ഏപ്രില്‍ ഒമ്പതിന് നടക്കുന്ന തിരഞ്ഞെടുപ്പ് ഏതെങ്കിലും ഒരു സര്‍ക്കാരിനെ മാറ്റി പകരം മറ്റൊരു സര്‍ക്കാരിനെ കൊണ്ടുവരുന്നതിനുള്ള ഒരു പ്രക്രീയ മാത്രമല്ല, മറിച്ച് കേരളത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ഒരു തിരഞ്ഞെടുപ്പുകൂടിയാെണന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ പ്രചരണാര്‍ത്ഥം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനത്തില്‍ ആയിരക്കണക്കിന് എന്‍.ഡി.എ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ വേദിയില്‍ പരിചയപ്പെടുത്തിക്കൊണ്ടാണ് ആഭ്യന്തരമന്ത്രി അമിത് ഷാ സദസ്സിനെ അഭിസംബോധന ചെയ്തത്. ഈസ്റ്റര്‍ ദിനമായിട്ടുകൂടി വേദിയില്‍ ഒത്തുകൂടിയ ആയിരങ്ങള്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.

കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി ഇടത്-വലത് മുന്നണികള്‍ കേരളത്തെ മാറിമാറി ഭരിച്ചു. അഴിമതിയില്‍ ഇരുകൂട്ടരും മുമ്പന്തിയില്‍ ആണ് എന്നത് മാത്രമാണ് പ്രത്യേകത. കേരളത്തെ വികസന പാതയില്‍ മുന്നോട്ട് നയിക്കാന്‍ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ ഈ കേരളത്തില്‍ ഉണ്ടാവേണ്ടതുണ്ട്. രാജ്യത്തെ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ കഴിവുള്ള, ബുദ്ധിയുള്ള ആളുകളുണ്ട്. എന്നാല്‍ തൊഴിലിനായി മറ്റ് സംസ്ഥാനങ്ങളെയും ഗള്‍ഫ് രാജ്യങ്ങളെയും ആശ്രയിക്കേണ്ട സാഹചര്യമാണ് കേരളത്തിലെ ജനതയ്ക്കുള്ളത്. കേരളത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അവരുടെ ബുദ്ധിയും കഴിവും ഈ നാട്ടില്‍തന്നെ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സുന്ദര സുരഭില കേരളമാണ് എന്‍.ഡി.എയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ എല്‍.ഡി.എഫ് മുന്നണി നയിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് ലോകത്തുടനീളം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മറുവശത്ത് യു.ഡി.എഫിനെ നയിക്കുന്ന കോണ്‍ഗ്രസ് വിരലില്‍ എണ്ണാവുന്ന ഏതാനും സംസ്ഥാനങ്ങളില്‍ ഒതുങ്ങിയിരിക്കുന്നു. 2014ലെ പൊതു തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ കേരളത്തിലെ വോട്ട് വിഹിതം 14 ശതമാനം ആയിരുന്നുവെങ്കില്‍ 2019ല്‍ ഇത് 16 ശതമാനവും 2024ല്‍ അത് 20 ശതമാനമായും ഉയര്‍ന്നിരിക്കുന്നു. ഇനി വരാനിരിക്കുന്നത് കേരളം എന്‍.ഡി.എ ഭരിക്കുന്നതിനുള്ള തിരഞ്ഞെടുപ്പാണ്.
എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും അഴിമതിക്ക് എതിരെ ശബ്ദിക്കാന്‍ സാബു ജേക്കബ് എന്ന സാധാരണക്കാരന് ഒരു പാര്‍ട്ടിയുടെ പിന്‍ബലം വേണ്ടിവന്നു. അങ്ങനെ രൂപംകൊണ്ട പാര്‍ട്ടിയാണ് ട്വന്റി20. എന്‍.ഡി.എ മുന്നണിയിലേയ്ക്ക് സാബു ജേക്കബിനെ ഒരിക്കല്‍കൂടി സ്വാഗതം ചെയ്യുന്നു. ഈ ഇസ്റ്റര്‍ ദിനത്തില്‍ മുഴുവന്‍ മലയാളികള്‍ക്കു ഈസ്റ്റര്‍ ആശംസിക്കുന്നതിനൊപ്പം കേരളത്തിലെ കൃസ്തീയ സമൂഹം ഇനി ഒരു മാറ്റത്തിന് സമയമായത് തിരിച്ചറിഞ്ഞ് എന്‍.ഡി.എയ്ക്ക് ഒപ്പം അണിനിരക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കൊച്ചിയുടെ വികസനത്തിനായി 2000 കോടി രൂപയുടെ സ്മാര്‍ട്ട് സിറ്റി വികസന പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കൊച്ചി മെട്രോ രണ്ടാം ഘട്ട വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് 275 കോടി രൂപയാണ്. ഒപ്പം 600 കോടി രൂപയുടെ ലോണ്‍ ഗ്യാരന്റിയും കേന്ദ്ര സര്‍ക്കാര്‍ നല്‍കി.
