കേരളത്തിന്റെ വികസന ചരിത്രത്തിൽ മഴുവന്നൂർ ഗ്രാമപഞ്ചായത്ത് ഒരു സുവർണ്ണ അധ്യായം കുറിക്കുകയാണ്. ശുചിത്വവും വികസനവും കൈകോർത്ത് മുന്നേറുന്ന ഗ്രാമഭരണത്തിന്റെ മറ്റൊരു വികസന കാഴ്ചപ്പാടിന്, വീട്ടുർ ഹിൽ ടോപ്പ് സാക്ഷ്യം വഹിച്ചു. കേരളത്തിന് തന്നെ മാതൃകയാവുന്ന, അജൈവ മാലിന്യ സംസ്കരണത്തിനായി ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി അധവാ എം.സി.എഫിന്റെ ഉദ്ഘാടനം പഞ്ചായത്ത് ഭരണ സമിതിയുടെയും വിശിഷ്ടാതിഥികളുടെയും സാന്നിദ്ധ്യത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾ നിർവ്വഹിച്ചു.
മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് മഴുവന്നൂർ ഗ്രാമപഞ്ചായത്ത് എത്രത്തോളം മുന്നോട്ട് പോയി എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ നവീകരിച്ച എം.സി.എഫ്. സാധാരണ ഒരു മാലിന്യ ശേഖരണ കേന്ദ്രത്തിനപ്പുറം, ആധുനിക സൗകര്യങ്ങളുടെയും തൊഴിലാളി സൗഹൃദത്തിന്റെയും മകുടോദാഹരണമായി ഈ പദ്ധതി ഉയർന്നു നിൽക്കുന്നു. 76 ലക്ഷം രൂപ മുതൽമുടക്കിൽ, നെല്ലാട്-മുവാറ്റുപുഴ റോഡിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന എം.സി.എഫ്, മാലിന്യ സംസ്കരണ രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കുകയാണ്.

ആധുനിക യന്ത്രങ്ങൾ…
അത്യാധുനിക അഗ്നി സുരക്ഷാ സംവിധാനങ്ങൾ…
വൃത്തിയുള്ള ശുചിമുറികൾ…
വിശ്രമ മുറികൾ…
പാർക്കിങ് സൗകര്യം…
അടുക്കള തുടങ്ങി ഒരു മികച്ച തൊഴിലിടത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ, ഈ സ്ഥാപനം, പഞ്ചായത്തിലെ 38 ഹരിത കർമ്മ സേനാംഗങ്ങൾക്കും, അവരുടെ ജോലിയെ അഭിമാനത്തോടെ സമീപിക്കാൻ കഴിയുന്ന ഒരു തൊഴിലിടമാക്കി മാറ്റുന്നു.
വലിയ വാഹനങ്ങൾക്ക് സുഗമമായി പ്രവേശിക്കാൻ കഴിയുന്ന ടൈൽ വിരിച്ച റോഡുകൾ ഈ മാതൃകാ പദ്ധതിയുടെ ആസൂത്രണ മികവിനെയാണ് സൂചിപ്പിക്കുന്നത്. കേരളത്തിലെ മറ്റൊരു പഞ്ചായത്തിനും അവകാശപ്പെടാനില്ലാത്ത നൂതന സൗകര്യങ്ങൾ, മഴുവന്നൂരിന്റെ നേട്ടം എത്ര വലുതാണെന്ന് വിളിച്ചോതുന്നു.
രാവിലെ, കൃത്യം 11 മണിക്ക്, നാടിന്റെ അഭിമാന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു.
വടവുകോട് ബ്ലോക്ക് പ്രസിഡൻ്റ് ശ്രീമതി. റസീന പരീദിൻ്റെയും, മഴുവന്നൂർ ഗ്രാമപഞ്ചായത്തിലെ ആദരണീയരായ ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ചടങ്ങ് പ്രൗഢഗംഭീരമായി.

