട് പൊറുതി മുട്ടുകയാണ് കൊച്ചി നഗരം. കോര്‍പ്പറേഷന്‍ പരിധിയിലുള്ള മുഴുവന്‍ റോഡുകളും ബി.എം.ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യും. ഗതാഗത കുരുക്കും, വെള്ളക്കെട്ടും, കൊതുകു ശല്യവും പൂര്‍ണമായും ഇല്ലാതാക്കും. നഗരത്തിലെ മാലിന്യ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കും. സമസ്ത മേഖലകളിലും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കി അഴിമതി രഹിത ഭരണത്തിലൂടെയാണ് ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളുടെ ബാങ്ക് അക്കൗണ്ടുകളില്‍ 51 കോടി രൂപയുടെ നീക്കിയിരിപ്പുണ്ടായത്. കൊച്ചി കോര്‍പ്പറേഷനിലെ ട്വന്റി 20 മോഡല്‍ ഭരണം നടപ്പാക്കുകയാണ് അടുത്ത തിരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നതും സാബു എം. ജേക്കബ്ബ് പറഞ്ഞു.
