എല്ലാവര്‍ക്കും തുല്യ പ്രാധാന്യം നല്‍കുകയാണ് ബി.ജെ.പിയുടെ വിചാരധാര. ആരോടും മതവര്‍ഗീയ പ്രീണനം ബി.ജെ.പിക്ക് ഇല്ല. ദേശവിരുദ്ധ ശക്തിയായി വിളര്‍ന്ന പോപ്പുലര്‍ ഫ്രണ്ടിന് എതിരെ ഒറ്റ ദിവസംകൊണ്ട് നടപടി സ്വീകരിക്കുവാനുള്ള നിശ്ചയദാര്‍ഢ്യം ബി.ജെ.പി കാണിച്ചു. വഖഫ് അമന്‍മെന്റ് ബില്ല് നടപ്പിലാക്കിയതും ഇതേ ബി.ജെ.പി തന്നെ. എറണാകുളം ജില്ലയിലെ മുനമ്പത്തെ നാനൂറ് ഏക്കര്‍ ജനവാസ ഭൂമിയിലാണ് വഖഫ് മുമ്പ് അവകാശവാദം ഉന്നയിച്ചത്. എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികള്‍ ഈ വിഷയത്തില്‍ മൗനം പാലിച്ചപ്പോള്‍, ആ ജനതയ്ക്കുവേണ്ടി വഖഫ് നിയമം ബിജെപി ഭേതഗതി ചെയ്തു. ഒരു നാണയത്തിന്റെ ഇരു വശങ്ങളായ എല്‍.ഡി.എഫും യു.ഡി.എഫം കേരളത്തിന് പുറത്തുള്ള സംസ്ഥനങ്ങളില്‍ ഒരുമിച്ചാണ് മത്സരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇവര്‍ രണ്ട് മുന്നണികളായി മത്സരിച്ച് നമ്മെ പറ്റിക്കുകയാണ്. രാഹുല്‍ ഗാന്ധിയും പിണറായി വിജയനും ബി.ജെ.പിയെ ബി ടീം ആയാണ് മുദ്രകുത്തുന്നത്. എന്നാല്‍ കേരളത്തിലെ എ ടീം ആണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ എന്ന് ഇവരെ നാം ഓര്‍മിപ്പിക്കുകയാണ്.
ഇന്ത്യയില്‍ മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചു. അതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ഒരു സ്റ്റാര്‍ട്ട്-അപ് ആരംഭിച്ചു ‘പേര് മാറ്റല്‍ സ്റ്റാര്‍ട്ടപ്പ്’. മോദിജി പ്രഖ്യാപിക്കുകയും ഫണ്ട് നല്‍കുകയും ചെയ്യുന്ന നിരവധിയായ പദ്ധതികളുടെ പേര് മാറ്റി ഫണ്ട് അടിച്ചുമാറ്റുകയാണ് പിണറായി വിജയന്‍ ചെയ്തുപോരുന്നത്. മോദി സാധാരണക്കാര്‍ക്ക് അനുവദിച്ചുനല്‍കുന്ന അരി, പാര്‍പ്പിട പദ്ധതികള്‍, ദേശിയ പാത പദ്ധതി തുടങ്ങിയവ സ്വന്തം പേരിലാക്കി പോസ്റ്റര്‍ അടിച്ചിറക്കുകയാണ് പിണറായി വിജയന്‍. ആയിരക്കണക്കിന് കോടി രൂപയുടെ ദേശിയ ആരോഗ്യ പദ്ധതി മാത്രമാണ് ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിന് സ്വന്തം പേരിലേയ്ക്ക് മാറ്റാന്‍ കഴിയാതെപോയ കേന്ദ്ര പദ്ധതി. ഈ പറ്റിക്കല്‍ കേരളം തിരിച്ചറിഞ്ഞുകഴിഞ്ഞു. ശബരിമലയിലെ സ്വര്‍ണം കട്ടവരെ ജയിലില്‍ അടയ്ക്കണമോ എന്നത് കേരള ജനത തീരുമാനിക്കണം. ഏപ്രില്‍ ഒമ്പതിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സര്‍ക്കാരിനെ നിങ്ങള്‍ അധികാരത്തില്‍ എത്തിച്ചാല്‍ കേരള ജനതയുടെ ഈ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും. അധികാരത്തിലെത്തി രണ്ട് മാസത്തിനുള്ളില്‍ എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും കള്ളന്മാരെ ജയിലില്‍ അടയ്ക്കുമെന്ന് ഉറപ്പ് നല്‍കുന്നു.
