നാടിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന, നഗര സൗന്ദര്യം ഗ്രാമവാസികള്‍ക്കും അസ്വദിക്കാന്‍ അവസരമൊരുക്കുന്ന മികച്ച ഒരു പദ്ധതിയുടെ പണിപ്പുരയിലാണ് ഇന്ന് ട്വന്റി. കിഴക്കമ്പലത്ത്, മാര്‍ക്കറ്റ് ജംഗ്ഷനിലെ പഴയ പഞ്ചായത്ത് കെട്ടിടത്തിന്റെ സ്ഥാനത്ത്, നിര്‍മ്മാണത്തിലും പ്രൗഢിയിലും വിദേശ രാജ്യങ്ങളെ അനുസ്മരിപ്പിക്കുംവിധം ഒരുങ്ങുന്ന ഷോപ്പിങ് കോംപ്ലക്സ്, നാടിന്റെ വികസന സങ്കല്‍പ്പങ്ങളുടെ നാഴികകല്ലാകും എന്നതില്‍ സംശയമില്ല.
ഏകദേശം 60,000 സ്ക്വയര്‍ ഫീറ്റില്‍ ഒരുങ്ങുന്ന ഷോപ്പിങ് കോംപ്ലക്സ് സമുച്ചയം ഏതൊരു സാധാരണക്കാരനും ആഢംബരത്തിന്റെ അനുഭവം പകരുംവിധത്തിലാണ് ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മൂന്ന് നിലകളിലായി നിര്‍മാണം ലക്ഷ്യമിടുന്ന ഈ പദ്ധതിയില്‍ വിപുലമായ സേവനങ്ങളാണ് ഒരുക്കാന്‍ പദ്ധതിയിടുന്നത്.
എല്ലാ ലോകോത്തര ബ്രാന്‍ഡുകളുടെയും ഷോറൂമുകള്‍, കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും ഫാമിലി കഫെറ്റീരിയ, സെന്‍ട്രലൈസ്ഡ് എ.സി, മുലയൂട്ടുന്ന അമ്മമാര്‍ക്കായി ആധുനിക സൗകര്യങ്ങളോടെയുള്ള ‘ഫീഡിങ് റൂം’ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ശുചിത്വപൂര്‍ണമായ ടോയ്ലറ്റ് സൗകര്യം, സ്ത്രീകള്‍ക്കായി പ്രത്യേക കാത്തിരിപ്പ് സൗകര്യം, കുട്ടികള്‍ക്കും യുവതി യുവാക്കള്‍ക്കും വിനോദത്തില്‍ ഏര്‍പ്പെടുന്നതിനായി ഗെയ്മിങ് ഏരിയ തുടങ്ങി വികസിത രാജ്യങ്ങളുടെ മാതൃകയിലാണ് ഷോപ്പിങ് കോംപ്ലക്സ് ഒരുക്കുന്നത്.
ഭാവിയിലെ ആവശ്യകതകള്‍ മനസ്സിലാക്കി വിപുലമായ കൂടുതല്‍ സേവനങ്ങള്‍ ജനങ്ങള്‍ക്കായി ഒരുക്കാന്‍ സാധിക്കും വിധമാണ് കോംപ്ലക്സിന്റെ നിര്‍മ്മാണം. പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ വിവിധ സംരംഭങ്ങളും കോംപ്ലക്സില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്. എല്ലാ വിഭാഗം ആളുകള്‍ക്കും ഉപയോഗപ്രദമാകുന്ന രീതിയില്‍ ആയിരിക്കും ഷോപ്പിങ് കോംപ്ലക്സിന് ഉള്ളിലെ സേവനങ്ങള്‍ ഒരുക്കുക. പഞ്ചായത്തിലൂടെ കടന്നുപോകുന്നവരെ ലക്ഷ്യമിട്ട് വലിയ വരുമാനം സൃഷ്ടിക്കുക എന്നതിനപ്പുറം, ലഭേച്ഛയില്ലാതെ പരമാവധി സേവനങ്ങള്‍ മുഴുവന്‍ ആളുകള്‍ക്കും ഉറപ്പുവരുത്തി കിഴക്കമ്പലത്തിലൂടെയുള്ള യാത്ര ഏതൊരാള്‍ക്കും ഒരു നവ്യാനുഭവമായി മാറ്റാനാണ് ട്വന്റി20 പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സന്ദര്‍ശകര്‍ക്ക് ഷോപ്പിങ് കോംപ്ലക്സിന്റെ എല്ലാ മേഖലകളിലേയ്ക്കും എത്തിപ്പെടുന്നതിന് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന രണ്ട് ലിഫ്റ്റുകള്‍, എസ്കലേറ്ററുകള്‍ എന്നിവയും ഒരുക്കുന്നുണ്ട്. ആഢംബര മാളുകളോട് കിടപിടിക്കുംവിധം നിര്‍മാണം പുരോഗമിക്കുന്ന കോംപ്ലക്സില്‍ മികച്ച പാര്‍ക്കിങ് സൗകര്യങ്ങളും അടിസ്ഥാന സേവനങ്ങളും ഉണ്ടായിരിക്കും.
സുരക്ഷാ സംവിധാനങ്ങള്‍, വയോജന സൗഹൃദ നിര്‍മ്മാണ രീതികള്‍, സുരക്ഷിത നൈറ്റ് ലൈഫ് അനുഭവം ആസ്വദിക്കുന്നതിനുള്ള അവസരം, വിലക്കുറവില്‍ ഗുണമേന്മയുള്ള ഭക്ഷണ ശാലകള്‍, സ്വകാര്യ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള അവസരം തുടങ്ങി മെട്രോ നഗര ജീവിതം ആസ്വദിക്കുന്നതിനും, വികസനത്തെ അടുത്തറിയുന്നതിനും സാധാരണക്കാര്‍ക്കും അവസരമൊരുക്കുകയാണ് ട്വന്റി20.
















