കൊച്ചി: ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളില്‍ രണ്ടെണ്ണവും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും നഷ്ടമായെങ്കിലും വോട്ടുകണക്കില്‍ കിഴക്കമ്പലത്ത് ട്വന്റി 20യുടെ നില ഭദ്രം. കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകള്‍ നിലനിര്‍ത്തിയപ്പോള്‍ കുന്നത്തുനാടും മഴുവന്നൂരും കൈവിട്ടു. പൂതൃക്ക, തിരുവാണിയൂര്‍ പഞ്ചായത്തുകളില്‍ ട്വന്റി20 നിര്‍ണ്ണായക ശക്തിയായി. പുത്തന്‍കുരിശ് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ സാന്നിദ്ധ്യമറിയിച്ചു.ആദ്യമായി മത്സരിച്ച തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ അക്കൗണ്ട് തുറക്കാനായി. കൂടാതെ പൂതൃക്കയില്‍ ഏഴ്, വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ രണ്ട് സീറ്റ്, തിരുവാണിയൂര്‍ പഞ്ചായത്തില്‍ ഒന്‍പത് സീറ്റ്, തൊടുപുഴയിലെ മണക്കാട് പഞ്ചായത്തില്‍ ഒരു സീറ്റ്, വെങ്ങോല പഞ്ചായത്തിലെ ആറ് വാര്‍ഡും ഒരു ബ്ലോക്ക് ഡിവിഷനും കരസ്ഥമാക്കി.
കിഴക്കമ്പലത്ത് ഇടതു-വലതു മുന്നണികളുടെ കൂട്ടായ്മ ട്വന്റി 20ക്കെതിരെ മത്സരരംഗത്ത് വന്നെങ്കിലും ഏഴ് വാര്‍ഡുകളില്‍ ഒതുങ്ങി. 14 വാര്‍ഡുകളും ട്വന്റി 20 നിലനിര്‍ത്തി. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലെ 154 പഞ്ചായത്ത് വാര്‍ഡുകളില്‍ വാഴക്കുളത്തെ 24 വാര്‍ഡുകളിലും കുന്നത്തുനാട് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും മാത്രമാണ് ട്വന്റി 20 വിട്ടുനിന്നത്. ഇടതു-വലത്-എന്‍.ഡി.എ മുന്നണികള്‍ ട്വന്റി 20യുമായി നേര്‍ക്കുനേര്‍ മത്സരമായിരുന്നു നടന്നത്.
കുന്നത്തുനാട് നിയമസഭാ മണ്ഡലം
പഞ്ചായത്തുകള്‍: 8
ആകെ വാര്‍ഡുകള്‍: 154
ട്വന്റി 20 മത്സരിച്ചത്: 128
വിജയിച്ചത്:
ട്വന്റി 20: 62
യു.ഡി.എഫ്: 35
എല്‍.ഡി.എഫ്: 22
എന്‍.ഡി.എ: 01
മറ്റുള്ളവര്‍: 08
കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളില്‍ ട്വന്റി 20ക്കും കുന്നത്തുനാട്, വാഴക്കുളം പഞ്ചായത്തുകളില്‍ യു.ഡി.എഫിനുമാണ് കേവല ഭൂരിപക്ഷം. മറ്റ് നാല് പഞ്ചായത്തുകളിലും വടവുകോട് ബ്ലോക്ക് പഞ്ചായത്തിലും ആര്‍ക്കും ഭൂരിപക്ഷമില്ല.
പൂതൃക്ക, പുത്തന്‍കുരിശ് പഞ്ചായത്തുകളില്‍ യു.ഡി.എഫ് ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോള്‍ ഉറച്ചകോട്ടയായ തിരുവാണിയൂരിലടക്കം ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടു. ഐക്കരനാട് പഞ്ചായത്ത് ഇക്കുറിയും തൂത്തുവാരി. വാഴക്കുളം ബ്ലോക്കിലെ പുക്കാട്ടുപടി, കിഴക്കമ്പലം ഡിവിഷനുകളും ട്വന്റി 20 നിലനിറുത്തി. കേരളത്തിലെ മുഴുവന്‍ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കുമെതിരെ ഒറ്റയ്ക്കാണ് പാര്‍ട്ടി മത്സരിച്ചത്. മത്സരിച്ച എല്ലാ സീറ്റിലും മികച്ച വോട്ട് വിഹിതം നേടാനായി. ഭാവി പരിപാടികള്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം. സാബു ജേക്കബ് പറഞ്ഞു
