രാഹുല്‍ ഗാന്ധിയെപ്പോലെ നുണപറയുന്ന ഒരു വ്യക്തിയെ ജീവിതത്തില്‍ കണ്ടിട്ടില്ല. പെട്രോള്‍ വില കേന്ദ്രം വര്‍ധിപ്പിച്ചുവെന്നാണ് അദ്ദേഹം കേരളത്തില്‍ പ്രസംഗിച്ചത്. പെട്രോള്‍ വില വര്‍ധിച്ചു എന്നത് ശരിയാണ്. അത് കേരളത്തിലല്ല, അങ്ങ് പാക്കിസ്ഥാനിലാണ്. പാക്കിസ്ഥാനില്‍ വില വര്‍ധിപ്പിക്കുന്നത് നരേന്ദ്ര മോദി അല്ലെന്ന് രാഹുല്‍ തിരിച്ചറിയണം. പല രാജ്യങ്ങളിലും ഇന്ധനക്ഷാമം നേരിടുമ്പോള്‍ ഭാരതം സുരക്ഷിതമായി തുടരുന്നു.
കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായം ഉടന്‍ നടപ്പിലാക്കുമെന്ന് ഇതിനോടകം എന്‍.ഡി.എ പ്രഖ്യാപിച്ചുകഴിഞ്ഞു. രണ്ട് വര്‍ഷത്തിനകം കേരളത്തില്‍ എയിംസ് പ്രവര്‍ത്തനമാരംഭിക്കും. ഓണത്തിനും ക്രിസ്തുമസ്സിനും എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും ഓരോ ഗ്യാസ് സിലിണ്ടര്‍ സൗജന്യമായി നല്‍കും. ശബരിമല സ്വര്‍ണക്കൊള്ള സി.ബി.ഐ അന്വേഷിക്കും. ഓരോ കുടുംബത്തിനും പ്രതിമാസം 20000 ലിറ്റര്‍ സൗജന്യ കുടിവെള്ളം. തിരുവനന്തപുരത്തെ ഐ.റ്റി ഹബ്ബാക്കി മാറ്റും. കൊല്ലത്തിനെ ബ്ലൂ എക്കോണമി ഹബ്ബായും കോഴിക്കോടിനെ ഹെല്‍ത്ത് കെയര്‍ ഹബ്ബായും തൃശ്ശൂരിനെ സംസ്‌കാരിക ഹബ്ബായും മാറ്റുന്നതിനൊപ്പം കണ്ണൂരിനെ പ്രതിരോധ മേഖലയുടെ ഹബ്ബായും മാറ്റുന്നതിനും എന്‍.ഡി.എ തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ വരുന്ന തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആബേല്‍ അച്ചന്‍ ഈണം പകര്‍ന്ന ക്രിസ്തീയ ഗാനം മൂളിക്കൊണ്ടാണ് കുന്നത്തുനാട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ സദസ്സിനെ അഭിസംബോധന ചെയ്തത്. തന്നെ തെരുവില്‍ നിന്നും കണ്ടെടുത്ത് കുന്നത്തുനാടിന്റെ മണ്ണില്‍ കാലുറപ്പിച്ചു നിര്‍ത്തിയ ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ് ദൈവപുത്രനായ യേശു ക്രിസ്തുവിന്റെ ആശയങ്ങളെ അപ്പാടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന, തിരഞ്ഞെടുക്കപ്പെട്ടവനാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം മാറി ചിന്തിക്കുകയാണ്. ജനം തിരിച്ചറിവിന്റെ പാതയിലാണ്. ഈസ്റ്റര്‍ ദിനത്തില്‍ തടിച്ചുകൂടിയ ഈ ജനസാഗരം അതിന് സാക്ഷ്യമാണ്. വികസിത കേരളം സാധ്യമാക്കുന്നതിന് നടപ്പിലാക്കേണ്ട പദ്ധതികള്‍ അടങ്ങിയ പ്രകടന പത്രിക അവതരിപ്പിച്ചുകൊണ്ടാണ് എന്‍.ഡി.എ ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ട്വന്റി20 എന്ന മഹാപ്രസ്ഥാനം കേരളത്തിന്റെ നെറുകയില്‍ കിഴക്കമ്പലം മോഡല്‍ വികസന മാതൃക വരച്ചിട്ടു. ഇത് പിന്നീട് മറ്റ് പഞ്ചായത്തുകളിലേയ്ക്കും വ്യാപിച്ചു. ഇന്ന് കേരളമൊട്ടാകെ എന്‍.ഡി.