Home Election News തരിശ്ശ് ഭൂമിയില്‍ നിന്ന് വിളനിലത്തിലേയ്ക്ക്

തരിശ്ശ് ഭൂമിയില്‍ നിന്ന് വിളനിലത്തിലേയ്ക്ക്

32
0

ഒരു കാലത്ത് തരിശായിക്കിടന്ന പാടങ്ങള്‍ ഇന്ന് കിഴക്കമ്പലത്ത് സമൃദ്ധിയുടെ കതിരണിഞ്ഞിരിക്കുന്നു. വിഷരഹിത ഭക്ഷണമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനും, കര്‍ഷകരെ ശാക്തീകരിക്കാനും ട്വന്റി20 നടപ്പാക്കിയ സമഗ്രമായ പദ്ധതികള്‍ മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാതൃകയാവുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ്, കളകള്‍ നിറഞ്ഞ പാടങ്ങളും ഉപയോഗശൂന്യമായ കൃഷിഭൂമികളുമായിരുന്നു കിഴക്കമ്പലം പഞ്ചായത്തിലെ കാഴ്ച. ഭക്ഷ്യവസ്തുക്കള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ദുരവസ്ഥ. എന്നാല്‍, ട്വന്റി20 ഭരണസമിതി അധികാരത്തില്‍ വന്നതോടെ ഈ ചിത്രം മാറിമറിഞ്ഞു. ‘ഈ നാടിന് ആവശ്യമുള്ളതെല്ലാം ഇവിടെ ഉല്‍പാദിപ്പിക്കണം’ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കാര്‍ഷിക വിപ്ലവം ഇന്ന് ഏക്കറുക്കണക്കിന് തരിശുഭൂമിയെ വിളഭൂമിയാക്കി മാറ്റിയിരിക്കുന്നു.

കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഭൂമി സൗജന്യമായി കൃഷിയോഗ്യമാക്കി നല്‍കിയ ട്വന്റി20, നെല്ല്, കരിമ്പ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങി ഒട്ടേറെ വിളകള്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്നു. വിഷരഹിതമായ ജൈവ ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ട്വന്റി20 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് വഴി ലഭ്യമാക്കിയിരുന്നു. നൂറുകണക്കിന് ഏക്കര്‍ തരിശുഭൂമികളില്‍ ജൈവ പച്ചക്കറി കൃഷി ചെയ്യുന്നതും, ഏക്കറുകണക്കിന് സ്ഥലത്ത് കരിമ്പ് കൃഷി ചെയ്ത് ശര്‍ക്കര ഉല്‍പാദിപ്പിച്ചതും ഈ മുന്നേറ്റത്തിന്റെ ഉദാഹരണങ്ങളാണ്. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പച്ചക്കറിവിത്തുകളും പതിനായിരക്കണക്കിന് ഗ്രോബാഗുകളും സൗജന്യമായി നല്‍കി ‘ഹരിത കിഴക്കമ്പലം’ പദ്ധതിയിലൂടെ വീടുകള്‍ തോറും കൃഷി വ്യാപിപ്പിച്ചു.

തൊഴിലാളി ക്ഷാമം മൂലം കൃഷി ഉപേക്ഷിച്ച കര്‍ഷകരെ തിരികെ കൊണ്ടുവരാന്‍ ട്വന്റി20 നടപ്പാക്കിയത് വിപ്ലവകരമായ യന്ത്രവല്‍ക്കരണമാണ്. പഞ്ചായത്തിലെ മുഴുവന്‍ പാടശേഖരങ്ങളും സൗജന്യമായി ഉഴുതുനല്‍കാനായി അഞ്ച് ട്രാക്ടറുകളാണ് കര്‍ഷകര്‍ക്ക് കൈത്താങ്ങായി നല്‍കിയത്. കൂടാതെ, തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാന്‍ ആധുനിക കൊയ്ത്തുയന്ത്രങ്ങളും ട്രാക്ടറുകളും ഇറങ്ങാന്‍ കഴിയാത്ത പാടങ്ങളില്‍ കൃഷിയിറക്കാന്‍ ആറ് ടില്ലറുകളും സൗജന്യ സേവനത്തിനായി രംഗത്തുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം കൃഷിയില്‍നിന്ന് വിട്ടുനിന്നവര്‍ക്ക് ഇത് വലിയ ആശ്വാസമായി.

നെല്‍കൃഷിക്ക് പുറമെ, കര്‍ഷകരുടെ സ്ഥിരവരുമാനം ലക്ഷ്യമിട്ട് ഫലവൃക്ഷത്തൈ വിതരണവും സജീവമാണ്. ഓരോ വര്‍ഷവും പതിനായിരക്കണക്കിന് നേന്ത്രവാഴ/ഞാലിപ്പൂവന്‍ വാഴവിത്തുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. പതിനായിരത്തില്‍ അധികം ജാതിത്തൈകള്‍, ആയിരക്കണക്കിന് മാവുകള്‍, പ്ലാവുകള്‍, റംബൂട്ടാന്‍ തൈകള്‍ എന്നിവയും വിതരണം ചെയ്തു. ‘ഒരു വീട്ടില്‍ ഒരു ഫലവൃക്ഷം’ എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ വിതരണത്തിലൂടെ ഇന്ന് പല വീടുകളിലും വിളവെടുപ്പ് ആരംഭിച്ചുകഴിഞ്ഞു. നഷ്ടപ്പെട്ട കാര്‍ഷിക സംസ്‌കാരം പുനരുജ്ജീവിപ്പിച്ച്, യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിച്ച്, നാട്ടിലെ ജനങ്ങള്‍ക്ക് വിഷരഹിത ഭക്ഷണം ഉറപ്പുവരുത്തി, ട്വന്റി20 നടപ്പാക്കുന്ന പദ്ധതികള്‍ ‘സ്വയംപര്യാപ്തതയുടെ’ പുതിയ പാഠമാണ് രാജ്യത്തിന് നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here