Home Kunnathunad ഒടുവില്‍ പള്ളിക്കര ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഉയര്‍ന്നു: ഇത് ട്വൻ്റി 20യുടെ ഇച്ഛാശക്തിയുടെ വിജയം

ഒടുവില്‍ പള്ളിക്കര ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഉയര്‍ന്നു: ഇത് ട്വൻ്റി 20യുടെ ഇച്ഛാശക്തിയുടെ വിജയം

250
0

കുന്നത്തുനാട്: കുന്നത്തുനാട് പഞ്ചായത്ത് ഓഫിസിന് മുന്നിലെ പള്ളിക്കര ജംക്ഷനില്‍ ബസ് കാത്തുനില്‍ക്കാന്‍ സുരക്ഷിതമായ ഒരു വിശ്രമ കേന്ദ്രമില്ലാതെ ദുരിതമനുഭവിച്ച നാട്ടുകാരുടെ ദീര്‍ഘകാല സ്വപ്‌നം വര്‍ഷങ്ങള്‍ക്കിപ്പുറം ട്വൻ്റി 20യിലൂടെ പൂവണിഞ്ഞു. ഇനി വെയിലും മഴയും ഏല്‍ക്കാതെ യാത്രികര്‍ക്ക് സുരക്ഷിതമായി ബസ് കാത്തിരിക്കാം. പത്തും ഇരുപതും ലക്ഷം രൂപ നിര്‍മാണ ചിലവില്‍ അഴിമതിയുടെ സ്മാരകങ്ങളായി നിലവാരമില്ലാത്ത ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ ജനങ്ങളെനോക്കി പല്ലിളിക്കുന്ന ഈ കാലത്താണ് വെറും 89,000 രൂപയ്ക്ക് ട്വൻ്റി 20 മികച്ച നിലവാരത്തില്‍ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം യാഥാര്‍ത്ഥ്യമാക്കിയത്. ഈ നേട്ടം വെറുമൊരു നിര്‍മ്മാണമല്ല, ട്വൻ്റി 20 എന്ന ജനകീയ പ്രസ്ഥാനത്തിന്റെ ഇച്ഛാശക്തിയുടെയും അഴിമതിരഹിത ഭരണത്തിന്റെയും ഉജ്ജ്വല പ്രതീകം കൂടിയാണ്.

ഇംപോര്‍ട്ടഡ് റൂഫിങ് ഷീറ്റ്, പൗഡര്‍ കോട്ടിങ്ങോടു കൂടിയ ഉയര്‍ന്ന നിലവാരമുള്ള ഇരുമ്പ് തൂണുകള്‍, രാജസ്ഥാന്‍ നാച്ചുറല്‍ സ്റ്റോണ്‍ ഫ്‌ലോറിങ്, ഉയര്‍ന്ന ഗ്രേഡ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സീറ്റിങ് എന്നിങ്ങനെ മികച്ച നിലവാരത്തില്‍ ഒരുക്കിയിരിക്കുന്ന ഈ കേന്ദ്രം, ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ലെന്ന് വ്യക്തമാക്കുന്നു.

ട്വൻ്റി 20 പ്രസിഡന്റ് സാബു എം. ജേക്കബ് വ്യക്തമാക്കിയതുപോലെ: ‘അഴിമതിയും കൊള്ളയും ഇല്ലാതാക്കിയാല്‍ ജനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം. അഞ്ചും പത്തും ലക്ഷം രൂപയുടെ പേരില്‍ ഖജനാവ് ചോര്‍ത്തുന്ന ഇടതു വലതു മുന്നണികള്‍ക്കുള്ള ശക്തമായ മറുപടിയാണ് 89,000 രൂപയുടെ ഈ നിര്‍മ്മിതി.

ഈ ജനകീയ വികസനത്തിന് ഏറ്റവും വലിയ തടസ്സമായി നിന്നത് വര്‍ഷങ്ങളോളം ഈ ദുരിതം കണ്ടിട്ടും ഒരു പരിഹാരം കാണാതിരുന്ന, പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളായ സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കളും ഉദ്യോഗസ്ഥരുമായിരുന്നു. ‘ഞങ്ങള്‍ക്ക് സമരം ചെയ്യാനുള്ള സ്ഥലമാണത്, എന്നതായിരുന്നു ഇക്കൂട്ടരുടെ വിചിത്രമായ വാദം. ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങളെ പോലും തങ്ങളുടെ രാഷ്ട്രീയ ‘സമര’ങ്ങള്‍ക്ക് വേണ്ടി തടസ്സപ്പെടുത്താന്‍ ശ്രമിച്ച, അധികാരത്തിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ ഈ നിലപാടിനെ നാട്ടുകാര്‍ തള്ളിക്കളഞ്ഞു. പിന്നാലെ, ഈ നീചമായ തടസ്സവാദങ്ങളെ വകവയ്ക്കാതെ ട്വൻ്റി 20 നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്തു.

എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ത്തെറിഞ്ഞ്, വെയിറ്റിങ് ഷെഡിന്റെ ജനകീയ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ഡേവീസ് നിര്‍വഹിച്ചു. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ കൊള്ളയും അഴിമതിയും രാഷ്ട്രീയ തടസ്സവാദങ്ങളും ഇനി വിലപ്പോകില്ലെന്ന് ട്വൻ്റി 20 ഈ വിജയത്തിലൂടെ തെളിയിച്ചിരിക്കുന്നു. കൊള്ളയുടെ കാലം കഴിഞ്ഞു! ജനങ്ങളുടെ പണം ജനങ്ങള്‍ക്ക് വേണ്ടി മാത്രമെന്ന് ട്വൻ്റി 20 തങ്ങളുടെ പ്രവര്‍ത്തിയിലൂടെ വീണ്ടും വീണ്ടും തെളിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here