Home Election News ടന്റി20ക്ക് എതിരെ വ്യാജ വാര്‍ത്ത: റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

ടന്റി20ക്ക് എതിരെ വ്യാജ വാര്‍ത്ത: റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

42
0

ട്വന്റി20-എന്‍.ഡി.എ സഖ്യത്തിന് പിന്നാലെ കിറ്റക്‌സ് ഗാര്‍മെന്റ്‌സ് കമ്പനിയുമായി ബന്ധപ്പെടുത്തി റിപ്പോര്‍ട്ടര്‍ ചാനല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് കമ്പനി മാനേജിങ് ഡയറക്ടറും ട്വന്റി20 പാര്‍ട്ടി പ്രസിഡന്റുമായ സാബു എം. ജേക്കബ്.

കമ്പനിയുടെ ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ അന്വേഷണ നിഴലില്‍ എത്തിയതിനാലാണ് എന്‍.ഡി.എയുമായി ട്വന്റി20 സഖ്യത്തിന് തയ്യാറായത് എന്നായിരുന്നു റിപ്പോര്‍ട്ടര്‍ ചാലനിന്റെ വ്യാജ വാര്‍ത്ത. കഴിഞ്ഞ 33 വര്‍ഷമായി നടക്കുന്ന കമ്പനിയുടെ ഓഡിറ്റിങ്ങില്‍ ഇതുവരെ അപാകതകള്‍ സംഭവിച്ചായി ഒരു ഏജന്‍സികള്‍ക്കും കണ്ടെത്താന്‍ സാധിക്കുകയോ ഒരു പരാതി ഉന്നയിക്കപ്പെടുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനത്തിന് വഴങ്ങി കമ്പനിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ചില ചാനലുകള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.

കമ്പനിയുടെ പേരില്‍ സാബു എം. ജേക്കബിന് ഇ.ഡി സമന്‍സ് അയച്ചതായും ഈ ഭീഷണിക്ക് വഴങ്ങിയല്ലേ നിങ്ങള്‍ എന്‍.ഡി.എയുമായി സഖ്യത്തിന് തയ്യാറായതെന്നും ആരാഞ്ഞുകൊണ്ട് റിപ്പോര്‍ട്ടര്‍ ചാനലിലെ ഒരു റിപ്പോര്‍ട്ടര്‍ കഴിഞ്ഞ ദിവസം തന്നെ ഫോണില്‍ ബന്ധപ്പെട്ടതായി സാബു എം. ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ ഫോണ്‍ സംഭാഷണം നടക്കുന്ന നിമിഷംവരെ തനിക്ക് ഇത്തരത്തില്‍ ഒരു സമന്‍സ് ലഭിച്ചിരുന്നില്ല. എങ്കിലും ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ കമ്പനിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഇ.ഡി ആവശ്യപ്പെട്ടിരുന്നതായി അറിഞ്ഞു. കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ എന്ന നിലയ്ക്ക് സാബു എം. ജേക്കബിന്റെ പേരിലാണ് ഇത്തരത്തിലുള്ള നോട്ടീസുകള്‍ കാലാകാലങ്ങളായി വിവിധ ഏജന്‍സികള്‍ അയച്ചുവരുന്നത്. ഏതൊരു കമ്പനിയുടെ കാര്യത്തിലും അതാത് കമ്പനികളുടെ മാനേജിങ് ഡയറക്ടറുടെ പേരില്‍ നോട്ടീസ് അയക്കുന്നതാണ് പതിവ്.

ഈ വിഷയത്തില്‍ ഇ.ഡി ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കുകയും ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവാദിത്തപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റ് മറുപടി നല്‍കുകയും ചെയ്തിട്ടുള്ളതാണ്. ഒരു കമ്പനിയെ സംബന്ധിച്ച് അതിന്റെ പ്രവര്‍ത്തന കാലത്ത് ഇത് ഒരു സാധാരണ നടപടിക്രമം മാത്രമാണ്.

വിദേശ ധനവിനിമയം സുതാര്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് കേരളത്തിലെ നൂറിലധികം കമ്പനികള്‍ക്കും ഇന്ത്യയിലെ 1000ല്‍ അധികം കമ്പനികള്‍ക്കും ഇ.ഡി ഇത്തരത്തില്‍ നോട്ടീസ് അയച്ചിട്ടുള്ളതാണ്. ഇ.ഡിയുമായി ബന്ധപ്പെട്ട കിറ്റക്‌സിന്റെ ഈ നടപടിക്രമങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് അവസാനിച്ചെന്നിരിക്കെ, ഇക്കാര്യങ്ങള്‍ മറച്ചുവെച്ചുകൊണ്ടാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്.