എയുടെ പിന്തുണയോടെ ഈ കിഴക്കമ്പലം മോഡല്‍ വ്യാപിക്കാനൊരുങ്ങുന്നു. ലോകാരാധ്യക്ഷനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സാബു ജേക്കബ് കൈ കൊടുത്തപ്പോള്‍ അപവാദ പ്രചരണങ്ങള്‍ പലതും ഉയര്‍ന്നു. ആ ആരോപണങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞ് നമുക്ക് മുന്നോട്ട് പോകാം. കാരണം, സാബു ജേക്കബ് പറയാറുള്ളതുപോലെ, ഈ ഒരുമിക്കല്‍ നമുക്ക് വേണ്ടി മാത്രമല്ല. നമ്മുടെ കുട്ടികളു െഭാവി സുരക്ഷിതമാക്കുന്നതിനുള്ള വികസന പദ്ധതികളെ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യവും ഒത്തുചേര്‍ന്നതാണ്. ഈ ലക്ഷ്യത്തിനായി ഏവരും തങ്ങളുടെ സമ്മതിദാന അവകാശം ചക്ക അടയാളത്തില്‍ രേഖപ്പെടുത്തണമെന്നും ബാബു ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.
എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റാല്‍ കേരളത്തിലെ മുഴുവന്‍ വീട്ടമ്മമാര്‍ക്കും പ്രതിമാസം 2500 രൂപ നിരക്കില്‍ പ്രതിവര്‍ഷം 30000 രൂപ ലഭിക്കുന്ന ധന സഹായ പദ്ധതി നടപ്പിലാക്കുമെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ് പറഞ്ഞു. 50 ശതമാനംവരെ വൈദ്യുതി സബ്സിഡി ഉറപ്പാക്കും. ഓരോ കുടുംബത്തിനും പ്രതിവര്‍ഷം രണ്ട് സിലിണ്ടറുകള്‍ വീതം സൗജന്യമായി നല്‍കും. തൊഴിലില്ലായ്മയില്‍ വലയുന്ന കേരളത്തിലെ യുവതലമുറയെ സംരക്ഷിക്കുന്നതിനായി സംരംഭകരായ തൊഴില്‍ ദാതാക്കള്‍ക്ക് തൊഴിലാളിക്ക് ഒരു ലക്ഷം എന്ന രീതിയില്‍ സാമ്പത്തിക പിന്തുണ നല്‍കികൊണ്ട് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരുപത് ലക്ഷം തൊഴില്‍ സൃഷ്ടിക്കും. 70 കഴിഞ്ഞവര്‍, വിധവകള്‍, ഗൃഹനാഥകള്‍ എന്നിവര്‍ക്ക് 3000 രൂപ സാമൂഹിക പെന്‍ഷന്‍ ഉറപ്പാക്കും. കിഴക്കമ്പലം മോഡല്‍ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് വ്യാപിപ്പിക്കും. 116 കോളനികളിലായി 280 കോടി രൂപയുടെ പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കും. കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ കമ്മീഷന്‍ ഇല്ലാതെയുള്ള കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അങ്കമാലി കുണ്ടന്നൂര്‍ പാത 9500 കോടി രൂപ മുതല്‍മുടക്കില്‍ എട്ട് വരിയാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇന്ന് ട്വന്റി20 ഒറ്റയ്ക്കല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങി എന്‍.ഡി.എയുടെ മുതിര്‍ന്ന നേതാക്കളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പിന്തുണ ഇന്ന് ട്വന്റി20ക്ക് ഒപ്പമുണ്ട്. ഈ പിന്‍ബലത്തില്‍ 5000 കോടി രൂപയുടെ പാക്കേജ് കുന്നത്തുനാടിന് വേണ്ടി നടപ്പിലാക്കും. ഇതുവഴി കുന്നത്തുനാടിനെ ലോകത്തിനുതന്നെ ഒരു മാതൃകാ മണ്ഡലമാക്കി മാറ്റും. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കണ്ണുനീര് വീഴാത്ത ഒരു നാടായി ഈ കുന്നത്തുനാടിനെ മാറ്റാന്‍ ഏവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുകയാണെന്നും സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു.
