കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ നാമനിർദേശ പത്രികയുടെ സൂഷ്മ പരിശോധന പൂർത്തിയായതായി എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വി എൻ വിജയൻ പറഞ്ഞു. കോലഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാർച്ച് 29ന് കോലഞ്ചേരിയിൽ എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കും. കേന്ദ്ര സംസ്ഥാന നേതാക്കൾ പങ്കെടുക്കും. കുന്നത്തുനാട് നിയോജകമണ്ഡലം ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്ര വലിയ ജന പങ്കാളിത്തം കൺവെൻഷനിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വലിയ അഴിമതി ആരോപണങ്ങളും അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളും നേരിടുന്നവരാണ് ഇടത് വലത് മുന്നണികളിലെ സ്ഥാനാർഥികൾ. കളങ്കമില്ലാത്ത രാഷ്ട്രീയ പാരമ്പര്യമുള്ള എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന് എതിരെ പ്രിത്യേകിച്ച് ആരോപണങ്ങൾ ഒന്നും ഉന്നയിക്കാൻ ഇല്ലാത്ത സാഹചര്യത്തിൽ യാതൊരു തെളിവും ഇല്ലാത്ത വെറും പ്രസ്താവനകൾ ഇറക്കി അവർ ആശ്വാസം കണ്ടെത്തുകയാണ്. എൻഡിഎ നേരിന്റെ പക്ഷത്തു നിന്നുകൊണ്ട് ഇടത്തോട്ടൊ വലത്തോട്ടോ ചരിയാതെയുള്ള രാഷ്ട്രീയ പ്രവർത്തനമാണ് നടത്തുന്നത്. കുന്നത്തുനാട്ടിൽ ബാബുവിന്റെ വിജയം മാത്രമാണ് എൻഡിഎയുടെ ലക്ഷ്യം. മോദിജി വിഭാവനം ചെയ്യുന്ന വികസിത ഭാരതത്തിനു വേണ്ടി ബാബു ദിവാകരനിലൂടെ എൻഡിഎ വികസിത കുന്നത്തുനാട് യഥാർഥ്യമാക്കും. അതി ദരിദ്രർ ഇല്ലാത്ത സംസ്ഥാനമാണ് കേരളം എന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുമ്പോഴും എൽഡിഎഫ് ഭരിക്കുന്ന കുന്നത്തുനാട് മണ്ഡലത്തിലെ പുത്തൻകുരിശിൽ ജീവിക്കാൻ നിവൃത്തിയില്ലാത്ത 42 കുടുംബങ്ങൾ വലയുന്ന കാഴ്ച്ച നമുക്ക് കാണാനാകും. ഈ കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള മികച്ച പാർപ്പിടം ഒരുക്കുക എന്നതിനായിരിക്കും തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബാബു ദിവാകരൻ പ്രഥമ പരിഗണന നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

ഈ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലെ പ്രബുദ്ധരായ ജനങ്ങൾ അവരുടെ തീരുമാനം വ്യക്തമാക്കിയതായി ഇലക്ഷൻ പ്രചാരണങ്ങളിൽ നിന്ന് വ്യക്തമായതായും തിരഞ്ഞെടുപ്പ് വിജയത്തോടെ എല്ലാവർക്കും ഇത് ബോധ്യമാകുമെന്നും സ്ഥാനാർഥി ബാബു ദിവാകരൻ പറഞ്ഞു.
ഉയർത്തിക്കാട്ടാൻ പ്രത്യേകിച്ച് ആരോപണങ്ങൾ ഇല്ലാത്ത എതിർ പാർട്ടികൾ, തനിക്ക് എതിരെ എന്തെങ്കിലും പറയണമല്ലോ എന്ന അവസ്ഥയിലാണ് ഇപ്പോൾ. നല്ല ഉദ്ദേശത്തോടെ പറഞ്ഞ എന്റെ വാക്കുകളെ അടർത്തിയെടുത്ത് എഡിറ്റ് ചെയ്ത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്ന അവസ്ഥയിലെത്തി അവർ.
കുന്നത്തുനാട്ടിൽ വിജയിക്കാനായാൽ ഈ നാട്ടിലെ ജന പ്രതിനിധികളെയും മാധ്യമ പ്രവർത്തകരെയും നാട്ടുകാരെയും മറ്റ് മേഖലകളിൽ നിന്ന് ഉള്ളവരെയും ഉൾപ്പെടുത്തി ജനകീയ കൂട്ടായ്മ ഉണ്ടാക്കും. ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആയിരിക്കും എംഎൽഎയുടെ വികസന പ്രവർത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോകുക. എംഎൽഎ ഈ നിയോജകമണ്ഡലത്തിൽ എന്തെല്ലാം വികസനങ്ങൾ നടത്തി എന്നത് സാധാരണക്കാരന് പോലും മനസിലാക്കാൻ സാധിക്കും വിധമായിരിക്കും ഈ കൂട്ടായ്മയുടെ പ്രവർത്തനം. മുൻ എംഎൽഎയോട് നിങ്ങൾ നടത്തി എന്ന് പറയുന്ന വികസനങ്ങൾ എവിടെയാണ് എന്ന് വോട്ടർമാർ ചോദിക്കേണ്ടി വരുന്ന നിലവിലെ സാഹചര്യം ഇനി ഉണ്ടാവില്ലെന്നും ബാബു ദിവാകരൻ കൂട്ടിച്ചർത്തു.
പത്രസമ്മേളനത്തിൽ ട്വന്റി 20 കുന്നത്തുനാട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ദീപക് രാജൻ,എൻഡിഎ മണ്ഡലം പ്രസിഡന്റ് കെ എസ് അഭിലാഷ് എന്നിവരും പങ്കെടുത്തു.