2016ല്‍ ഒരു ഡോക്യുമെന്റുതന്നെ വിവിധ ബാങ്കുകളില്‍ ഹാജരാക്കി കോടികള്‍ തട്ടിയ, സര്‍ക്കാരിന്റെ വനഭൂമി കൊള്ളയടിച്ച് മരങ്ങള്‍ വെട്ടിവിറ്റ് കോടികള്‍ സമ്പാദിച്ച, തട്ടിപ്പുകേസില്‍ മാസങ്ങളോളം ജയിലില്‍ കിടന്ന, മെസ്സിയെ കൊണ്ടുവരുമെന്ന് പറഞ്ഞ് കേരളത്തിലെ ജനങ്ങളെ വഞ്ചിച്ച ഒരു മാനേജുമെന്റിന് കീഴിലുള്ള റിപ്പോര്‍ട്ടര്‍ ചാനലിന്റെ റിപ്പോര്‍ട്ടറാണ് ഇ.ഡി സാബു എം. ജേക്കബിനെ അങ്ങ് ശരിയാക്കികളയുമെന്ന് പറയുന്നത്. ഈ റിപ്പോര്‍ട്ടര്‍ ഈ ചോദ്യം അദ്ദേഹത്തിന്റെ ചാനലിന്റെ ഉടമയോടാണ് യഥാര്‍ത്തത്തില്‍ ചോദിക്കേണ്ടത്. ഒരിക്കല്‍ പിണറായി വിജയന്‍ പറഞ്ഞതുപോലെ, മടിയില്‍ കനമുള്ളവനെ ഭയക്കേണ്ടതുള്ളു. ഇവിടെ മടിയില്‍ കനമുള്ളതും ഭയക്കേണ്ടതും ഈ ചാനല്‍ ഉടമയാണ്. അതുകൊണ്ട് ഈ വിഷയത്തെ നിസ്സാരമായികണ്ട് തള്ളിക്കളയാന്‍ ഞങ്ങള്‍ തയ്യാറല്ല. റിപ്പോര്‍ട്ടര്‍ ചാനലിന് എതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയക്കാനും, വ്യാജ വാര്‍ത്തയ്ക്ക് എതിരെ ടെലികോം മന്ത്രാലയത്തിന് പരാതി നല്‍കാനും ഞങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞു. കൂടാതെ, ഇത്തരം വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ഇ.ഡിയിലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

നിരപരാധികളായ ആളുകള്‍ക്ക് എതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച്, ഭീഷണിപ്പെടുത്തി പണം തട്ടുന്ന ചാനലാണ് റിപ്പോര്‍ട്ടര്‍. ഇനി അത് ആവര്‍ത്തിക്കാന്‍ പാടില്ല. അതിനായി ആരെങ്കിലും ഇറങ്ങിത്തിരിക്കേണ്ടത് ആവശ്യമായിരിക്കുകയാണ്. 41 കേസുകളുള്ള ഒരാള്‍, ഈ നാട്ടിലെ ജനങ്ങളെ മുഴുവന്‍ വഞ്ചിച്ച ഒരാള്‍ ഇപ്പോള്‍ ഭരണകക്ഷിക്ക് വേണ്ടി തന്റെ ചാനലിലൂടെ ഒശാന പാടുന്ന കാഴ്ചയാണ് നാം കാണുന്നത്. എന്തുകൊണ്ടാണ് അയാള്‍ക്ക് എതിരായ അന്വേഷണം സര്‍ക്കാര്‍ പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത്. എന്തുകൊണ്ട് സര്‍ക്കാര്‍ ഇതിനൊരു ഉത്സാഹം കാണിക്കുക്കില്ല. അതിന് കാരണം, ഈ ഇടതുപക്ഷ സര്‍ക്കാരും റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകളുമായുള്ള രഹസ്യ ധാരണകളാണ് ഇതിന് കാരണം. അതുകൊണ്ട് ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ പൊതുജനം തിരിച്ചറിയണം. അവരെ നിലയ്ക്ക് നിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും പത്ര സമ്മേളനത്തില്‍ സാബു. എം ജേക്കബ് കൂട്ടിച്ചേര്‍ത്തു.

ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ മാധ്യമങ്ങള്‍ അത് തെളിയിക്കാന്‍ തയ്യാറാകണം. എന്‍.ഡി.എ സഖ്യത്തിന്റെ പേരില്‍ ഞാന്‍ ഇത് പൂഴ്തുമെന്നാണ് നിങ്ങള്‍ വാദിക്കുന്നതെങ്കില്‍ ഇവിടെ കോടതി ഉണ്ടല്ലോ. എല്ലാ ഡോക്യുമെന്റ്‌സും നിങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്ക്. കോടതിയെ തടയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ?. കോടതി എന്‍.ഡി.എയ്ക്ക് മുകളിലല്ലല്ലോ?.

ഞാന്‍ ഒരു ഡോളറിന്റെ ചട്ടലംഘനം നടത്തിയിട്ടുണ്ടെേന്നാ ഏതെങ്കിലും നിയമം ലംഘിച്ചിട്ടുണ്ടെന്നോ നിങ്ങള്‍ തെളിയിക്കൂ. ഞാന്‍ ഈ പരിപാടി ഉപേക്ഷിക്കാം. ആ ധൈര്യം റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയ്ക്കുണ്ടോ?. ഈ ആരോപണം തെറ്റാണെന്ന് തെളിഞ്ഞാന്‍ ചാനല്‍ അടച്ചുപൂട്ടാന്‍ നിങ്ങള്‍ തയ്യാറാണോ?. മുമ്പ് ട്വന്റി20 പഞ്ചായത്ത് പിടിച്ചപ്പോള്‍, പഞ്ചായത്തിന്റെ അധികാരം സാബു ജേക്കബ് ദുര്‍വിനിയോഗം ചെയ്യുന്നുവെന്നാണ് ചാനലുകള്‍ പ്രചരിപ്പിച്ചത്. ഒരു രൂപയുടെ ദുര്‍വിനിയോഗം പഞ്ചായത്തുമായി ബന്ധപ്പെട്ട് ഞാന്‍ ചെയ്തുവെന്ന് തെളിയിക്കാന്‍ നിങ്ങളെ വെല്ലുവിളിക്കുകയാണ്. 2015ന് ശേഷം ഒരു സ്‌ക്വയര്‍ഫീറ്റ് പോലും കമ്പനി കെട്ടിടം ഞാന്‍ കൂട്ടിയിട്ടില്ല. 2016 മുതല്‍ 2021വരെ ഒരു സഖപാഠിയെപ്പോലെ പിണറായി വിജയനൊപ്പം നടന്നയാളാണ് ഞാന്‍. ആ കാലത്ത് എനിക്ക് എന്തെല്ലാം നേടാമായിരുന്നു. ആ ബന്ധത്തിന്റെ പേരില്‍ ഒരു കപ്പലണ്ടിപോലും ഞാന്‍ വാങ്ങി കഴിച്ചിട്ടില്ല.

തനിക്കെതിരെ നിയമലംഘനം നടത്തിയെന്ന കേസ് ഇ.ഡിയുടെ കയ്യിലുണ്ടെന്ന് തെളയിച്ചാല്‍ 100 കോടി രൂപ പാരിദോഷികം നല്‍കാമെന്നും അദ്ദേഹം മാധ്യമങ്ങളെ വെല്ലുവിളിച്ചു. എന്ത് രേഖയുടെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഈ വാര്‍ത്ത പ്രചരിപ്പിച്ചത്. എന്റെ പേരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ കോപ്പി നിങ്ങളുടെ കൈവശമുണ്ടോ?. കഴിഞ്ഞവര്‍ഷം മെയില്‍ നടന്ന സംഭവത്തില്‍ താന്‍ കുറ്റക്കാരനെങ്കില്‍ തന്നെ ഇ.ഡി അറസ്റ്റ് ചെയ്യേണ്ടതല്ലേ. അന്ന് ട്വന്റി20-എന്‍.ഡി.എ സഖ്യം ഉണ്ടായിരുന്നില്ലല്ലോ?. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മുതലാളിക്ക് ഇ.ഡി നോട്ടീസ് അയച്ചിട്ടില്ലേ?. ഞാന്‍ പറയുന്നകാര്യങ്ങള്‍ തെളിയിക്കാന്‍ കഴിയുന്ന രേഖകള്‍ എന്റെ കൈവശമുണ്ട്. അതുപോലെ ആരോപണം തെളിയിക്കാനുള്ള രേഖകള്‍ കൈവശമുണ്ടെങ്കില്‍ വക്കീല്‍ നോട്ടീസ് കിട്ടിയശേഷം നിങ്ങള്‍ കോടതിയില്‍ ഹാജരാക്കൂവെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിനെ വെല്ലുവിളിച്ചു.

വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണ തത്സമയ വീഡിയോ:

LEAVE A REPLY

Please enter your comment!
Please enter your name here