എന്നാൽ, ചടങ്ങിനെ അവിസ്മരണീയമാക്കിയ, ഹൃദയസ്പർശിയായ ഒരു മുഹൂർത്തം നടന്നത്, പുതിയ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയുടെ താക്കോൽ കൈമാറിയത് ഒരു ഔദ്യോഗിക വ്യക്തിത്വത്തിനല്ല. മറിച്ച്, ഈ കേന്ദ്രത്തിൻ്റെ യഥാർത്ഥ അവകാശികളും, മഴുവന്നൂരിൻ്റെ ശുചിത്വത്തിന് കാവൽ നിൽക്കുന്നവരുമായ ‘ഹരിത കർമ്മ സേനാംഗങ്ങൾ’! അവരുടെ കൈകളായിരുന്നു ഈ നൂതന MCF നാടിനായി തുറന്നു നൽകിയത്.
പരിസ്ഥിതി സംരക്ഷണത്തിനായുള്ള അവരുടെ കഠിനാധ്വാനത്തിനുള്ള അംഗീകാരമായി ആ നിമിഷം. സ്വന്തം തൊഴിലിടം അഭിമാനത്തോടെ ഉദ്ഘാടനം ചെയ്യുന്ന ഹരിത സേനയുടെ വിജയം, ഈ വികസന മാതൃകയെ കൂടുതൽ ശോഭയുള്ളതാക്കി.
ചടങ്ങിൽ മഴുവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിൻസി ബൈജു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ ഭരണസമിതി അംഗങ്ങൾ, ജനപ്രതിനിധികളായ ശ്രീമതി. ജില്ലി രാജു (ആരോഗ്യ-വിദ്യാഭ്യാസ ചെയർമാൻ), വാർഡ് മെമ്പർ ശ്രീ. എൽദോ പി. കെ. എന്നിവർക്കൊപ്പം പഞ്ചായത്ത് സെക്രട്ടറി ശ്രീമതി. അജിതകുമാരി എ.വിയും മറ്റ് വിശിഷ്ടാതിഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പഞ്ചായത്തിന്റെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഉദാരമായി സി.ഇ.ആർ. ഫണ്ട് നൽകി സഹകരിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും, ഒപ്പം എം.സി.എഫ്. യാഥാർത്ഥ്യമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചവരെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
ഒരു ഗ്രാമം മാലിന്യമുക്തമാവുക എന്ന വലിയ ലക്ഷ്യം കൈവരിക്കണമെങ്കിൽ അത് ജനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് മഴുവന്നൂർ തെളിയിച്ചിരിക്കുന്നു. പൊതുജനങ്ങളുടെ സഹകരണവും, ഭരണസമിതിയുടെ ഇച്ഛാശക്തിയും, ഹരിതകർമ്മ സേനയുടെ അർപ്പണബോധവുമാണ് ഈ വിജയത്തിന് പിന്നിലെ ഊർജ്ജം.
ശുചിത്വ രംഗത്ത് കേരളത്തിലെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കണ്ടുപഠിക്കാനുള്ള ഒരു പാഠപുസ്തകമാവുകയാണ് മഴുവന്നൂർ. പരിസ്ഥിതി സൗഹൃദവും, തൊഴിൽ സൗഹൃദവുമായ ഒരു പുതിയ കാലഘട്ടത്തിന് തുടക്കമിട്ടുകൊണ്ട്, ‘വികസനം ജനങ്ങളുടെ ജീവിതത്തിൽ നേരിട്ട് പ്രതിഫലിക്കണം’ എന്ന അവകാശവാദമാണ് ട്വന്റി20 വീണ്ടും യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
ഒരു ഗ്രാമപഞ്ചായത്തിന്റെ വളർച്ചയുടെയും പുരോഗതിയുടെയും അടയാളമായി മഴുവന്നൂരിലെ ഈ മോഡൽ എം.സി.എഫ്. ഇനിയുള്ള കാലം നിലനിൽക്കും. മികച്ച മാലിന്യ സംസ്കരണം, ആരോഗ്യകരമായ ജീവിത സാഹചര്യം, മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം… എന്നീ മൂന്ന് തൂണുകളിൽ മഴുവന്നൂർ അതിന്റെ ഭാവിയെ കെട്ടിപ്പടുക്കുകയാണ്. മഴുവന്നൂരിന്റെ ഈ വളർച്ച കേരളത്തിന്റെ അഭിമാനമാകുന്ന കാലം വിദൂരമല്ല. മഴുവന്നൂർ പങ്കുവയ്ക്കുന്ന ഈ വികസന മാതൃക പിന്തുടരാൻ മറ്റ് പഞ്ചായത്തുകൾക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..
















