കുന്നത്തുനാട് നിയോജകമണ്ഡലം തിരുവാണിയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷനും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉല്‍ഘാടനവും സംഘടിപ്പിച്ചു. തിരുവാണിയൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ബഹുജന റാലിയുടെ സമാപനത്തോടെയായിരുന്നു കമ്മിറ്റി ഓഫീസിന്റെ ഉല്‍ഘാടനം. എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്, ട്വന്റി 20-എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന് എന്നിവര്‍ സംയുക്തമായി ഓഫീസിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു.

ബിജെപി തിരുവാണിയൂര്‍ മണ്ഡലം പ്രസിഡന്റ് സുനില്‍ കുമാര്‍ കണ്വെന്ഷന് സ്വാഗതം അര്‍പ്പിച്ചു. തിരുവാണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ എന്‍ഡിഎയുടെ ശക്തി നാം തെളിയിച്ചതാണ്. അടൂരില്‍ നിന്നും നമുക്ക് ലഭിച്ച നമ്മുടെ പ്രിയപ്പെട്ട സ്ഥാനാര്‍ഥി ബാബു ദിവാകരനിലൂടെ എന്‍ഡിഎ നിയമസഭാ തിരഞ്ഞെടുപ്പിലും തിരുവാണിയൂരിന്റെ ശക്തി പ്രകടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവാണിയൂരില്‍ കാല്‍നട ആയി നടന്ന റോഡ് ഷോ എന്‍ഡിഎയുടെ ശക്തി വ്യക്തമാക്കുന്നതും ഒപ്പം തിരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം നല്‍കുന്നതുമാണെന്ന് ബാബു ദിവാകരന് പറഞ്ഞു.
അവകാശം നിഷേധിക്കപ്പെട്ട ഗര്‍ഭിണിയായ ഒരു ദളിത് സ്ത്രീ, ഇടതുപക്ഷം ഭരിച്ച പഞ്ചായത്തില്‍ കേറി കിടക്കാന്‍ ഒരു വീടിനായി കയറി ഇറങ്ങി. അവഗണന ആയിരുന്നു ഫലം. ഒടുവില്‍ ആ സ്ത്രീയെ അതെ പഞ്ചായത്തിന്റെ പ്രസിഡന്റ് ആക്കിയ പാര്‍ട്ടിയാണ് ട്വന്റി 20. വികസനം മാത്രം സ്വപ്നം കണ്ട സാബു ജേക്കബിന്റെ ദീര്‍ഘ വിക്ഷണവും, തന്റെ രാജ്യത്തെ ലോക നെറുകയില്‍ എത്തിക്കാന്‍ അക്ഷീണം പ്രയത്നിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ പ്രവര്‍ത്തന മികവും ചേരുമ്പോള്‍ വികസിത ഭാരതം എന്ന എന്‍ഡിഎ സ്വപ്നത്തിന് കുന്നത്തുനാട് വേഗത കൂട്ടും. ആ നിയോഗമാണ് കുന്നത്തുനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ആവുകവഴി തനിക്ക് ലഭിച്ചിരിക്കുന്നതെന്നും ബാബു ദിവാകരന് പറഞ്ഞു. നമ്മള് പങ്കുവെയ്ക്കുന്നത് സത്യത്തിന്റെയും സ്നേഹത്തിന്റെയും രാഷ്ട്രീയമാണ്. അതുകൊണ്ടുതന്നെ വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ഏഴ് പതിറ്റാണ്ടുകാലം ഈ കേരളത്തെ മാറിമറി ഭരിച്ചവര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് കുന്നത്തുനാട് നിയോജകമണ്ഡലം എന്‍.ഡി.എ കണ്‍വീനര്‍ വി.എന്‍ വിജയന് പറഞ്ഞു. ഏവര്‍ക്കും സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുവാനുള്ള അവകാശം ഒരു ജനാധിപത്യ രാജ്യമായ നമ്മുടെ ഭാരതത്തിലുണ്ട്. എന്നാല്‍ കേരളത്തില്‍ ഇടത് – വലത് മുന്നണികള്‍ ഈ അവകാശത്തെ നിഷേധിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. എന്‍.ഡി.എ മുന്നണിയില്‍ ചേരുകവഴി സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനത്തിനായുള്ള പോരാട്ടത്തില്കൂടിയാണ് ട്വന്റി20 പങ്കാളികളായിരിക്കുന്നത്. ഈ പോരാട്ടം കുന്നത്തുനാട്ടിലെ വിജയത്തിലൂടെ നാം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടത്തോട്ടും വലത്തോട്ടും ചരിയാത്ത നേരിന്റെ രാഷ്ട്രീയമാണ് എന്‍.ഡി.എ പങ്കുവെയ്ക്കുന്നതെന്നും, ഈ ധര്‍മ്മ യുദ്ധത്തില്‍ വിജയം നമുക്ക് സ്വന്തമായിരിക്കുമെന്നും വി.എന്‍. വിജയന് സദസ്സിനെ ഓര്‍മിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് റെജി വര്‍ഗീസ്, ട്വന്റി 20 തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത് കോര്‍ഡിനേറ്റര്‍ ബിജു ടി കെ, ട്വന്റി 20 എക്സിക്യൂട്ടീവ് അംഗം സനകന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.













