“ഗ്രാമസ്വരാജ്” — ഗ്രാമങ്ങളാണ് രാജ്യത്തിന്റെ ആത്മാവ്, എന്ന് പറഞ്ഞ മഹാത്മാ ഗാന്ധിയുടെ സ്വപ്നം, കേരളത്തിലെ കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി20 യാഥാർത്ഥ്യമാക്കി. ജനങ്ങളുടെ നന്മയ്ക്കായി, അഴിമതിയില്ലാതെ, ജനപക്ഷ ഭരണസമ്പ്രദായത്തിലൂടെ വികസനത്തിന്റെ എല്ലാ തലങ്ങളിലും മാറ്റം സൃഷ്ടിച്ചുകൊണ്ടാണ് ട്വന്റി20 ഗാന്ധിജിയുടെ ആശയം പ്രാവർത്തികമാക്കിയത്.
മറ്റ് രാക്ഷ്ട്രീയ പാർട്ടികളിൽ നിന്നും 2013 ൽ കിഴക്കമ്പലം പഞ്ചായത്ത് ഭരണം ഏറ്റെടുത്തപ്പോൾ 37 ലക്ഷം രൂപയുടെ കടബാധ്യതയിലായിരുന്നു. ഈ കടബാധ്യതയിൽ നിന്നാണ് ട്വന്റി20യുടെ ഭരണ യാത്ര ആരംഭിക്കുന്നത്. വ്യവസായതോടൊപ്പം എന്റെ നാടും നന്നാകണം എന്ന സാബു ജേക്കബിന്റെ ലക്ഷ്യബോധവും, അഴിമതി രഹിതവും, ശാസ്ത്രീയവുമായ ഭരണ കാഴ്ചപ്പാടുകളും, ഇന്ന് ഈ പഞ്ചായത്തിനെ 32 കോടി രൂപ നീക്കിയിരിപ്പുള്ള രാജ്യത്തെ മികച്ച പഞ്ചായത്താക്കി മാറ്റിയിരിക്കുകയാണ്. ഇതേ വികസന മാതൃകയിലൂടെ ട്വന്റി20 ഭരിച്ച 4 പഞ്ചായത്തുകളിലായി 50 കോടി രൂപ നീക്കിയിരിപ്പും കണ്ടെത്തി. ഈ നേട്ടം, അഴിമതി രഹിത ഭരണത്തിന്റെ ശക്തി ജനങ്ങളിലാണ് എന്ന ഗാന്ധിജിയുടെ തത്വത്തിന്റെ വ്യക്തമായ ഉദാഹരണമാണ്.
ഗ്രാമവികസനത്തിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, തൊഴിൽസാധ്യതകൾ, കാർഷിക വികസനം എന്നിവയെ എല്ലാം ഒരേ നിരയിലാക്കി നീങ്ങുകയാണ് ട്വന്റി20. കുടിവെള്ള പദ്ധതികൾ, ഭക്ഷ്യസുരക്ഷാമാർക്കറ്റുകൾ, ആരോഗ്യ പരിപാലനം, സൗജന്യ ഭക്ഷണക്കിറ്റ് വിതരണങ്ങൾ, ‘ഷീ ജിം’ പോലുള്ള വനിതാ ശാക്തീകരണ പദ്ധതികൾ, ആധുനിക ബസ് സ്റ്റാൻഡുകൾ, ഗുണമേന്മയുള്ള റോഡുകൾ, സാധാരണക്കാരുടെ പ്രാഥമിക ആവശ്യങ്ങൾ കണ്ടുകൊണ്ടുള്ള ഉന്നമന പദ്ധതികൾ, മതവും രാക്ഷ്ട്രീയവും കലരാത്ത സമത്വ ചിന്തയിൽ ഉണരുന്ന വികസന കാഴ്ചപ്പാടുകൾ — എല്ലാം ഗ്രാമസ്വരാജിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന സാമൂഹിക വികസന ചുവടുവയ്പുകളാണ്.
പഞ്ചായത്തിന്റെ എല്ലാ വികസന പ്രവർത്തനങ്ങളിലും രാക്ഷ്ട്രീയഭേദമന്യേ ജനങ്ങളുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി, സുതാര്യമായ രീതിയിലാണ് ട്വന്റി20 ഭരണം നടപ്പിലാക്കിയത്. ഭരണനിരയിൽ നിന്ന് അധികാര രാഷ്ട്രീയം നീക്കി, സേവനത്തിന്റെ രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകുമ്പോൾ ജനങ്ങൾ തന്നെ ഭരണത്തിന്റെ ഭാഗമാകുന്നു — ഇതാണ് ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജിന്റെ യഥാർത്ഥ രൂപം.
ഇന്നത്തെ രാഷ്ട്രീയ രംഗത്ത് അധികാരത്തേക്കാൾ സേവനമാണ് പ്രധാനമെന്ന സന്ദേശം ട്വന്റി20യിലൂടെ പ്രവർത്തികമാക്കിയിരിക്കുന്നു. അഴിമതിയില്ലാത്ത ഭരണം, സുതാര്യത, സാമൂഹിക നീതി, ജനപങ്കാളിത്തം — ഈ നാല് സ്തംഭങ്ങളിലാണ് ഗാന്ധിജിയുടെ ഗ്രാമസ്വരാജ് പുനർജീവിപ്പിച്ച് ട്വന്റി20 കേരളത്തിന് മുന്നിൽ ഒരു ഭരണ മാതൃക തീർത്തിരിക്കുന്നത്. ഗാന്ധിജിയുടെ സ്വപ്നം പുസ്തകത്തിലോ പ്രസംഗത്തിലോ ഒതുങ്ങാതെ സാബു ജേക്കബ് എന്ന വ്യക്തി തന്റെ പ്രായോഗിക ജീവിതത്തിൽ നടപ്പാക്കി കാണിച്ച ജനപക്ഷ ഭരണസംവിധാനമാണ് ട്വന്റി20 മോഡൽ.
















