Home Aikkaranadu വൈദ്യുതി, പാചകവാതക സബ്‌സിഡി അനുമതി നിഷേധിച്ച സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

വൈദ്യുതി, പാചകവാതക സബ്‌സിഡി അനുമതി നിഷേധിച്ച സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

130
0

ട്വന്റി20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിലെ കോടികളുടെ നീക്കിയിരിപ്പ് തുക ജനങ്ങള്‍ക്ക് വിവിധ പദ്ധതികളിലൂടെ തിരികെ നല്‍കാനുള്ള പഞ്ചായത്തിന്റെ നീക്കം സര്‍ക്കാര്‍ തടഞ്ഞ നടപടിയെ ചോദ്യം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. പഞ്ചായത്തിന് 26 കോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ടെന്നും ഇതിലൊരുഭാഗം താഴ്ന്ന, ഇടത്തരം വരുമാനമുള്ളവര്‍ക്ക് എല്‍പിജി സിലിണ്ടര്‍, ഇലക്ട്രിസിറ്റി ബില്‍ തുടങ്ങിയവയുടെ സബ്‌സിഡിയായി നല്‍കാനുമുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചെന്നുമാണ് ഹര്‍ജിയില്‍ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കിയത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്‍ 24ന് പരിഗണിക്കാന്‍ മാറ്റി. ഭരണപരമായ കാര്യങ്ങളില്‍ വര്‍ഷങ്ങളായി കര്‍ശനമായ സാമ്പത്തിക അച്ചടക്കം പാലിച്ചും പൊതു ജോലികളില്‍ അഴിമതി ഒഴിവാക്കിയുമാണു പഞ്ചായത്ത് കോടികളുടെ നീക്കിയിരിപ്പ് തുക കണ്ടെത്തിയതെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. നികുതി, ഫീസ് തുടങ്ങിയ ഇനങ്ങളില്‍ നിന്നായി ജനങ്ങളില്‍നിന്നു ലഭിച്ചതാണ് നീക്കിയിരിപ്പ് തുകയിലെ വലിയൊരുഭാഗം പണം. അതിനാലാണ് താഴ്ന്ന, ഇടത്തരം വരുമാനമുള്ളവര്‍ക്ക് സബ്സിഡി വഴി ഈ തുക മടക്കി നല്‍കാന്‍ പഞ്ചായത്ത് സമിതി തീരുമാനിച്ചത്. ഇത് 2025-26 ബജറ്റില്‍ ഉള്‍പ്പെടുത്തി. യോഗ്യരായ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് എല്ലാ രണ്ടുമാസത്തിലും ഒരു എല്‍പിജി സിലിണ്ടറിന് 25% സബ്‌സിഡി, രണ്ടുമാസത്തില്‍ 300 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു 25% സബ്‌സിഡി, കാന്‍സര്‍ രോഗികള്‍ക്ക് മാസംതോറും 1000 രൂപ തുടങ്ങി വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളാണു പഞ്ചായത്ത് സമിതി തീരുമാനിച്ചത്.

എന്നാല്‍ പഞ്ചായത്ത് രാജ് നിയമത്തില്‍ ഇക്കാര്യത്തില്‍ പ്രത്യേക വ്യവസ്ഥയില്ലാത്തതിനാല്‍ എതിര്‍പ്പുണ്ടോയെന്നറിയിക്കാന്‍ കിഴക്കമ്പലം പഞ്ചായത്ത് സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ പഞ്ചായത്തിന് ഇതു ചെയ്യാനാവില്ലെന്നു വ്യക്തമാക്കിയ സര്‍ക്കാര്‍, ജില്ലാ ആസൂത്രണ സമിതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു. പദ്ധതി നടത്തിപ്പിനായി പഞ്ചായത്ത് ജില്ലാ സമിതിയെ സമിപിച്ചെങ്കിലും സംസ്ഥാന സമിതിയെ സമീപിക്കാനായിരുന്നു ലഭിച്ച നിര്‍ദ്ദേശം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യവസ്ഥയില്ലെന്നു വിശദീകരിച്ച് പദ്ധതി നടത്തിപ്പിന് സംസ്ഥാന സമിതിയും അനുമതി നിരസിക്കുകയായിരുന്നു.

അഴിമതി രഹിത ഭരണത്തിലൂടെ ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ കോടികളുടെ നീക്കിയിരിപ്പ് തുകയാണ് ലഭിച്ചിട്ടുള്ളത്. ജനങ്ങളുടെ പണം ജനങ്ങളിലേയ്ക്ക് തിരികെ എത്തിക്കാന്‍ വിവിധ കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബിന്റെ പ്രസ്ഥാവന കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. രാജ്യത്തിന്റെ തന്നെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യത്തെ സംഭവമെന്ന് വിലയിരുത്തപ്പെടുന്ന പഞ്ചായത്തുകളുടെ ഈ സാമ്പത്തിക ഭദ്രത, പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരെ നിരവധി ചോദ്യങ്ങളുയര്‍ത്തുന്നു. അതുകൊണ്ടുതന്നെ, നീക്കിയിരിപ്പ് തുക ലക്ഷ്യമിട്ട് ട്വന്റി20 പ്രഖ്യാപിച്ച ജനക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ തടഞ്ഞേക്കുമെന്നും, അങ്ങനെവന്നാല്‍ കോടതിയെ സമീപിച്ച് ജനങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി നേതൃത്വം പ്രവചിച്ചതിന് സമാനമായ പ്രതികാര നടപടികളുമായാണ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. തിരഞ്ഞെടുപ്പ് വരാനിരിക്കെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ഈ നിഷേധ നിലപാട് എല്‍.ഡി.എഫിന് തിരിച്ചടിയാകുമെന്നും വിലയിരുത്തുന്നവരുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here