ഭാരതത്തിന്റെ ഉരുക്കു മനുഷ്യന്‍ അമിത് ഷായുടെ ആഗമനം ഒരു നിമിത്തമാണെന്നും കുന്നത്തുനാട് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണെന്നും ട്വന്റി20 വൈസ് പ്രസിഡന്റ് ഗോപകുമാര്‍ പറഞ്ഞു. 2021ലെ തിരഞ്ഞെടുപ്പില്‍ എട്ട് നിയോജകമണ്ഡലങ്ങളില്‍ മാത്രം മത്സരിച്ചിരുന്ന ട്വന്റി20 ഇന്ന് എന്‍.ഡി.എയ്ക്ക് ഒപ്പം ചേര്‍ന്നപ്പോള്‍ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ മുതല്‍ കൊല്ലം പുനലൂര്‍വരെ 19 ഇടങ്ങളില്‍ മത്സരിക്കുന്നു എന്നത് ട്വന്റി20യുടെ വളര്‍ച്ച വ്യക്തമാക്കുന്നു.
കുന്നത്തുനാടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി, മണ്ഡലത്തിലെ മറ്റ് സ്ഥാനാര്‍ത്ഥികളില്‍നിന്നും എല്ലാ രീതിയിലും വ്യത്യസ്തനാണ്. വിശപ്പിന്റെ വില അറിയുന്ന, കയറിക്കിടക്കാന്‍ സ്വന്തമായി ഒരു വീട് ഇല്ലാത്തതിനാല്‍ പാര്‍പ്പിടത്തിന്റെ വില അറിയുന്ന അദ്ദേഹം കോടീശ്വരന്മാരായ എതിരാളികളെയാണ് ഈ തിരഞ്ഞെടുപ്പില്‍ നേരിടുന്നത്. മുപ്പത്തഞ്ചു വര്‍ഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള ബാബു ദിവാകരന്‍ സ്വന്തമായി ഒന്നും ഇതുവരെ സമ്പാദിച്ചിട്ടില്ലാ എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ മഹത്വം. അങ്ങനെയുള്ള ഒരു സ്ഥാനാര്‍ത്ഥിയെ ലഭിച്ചതുതന്നെ കുന്നത്തുനാടിന്റെ ഭാഗ്യമാണെന്നും, ഈ നാടിനുവേണ്ടി, ജനങ്ങള്‍ക്കുവേണ്ടി യാതൊരു ലാഭേച്ഛയുമില്ലാതെ അദ്ദേഹം പ്രവര്‍ത്തിക്കും എന്നതില്‍ ഉറപ്പു നല്‍കുന്നതായും ഗോപകുമാര്‍ പറഞ്ഞു.
കേരളം എന്‍.ഡി.എയ്ക്ക് അനുകൂലമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ക്രൈസ്തവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട പുണ്യദിനമായ ഈസ്റ്റര്‍ ദിനത്തില്‍ ഈ പൊരിവെയിലത്ത് അണിനിരന്നിരിക്കുന്ന ജനസാഗരം ആ രാഷ്ട്രീയ മാറ്റം വ്യക്തമാക്കുന്നു. കഴിഞ്ഞ 45 ദിവസത്തിനിടയില്‍ നിരവധി ആളുകള്‍ എന്‍.ഡി.എയ്ക്ക് ഒപ്പം അണിനിരന്നു എന്നത് ഈ മാറ്റം അടിവരയിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര മന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ്മ, നെഹ്രു യുവകേന്ദ്ര വൈസ് ചെയര്‍മാന്‍ കൃഷ്ണവര്‍ധന്‍ റെഡ്ഡി, ട്വന്റി20 ചെയര്‍മാന്‍ ബോബി ജേക്കബ്, വിവിധ എന്‍.ഡി.എ ഘടകകക്ഷി നേതാക്കന്മാര്‍, വിവിധ മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.













