കിഴക്കമ്പലം: ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ പൊലീസിനെ നോക്കുകുത്തിയാക്കി, സി.ഐ.ടി.യു പ്രവര്‍ത്തകരുടെ ഗുണ്ടായിസം വീണ്ടും. നിര്‍മ്മാണത്തിനായി അടച്ചിട്ടിരുന്ന കിഴക്കമ്പലം ബസ് സ്റ്റാന്‍ഡില്‍ ബാരിക്കേഡുകള്‍ പൊളിച്ച് ബസ്സുകളെ നിര്‍ബന്ധിച്ച് അകത്ത് കടത്തിവിട്ടുകൊണ്ടാണ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ കോടതി ഉത്തരവ് ലംഘിച്ചത്. കോടതി ഉത്തരവനുസരിച്ച് പൊലീസ് സംരക്ഷണത്തില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം പുരോഗമിക്കണമെന്ന നിലപാടാണ് ഉണ്ടായിരുന്നത്. എന്നാല്‍ അക്രമം തടയുന്നതിന് പകരം പൊലീസ് സി.ഐ.ടി.യുവിന് ഒത്താശ ചെയ്തതായി ട്വന്റി20 ആരോപിച്ചു.
പോലീസിന്റെ നിസംഗതയ്ക്കും സി.ഐ.ടി.യുവിന്റെ അക്രമങ്ങള്‍ക്കുമെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് ട്വന്റി20 സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ് അറിയിച്ചു. പഞ്ചായത്ത് ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ആലുവ റൂറല്‍ എസ്.പി, കുന്നത്തുനാട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ക്കു നേരിട്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ”ഇടത് പക്ഷത്തിന്റെ വിരട്ടലില്‍ ഭയക്കാത്ത ഭരണമാണ് ട്വന്റി20 നടത്തുന്നത്. കിഴക്കമ്പലത്ത് കേരളത്തിലെ ഏറ്റവും ആധുനിക ബസ് സ്റ്റാന്റും അനുബന്ധ സൗകര്യങ്ങളുമുള്ള വികസനം സാധ്യമാവുകതന്നെ ചെയ്യുമെന്നും സാബു ജേക്കബ് വ്യക്തമാക്കി.

ബസ് കാത്തിരിപ്പ് കേന്ദ്രം, ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടുകൂടിയുള്ള ശുചിമുറി, കഫറ്റേരിയ, റസ്റ്റോറന്റ്, ഇ ഫെസിലിറ്റേഷന്‍ സെന്റര്‍, വനിതകള്‍ക്കുള്ള ജിംനേഷ്യം ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെയാണ് ബസ്റ്റാന്റ് കോംപ്ലക്സ് വരിക. റെസ്റ്റോറന്റില്‍ സൗജന്യമായിട്ടാണ് ഭക്ഷണം നല്‍കാന്‍ പദ്ധതിയിടുന്നത്. ഒരുസമയം 48 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സാധിക്കും. കിഴക്കമ്പലത്തുകൂടി കടന്നു പോകുന്ന ആര്‍ക്കും ഇവിടെ നിന്ന് ഉച്ചഭക്ഷണം കഴിക്കാം. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എന്തു വികസന പ്രവര്‍ത്തനം നടത്തിയാലും അത് തടയുന്ന പ്രവര്‍ത്തനങ്ങളാണ് ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികളുടെയും അവരുടെ അനുയായികളുടെയും നേതൃത്വത്തില്‍ നടത്തുന്നതെന്നും സംരക്ഷണം നല്‍കേണ്ട പോലീസും അവരോടൊപ്പം കൂടിയ കാഴ്ച്ചയാണ് കിഴക്കമ്പലത്ത് കാണുന്നതെന്നും ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്ബ് പ്രതികരിച്ചു.
















