Home Election News പഞ്ചായത്ത് ഭരണം പിടിച്ച കഥ

പഞ്ചായത്ത് ഭരണം പിടിച്ച കഥ

87
0

സര്‍ക്കാരും പഞ്ചായത്തും നിര്‍വ്വഹിക്കേണ്ട ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, ട്വന്റി20 നടപ്പിലാക്കിയപ്പോള്‍ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇടയില്‍ അമര്‍ഷം രൂപപ്പെട്ടു. ട്വന്റി20 നടപ്പിലാക്കാന്‍ ശ്രമിച്ച വികസന പ്രവര്‍ത്തനങ്ങളും വിവിധ പദ്ധതികളും പല കാരണങ്ങള്‍ പറഞ്ഞ് അവര്‍ മുടക്കി. നാട്ടിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ലക്ഷങ്ങള്‍ മുടക്കുമുതലുള്ള കുഴല്‍ കിണര്‍ പദ്ധതി ട്വന്റി20 നടപ്പിലാക്കാന്‍ ശ്രമിച്ചു. പദ്ധതിക്കായി മുഴുവന്‍ തുകയും മുടക്കിയത് കിറ്റെക്സായിരുന്നു. എന്നാല്‍ നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കുഴല്‍ക്കിണര്‍ കുഴിക്കാനാവില്ലെന്ന നിലപാടില്‍ പഞ്ചായത്ത് ഉറച്ചുനിന്നു. ഒടുവില്‍, ട്വന്റി20യുടെ നേതൃത്വത്തിലുള്ള ജനകീയ സമരത്തിന് മുന്നില്‍ പഞ്ചായത്ത് മുട്ടുമടക്കി.

വികസനത്തെ എതിര്‍ക്കുന്ന പഞ്ചായത്തിനോടും രാഷ്ട്രീയ പാര്‍ട്ടികളോടും ജനങ്ങള്‍ അകന്നു തുടങ്ങി. 2015ലെ ഓണക്കാലത്ത് ഈ അകല്‍ച്ച കൂടുതല്‍ പ്രകടമായി. ട്വന്റി20 തുടങ്ങിയ ഓണച്ചന്ത പോലീസിനെ ഉപയോഗിച്ച് ബലമായി പൂട്ടിക്കാന്‍ പഞ്ചായത്ത് ശ്രമിച്ചു. ഒപ്പം, കളക്ടറെ സ്വാധീനിച്ച് പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. പച്ചക്കറിക്കും പലചരക്ക് സാധനങ്ങള്‍ക്കും ഒപ്പം ടിവി, ഫ്രിഡ്ജ് അടക്കമുള്ള ഗൃഹോപകരണങ്ങള്‍ വിപണി വിലയേക്കാള്‍ പകുതി വിലയ്ക്കാണ് ട്വന്റി20 ഓണച്ചന്തയില്‍ വില്‍പ്പനയ്ക്ക് ഒരുക്കിയിരുന്നത്. ഈ കേന്ദ്രമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെട്ട് പൂട്ടിച്ചത്. എന്നാല്‍ പഞ്ചായത്ത് നടപടിക്കെതിരെ ട്വന്റി20 കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചു. ഈ നടപടി ജനങ്ങള്‍ക്ക് വലിയ ആശ്വാസകരമായിരുന്നു.

വികസന പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് തുരങ്കം വയ്ക്കുന്നത് സ്ഥിരം സംഭവമായതോടെ പഞ്ചായത്ത് ഭരണം ലഭിച്ചാല്‍ ജനങ്ങള്‍ക്കുവേണ്ടി തടസ്സമില്ലാതെ നിരവധി സേവനങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന തോന്നല്‍ ട്വന്റി20ക്ക് ഉണ്ടായി. ഒടുവില്‍, 2015 ഡിസംബര്‍ ഏഴിന്, രാഷ്ട്രീയ പാര്‍ട്ടികളുടെയോ മത സംഘടനകളുടെയോ പിന്‍ബലമില്ലാതെ ട്വന്റി20 എന്ന ജനകീയ കൂട്ടായ്മ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. ചരിത്രത്തില്‍ തന്നെ ആദ്യമായി രാഷ്ട്രീയ നേതൃത്വങ്ങളെ തുടച്ചുമാറ്റിയ ജനങ്ങള്‍ ഒരു ജനകീയ കൂട്ടായ്മയ്ക്ക് അവരുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി പിന്തുണ അറിയിച്ചു. കിഴക്കമ്പലത്തെ 19 വാര്‍ഡുകളില്‍ 17 എണ്ണത്തിലും ട്വന്റി 20യുടെ പ്രതിനിധികള്‍ ജയിച്ചു കയറി. കേരള രാഷ്ട്രീയത്തില്‍ അങ്ങനെ ട്വന്റി20 ഒരു പുതുചരിത്രം രചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here