കൊച്ചി: കിഴക്കമ്പലത്ത് നിര്‍മാണം ആരംഭിച്ച അത്യാധുനിക ബസ് സ്റ്റാന്റിന് എതിരെ നിലപാട് സ്വീകരിച്ച സിപിഎമ്മിനും കുന്നത്തുനാട് എം.എല്‍.എയ്ക്കും ശക്തമായ തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. രാജ്യത്തെ ഭരണ സംവിധാനങ്ങളെ നോക്കുകുത്തിയാക്കാനോ രാഷ്ട്രീയാധികാരം ദുരുപയോഗം ചെയ്യാനോ ആര്‍ക്കും അധികാരമില്ലെന്നും, കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ബസ് സ്റ്റാന്‍ഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നവര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും, നിര്‍മാണ ഉദ്യോഗസ്ഥര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും പോലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ആലുവ റൂറല്‍ എസ്.പി, കുന്നത്തുനാട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ക്ക് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ് നല്‍കിയ ഉത്തരവിലാണ് ഇത് വ്യക്തമാക്കിയത്.
ആധുനിക സൗകര്യങ്ങളോട് കൂടിയ മാതൃക ബസ് സ്റ്റാന്‍ഡില്‍ കിഴക്കമ്പലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുള്ള ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ് നിര്‍മിക്കുകയാണ്. ബസ് കാത്തിരിപ്പ് കേന്ദ്രം, ഹൈജീനിക് ശുചിമുറി, കഫറ്റീരിയയും റസ്റ്റോറന്റും, ഇ-ഫസിലിറ്റേഷന്‍ സെന്റര്‍, വനിതകള്‍ക്കുള്ള ജിംനേഷ്യം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. റെസ്റ്റോറന്റില്‍ സൗജന്യ ഭക്ഷണം നല്‍കുകയും, ഒരേസമയം 48 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ജൂലൈ 4ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചില രാഷ്ട്രീയ നേതാക്കള്‍ ബാരിക്കേഡുകള്‍ നീക്കം ചെയ്ത് അനധികൃതമായി ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിപ്പിക്കുകയും താല്‍ക്കാലിക ഷെഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇൗ നടപടിക്ക് എതിരെ പോലീസിന്റെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടായില്ലെന്നും, വികസനത്തെ ഇല്ലായ്മ ചെയ്യാനുള്ള രാഷ്ട്രീയ നേതാക്കളുടെ ധാര്‍ഷ്ട്യത്തിനാണ് ഹൈക്കോടതി വിധി മറുപടിയായതെന്നും ട്വന്റി 20 പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു.
ഹൈക്കോടതിയുടെ നിരീക്ഷണം
ഭരണഘടനയും നിയമ സംവിധാനവും വെല്ലുവിളിക്കുന്നത് ജനാധിപത്യത്തിന് എതിരായ ഭീഷണിയാണ്. ആള്‍ക്കൂട്ടാധിപത്യം അനുവദിക്കാനാകില്ല. പഞ്ചായത്ത് വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ല. അനധികൃതമായി സ്ഥാപിച്ച മുഴുവന്‍ സംവിധാനങ്ങളും നീക്കം ചെയ്യണം. നിര്‍മ്മാണം പൂര്‍ത്തിയായി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതുവരെ പൊതുജനങ്ങളും വാഹനങ്ങളും പ്രവേശിക്കരുത്.
സാബു എം. ജേക്കബിന്റെ പ്രതികരണം
”ഭരണ സംവിധാനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും, നിയമം കൈയിലെടുക്കുന്നവര്‍ക്കും ഹൈക്കോടതി നല്‍കിയ ശക്തമായ താക്കീതാണ് ഈ ഉത്തരവ്. രണ്ടു മാസത്തിനകം കേരളത്തിലെ ഏറ്റവും ആധുനിക ബസ് സ്റ്റാന്‍ഡ് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും,” – സാബു എം. ജേക്കബ് വ്യക്തമാക്കി.
















