Home Aikkaranadu ഇലക്ഷന്‍ പ്രഖ്യാപിക്കും മുമ്പ് ഐക്കരനാട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20

ഇലക്ഷന്‍ പ്രഖ്യാപിക്കും മുമ്പ് ഐക്കരനാട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20

131
0

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ എറണാകുളം ജില്ലയിലെ ഐക്കരനാട് പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20 പാര്‍ട്ടി. ഐക്കരനാട് പഞ്ചായത്തിലെ 16 വാര്‍ഡുകളും വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ 2 ഡിവിഷനുകളും അടക്കം 18 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പട്ടികയില്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെയാണ് ട്വന്റി20 മത്സരത്തിന് രംഗത്തിറക്കിയിരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് ജിന്‍സി ജിനു (കടയിരുപ്പ് ഡിവിഷന്‍), ഐപ്പ് പി.റ്റി (പാങ്കോട് ഡിവിഷന്‍) എന്നിവരാണ് ട്വന്റി20യുടെ സാരഥികള്‍. വാര്‍ഡ് തലത്തില്‍ സന്ധ്യ ബിജു (പഴന്തോട്ടം-1), അഖില രാജേഷ് (പടപ്പറമ്പ്-2), കുര്യാക്കോസ് ടി.വി (വലമ്പൂര്‍-3), ഡീന ദീപക് (ഏഴിപ്രം-4), ജിജോ വര്‍ഗീസ് (കടയിരുപ്പ്-5), ഏലിയാസ് മാത്യു (മാങ്ങാട്ടൂര്‍-6), രഞ്ജിത സാജു( തോന്നിക്ക-7), എല്‍സി സാബു (കടമറ്റം-8), ജിജി എല്‍ദോ (കിടാച്ചിറ-9) രമ്യ അരുണ്‍ (പെരിങ്ങോള്‍ -10), അനു എല്‍ദോസ് (തൊണ്ടിപ്പീടിക-11), ആശ കുട്ടപ്പന്‍ (പാറേപ്പീടിക-12), എബി മാത്യു (പുളിഞ്ചോട്-13), പ്രസന്ന പ്രദീപ് (പാങ്കോട്-14), അനിത സി.കെ( ഇരുപ്പച്ചിറ-15), അമിത പി.എം (മനയത്തുപീടിക-16) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളും ട്വന്റി20 ആരംഭിച്ചുകഴിഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ട്വന്റി20 ഭരണസമിതിയുടെ പ്രവര്‍ത്തന മികവ് ചൂണ്ടിക്കാട്ടിയാണ് ട്വന്റി20 ഈ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ മത്സരത്തിനിറങ്ങുന്നത്. ഐക്കരനാട് പഞ്ചായത്തില്‍ ട്വന്റി20 ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ 12 കോടി രൂപയാണ് നീക്കിയിരിപ്പ് ഉള്ളത്. പഞ്ചായത്തില്‍ പ്രഖ്യാപിച്ച മുഴുവന്‍ പദ്ധതികളും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇത്രയും തുക മിച്ചം പിടിക്കാന്‍ ഭരണസമിതിക്ക് സാധിച്ചത്. തുടര്‍ഭരണം ലഭിക്കുന്നമുറയ്ക്ക് നീക്കിയിരിപ്പ് തുക ജനങ്ങളിലേയ്ക്ക് തിരിച്ചെത്തുംവിധമുള്ള പദ്ധതികള്‍ നടപ്പിലാക്കാനാണ് ട്വന്റി20യുടെ തീരുമാനം. ട്വന്റി20 പഞ്ചായത്തുകളില്‍ വൈദ്യുതി, പാചകവാതക സബ്‌സീഡികള്‍ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് എത്തുംവിധം നീക്കിയിരിപ്പ് തുക വിതരണം ചെയ്യുമെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ, ജനക്ഷേമപ്രദമായ മറ്റ് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനും പാര്‍ട്ടി പദ്ധതിയിടുന്നു.

തിരഞ്ഞെടുപ്പ് തീയതിക്ക് മുമ്പേ ട്വന്റി20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതും തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതും പ്രതിപക്ഷ പാര്‍ട്ടികളെ അങ്കലാപ്പില്‍ ആക്കിക്കഴിഞ്ഞു. ട്വന്റി20യുടെ അപ്രതീക്ഷിത നീക്കത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് ഇടത് വലത് പാര്‍ട്ടികള്‍. പതിവുപോലെ അപരന്മാരെ കളത്തിലിറക്കിയും ഇന്ത്യ മുന്നണിയുടെ ബലത്തില്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചും ട്വന്റി20 സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം കുറയ്ക്കാനുള്ള നീക്കവും പ്രതിപക്ഷ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ നീക്കം മുന്നില്‍കണ്ട ട്വന്റി20, ജനപ്രീയരായ സ്ഥാനാര്‍ത്ഥികളെ മത്സരത്തിനിറക്കി പ്രതീപക്ഷ നീക്കങ്ങളെ പിന്നിലാക്കി കുതിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here