കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എൻഡിഎ മഹിളാ സംഗമം സംഘടിപ്പിച്ചു. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീജ ലാൽജി കൺവെൻഷനിൽ അധ്യക്ഷത വഹിച്ചു.

എന്തിനു കുന്നത്തുനാട്ടിൽ നമുക്ക് ഒരു എംഎൽഎ വേണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ന് ഈ വേദിയിലുള്ള ഓരോ സ്ത്രീയുമെന്ന് ശ്രീജ ലാൽജി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നമ്മെ മനസിലാക്കുന്നു ഒരു എം എൽ എ ഉണ്ടായാലേ സാധിക്കു. രോഗിയായ ഭാര്യയെ സ്വന്തം ജീവന് തുല്യം ശുശ്രുഷിക്കുന്ന ഒരു ഭർത്താവ് എന്ന നിലയിൽ ബാബു ദിവാകരൻ ഏവർക്കും മാതൃകയാണ്. കുന്നത്തുനാട് നിയോജകമണ്ഡലത്തിലേക്ക് അനുയോജ്യനായ സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നതിൽ ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു ജേക്കബ് അദ്ദേഹത്തിന്റെ മികവ് തെളിയിച്ചു എന്നതിൽ നമുക്ക് അഭിമായിക്കാം. ഇനി തിരഞ്ഞെടുപ്പ് ദിനത്തിന് വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ഒള്ളു. അദ്ദേഹത്തെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിനായി സ്‌ക്വാഡ് രൂപീകരിച്ചു നമ്മൾ പ്രവർത്തനം നടത്തണമെന്നും ശ്രീജ കൂട്ടിച്ചേർത്തു.

ഭാരതത്തിൽ ധർമത്തെ പുനസ്ഥാപിക്കുക എന്ന ലക്ഷ്യമാണ് ശ്രീ നരേന്ദ്ര മോദിജി ലക്ഷ്യമിടുന്നത്. അദ്ദേഹം ഭാരതത്തിലെ സ്ത്രീകളുടെ അഭിമാനവും സുരക്ഷയും ഉറപ്പിക്കാൻ പ്രയത്നിക്കുകയാണെന്നും നടി ലക്ഷ്മി പ്രിയ പറഞ്ഞു.
പാചകവാതകം, പ്രായമായ സ്ത്രീകൾക്ക് ലോൺ, പെൺകുട്ടികളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ തുടങ്ങി അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ വരെ അദ്ദേഹം നടപ്പിലാക്കി. റോഡ്, വെള്ളം, പാർപ്പിടം തുടങ്ങി ഏറ്റവും അടിസ്ഥാന സൗകര്യമായ സൗചാലയം വരെ നടപ്പിലാക്കി.അതിന്റെ പേരിൽ കളിയാക്കലുകൾ നേരിട്ടെങ്കിലും കേരളത്തിൽ നിന്നും എത്ര പേർക്ക് സൗചാലയം ലഭ്യമായി എന്നതും നാം ഓർക്കണം.

എന്നാൽ ഇവിടെ എന്താണ് നടക്കുന്നത്. അഴിമതിയിൽ മുങ്ങിക്കുളിച്ച ഇടതു വലത് മുന്നണികൾ ഒടുവിൽ ശബരിമലയിൽവരെ കൊള്ള നടത്തി. വികസനത്തിന്റെ മാതൃക തീർത്താണ് ട്വന്റി20യും സാബുജേക്കബും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്ഇറങ്ങുന്നത്. ആ വികസനത്തിന് പിന്തുണകൊടുക്കുക എന്നത് നമ്മുടെ കടമയാണ് എന്ന തിരിച്ചറിവിലാണ് ട്വന്റി 20-എൻഡിഎ സ്ഥാനാർഥിയാകാൻ ഞാൻ തയ്യാറായത്. എന്നാൽ സാങ്കേതിക പിഴവുകൾ മൂലം അതിനു സാധിച്ചില്ല. എന്നാൽ താൻ വിശ്വസിക്കുന്ന എൻഡിഎയുടെയും ബിജെപിയുടെയും ട്വന്റി 20യുടെയും രാഷ്ട്രീയത്തിൽ നിന്ന് പിന്നോട്ടില്ല. കുന്നത്തുനാടിന് കിട്ടിയ ഏറ്റവും മികച്ച സ്ഥാനാർഥിയാണ് ബാബു ദിവാകരൻ. അദ്ദേഹത്തിന്റെ വിജയത്തിനായി താഴെ തട്ടിൽ നിന്നുള്ള പ്രചരണം ആവശ്യമാണ്. അതിനായി നാം മുന്നിട്ട് ഇറങ്ങണം. സമീപത്തുള്ള പത്തു വീടുകൾ കയറി നിങ്ങൾ എൻഡിഎയുടെ രാഷ്ട്രീയം പങ്കുവവയ്ക്കണം. തീർച്ചയായും കേരളത്തിൽ ഒരു മാറ്റം സൃഷ്ടിക്കാൻ കഴിയുമെന്നും ബാബു ദിവാകരന്റെ വിജയത്തിനായി എല്ലാ ആശംസകൾ നേരുന്നതായും ലക്ഷമി പ്രിയ പറഞ്ഞു.

നാടിന്റെ വികസനം ലക്ഷ്യമിട്ട് അക്ഷീണം പ്രയത്നിച്ച സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20യും രാജ്യത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എൻഡിഎയും ഒത്തു ചേർന്നതിന്റെ ഫലമാണ് നമ്മുടെ ഈ കൂട്ടായ്മ. എൻഡിഎയുടെ വികസന സ്വപ്‌നങ്ങൾ സാധ്യമാകാൻ കുന്നത്തുനാട്ടിൽ നിന്നും ഒരു ജനപ്രതിനിധി വേണം. സംസ്ഥാന സർക്കാർ ഭരണം ലഭിക്കാതെ എൻഡിഎ വിജയത്തിലൂടെ കുന്നത്തുനാട്ടിൽ എന്ത് വികസനമാണ് സാധ്യമാക്കുക എന്ന് ചോദിക്കുന്നവരോട് കേന്ദ്ര ഭരണത്തിന്റെ പിൻബലത്തിലാണ് കുന്നത്തുനാടിന്റ വികസനം സാധ്യമാക്കാൻ എൻഡിഎ ലക്ഷ്യമിടുന്നത് എന്ന് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ സംഘടനാ ഭാരവാഹികൾ സ്ഥാനാർഥിയെ ഷാൾ അണിയിച്ച് ആദരിച്ചു. എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കൺവീനയർ വി എൻ വിജയൻ, മഹിളാ മോർച്ച ജില്ല ജനറൽ സെക്രട്ടറി സിന്ദു, ബിജെപി ജില്ലാ പ്രസിഡന്റ് പി പി സജീവ്, മഹിളാ മോർച്ച സെക്രട്ടറി ശരണ്യ, ബിജെപി ജില്ല വൈസ് പ്രസിഡന്റ് പ്രസന്ന വാസുദേവൻ, കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജി, ബ്ലോക്ക് പഞ്ചായത് മെമ്പർ മറിയാമ്മ ജോൺ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.













