കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിജി നേരിട്ടെത്തി പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നതിന് പിന്നാലെ എന്‍.ഡി.എ. ക്യാമ്പ് തിരഞ്ഞെടുപ്പിനായി സജ്ജമായി. മാറാത്തതും മാറും കേരളവും മാറും എന്ന മുദ്രാവാക്യവുമായി എന്‍.ഡി.എ. നടത്തിയ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കേരളത്തിലെ രാഷ്ട്രീയ ശൈലിതന്നെ മാറണമെന്ന് എന്‍.ഡി.എ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ മോദിജി ആവശ്യപ്പെട്ടു. കേരളീയ ശൈലിയില്‍ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് മോദിജി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യാനെത്തിയത്.
മാറിമാറി ഭരിക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ളതിനാല്‍ കേരളത്തിന്റെ വികസനത്തിനായി ഇരുമുന്നണികളും ഒന്നും ചെയ്യാന്‍ ശ്രദ്ധിക്കുന്നില്ലെന്നും യുവാക്കള്‍ക്ക് അവസരങ്ങള്‍ ഉണ്ടാക്കുന്നതിന് ഇരുപക്ഷവും താല്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും നരേന്ദ്രമോദിജി കുറ്റപ്പെടുത്തി. കേരളത്തിന് മനോഹരമായ ഭൂപ്രദേശമുണ്ട്. വിദ്യാഭ്യാസത്തിലും വിവരസാങ്കേതികവിദ്യയിലുമെല്ലാം സംസ്ഥാനം മുന്നിലാണ്. എന്നിട്ടും അര്‍ഹിക്കുന്ന വികസനം ഇവിടേക്ക് വരാത്തത് ഇടതു-വലതു മുന്നണികളുടെ നയവൈകല്യങ്ങള്‍ മൂലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സോളാര്‍ അഴിമതിയും, സി.എം.ആര്.എല്‍. അഴിമതിയും ചേര്‍ത്തുകെട്ടി ഇരുപക്ഷവും അഴിമതിക്കാര്യത്തിലും ഒന്നാണ് എന്നത് മോദിജി ഓര്‍മിപ്പിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ എല്‍.ഡി.എഫ് കൊള്ളക്കാരായപ്പോള്‍, യു.ഡി.എഫിനെ കട്ടമുതല് കടത്തുന്നവരായി മാറിയെന്നും മോദിജി കുറ്റപ്പെടുത്തി. തൃശ്ശൂരിലും തിരുവനന്തപുരത്തും ചില പഞ്ചായത്തുകളിലും ജനങ്ങള്‍ മാറി ചിന്തിച്ചു. ആ ചിന്ത കേരളത്തില്‍ സമ്പൂര്‍ണമായി ഉണ്ടാവുമെന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് മോദിജി മടങ്ങിയത്.
കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ എന്‍.ഡി.എ. സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നയം മോദിജി പ്രസംഗത്തില്‍ വ്യക്തമാക്കുകയും ചെയ്തു. പ്രവര്‍ത്തകരെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിജി സ്റ്റേഡിയം റോഡില്‍ കുറഞ്ഞദൂരത്തില്‍ റോഡ്ഷോയും നടത്തി.













