കേരളത്തിലെ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍, ഇവ മാറി മാറി ഭരിക്കുന്ന പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ അഴിമതി നിറഞ്ഞ ഭരണത്തിലൂടെ കടന്നുപോകുന്നതിന്റെ നേര്‍സാക്ഷ്യം നമുക്കുമുന്നില്‍ കാട്ടിത്തരുകയാണ് ട്വന്റി20. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തില്‍ ഭരണം നടത്തിയിട്ട്, ഒരു പഞ്ചായത്തില്‍ പോലും ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ ഒരു രൂപ പോലും മിച്ചം പിടിക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ അഴിമതി രഹിത ഭരണം കൊണ്ട് ജനങ്ങളുടെ നികുതിപ്പണം ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് പറയുന്ന ട്വന്റി20യുടെ കഥ തുടങ്ങുന്നത് ഇവിടെ നിന്നുമാണ്. 39 ലക്ഷം രൂപ കടബാധ്യത ഉണ്ടായിരുന്ന കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം ട്വന്റി20 ഏറ്റെടുത്തതിനു ശേഷം അഴിമതി രഹിത ഭരണത്തിലൂടെ 32 കോടി രൂപ നീക്കിയിരിപ്പുള്ള രാജ്യത്തെ മികച്ച പഞ്ചായത്തായി കിഴക്കമ്പലത്തെ മാറ്റിയെടുത്തു. ഇപ്പോള്‍ ട്വന്റി20 ഭരിക്കുന്ന 4 പഞ്ചായത്തുകളിലായി 50 കോടി നീക്കിയിരിപ്പും കണ്ടെത്തി.
ഏതൊരു സര്‍ക്കാര്‍ സ്ഥാപനവും എന്നപോലെ അഴിമതിയാണ് പഞ്ചായത്തുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. പഞ്ചായത്തുകളിലെ അഴിമതി നമുക്ക് പൂര്‍ണമായും തടയാന്‍ സാധിച്ചാല്‍ 80 ശതമാനം പ്രശ്നവും പരിഹരിച്ചു എന്നതാണ്. ട്വന്റി20 അധികാരത്തിലെത്തിയപ്പോള്‍ ആദ്യമായി സ്വീകരിച്ച നടപടി അഴിമതി തടയുക എന്നതായിരുന്നു. നിയമത്തിന്റെ പഴുതുകള്‍ കണ്ടെത്തി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് കോടികള്‍ അടിച്ചുമാറ്റി പോക്കറ്റിലാക്കാം എന്ന് റിസേര്‍ച്ച് ചെയ്ത് നടക്കുന്ന ഉദ്യോഗസ്ഥ വൃന്ദങ്ങളെയും, രാഷ്ട്രീയ മേലാളന്മാരെയും ഭരണ സംവിധാനത്തില്‍ നിന്നും ജനം ആട്ടി പായിച്ച്, ട്വന്റി20 യുടെ മികച്ച ജനസേവകരെ ഭരണം ഏല്‍പ്പിച്ചപ്പോള്‍, ജനങ്ങളുടെ നികുതി പണം ജനങ്ങള്‍ക്ക് തന്നെ തിരികെ ലഭിച്ചു എന്നതാണ് സത്യം.
25 വര്‍ഷം മുന്നില്‍ കണ്ടുള്ള ദീര്‍ഘ വീക്ഷണത്തോടെയുള്ള വികസന പ്രവര്‍ത്തനങ്ങളിലൂടെ, ശാസ്ത്രീയമായി വിഷയങ്ങള്‍ പഠിച്ച് ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്തപ്പോളാണ് 100 ശതമാനം വിജയത്തോടൊപ്പം ജനങ്ങളുടെ വിശ്വാസം നേടാനും, 50 കോടി മിച്ചം പിടിക്കാനും ട്വന്റി20ക്കായത്. ഈ രീതിയില്‍ ട്വന്റി20 മോഡല്‍ ഭരണം കേരളത്തിലെ മറ്റു പഞ്ചായത്തുകളിലും പ്രാവര്‍ത്തികമാക്കിയാല്‍ ഓരോ പഞ്ചായത്തിലും 2 കോടി മുതല്‍ 3 കോടി വരെ മിച്ചം വെക്കാന്‍ സാധിക്കും. എന്നാല്‍ ഇന്ന് ജനങ്ങളുടെ നികുതി പണം അടിച്ചുമാറ്റി പോക്കറ്റിലാക്കുകയാണ് മാറി മാറി ഭരിക്കുന്നവര്‍. അങ്ങനെ നോക്കുമ്പോള്‍, കേരളത്തിലെ 941 പഞ്ചായത്തുകളും, 87 മുനിസിപ്പാലിറ്റികളും, 6 കോര്‍പ്പറേഷനുകളിലും കൂടി അഴിമതി ഭരണത്തിലൂടെ ഏകദേശം 5000 കോടി രൂപയുടെ രാഷ്ട്രീയ കൊള്ള നടക്കുന്നുണ്ട്. നിങ്ങള്‍ ചിന്തിക്കേണ്ടത് ഇവിടെയാണ്, ഈ പണം ഒടുവില്‍ ആരുടെ പോക്കറ്റിലേക്കാണ് പോകുന്നത്? സത്യത്തില്‍, ജനങ്ങളെ കബളിപ്പിച്ച് പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നേതാക്കളും ഓരോ 5 വര്‍ഷത്തിലും ‘ജനസേവന’ത്തിന്റെ മറവില്‍ അടിച്ചുമാറ്റുന്നത് 5000 കോടിയില്‍ അധികമാണെന്ന് പറയാതെ വയ്യ.
















