നവരാഷ്ട്രീയ സംസ്കാരത്തില്‍ ഇന്ന് കച്ചവടത്തിനല്ല, മറിച്ച് ജനങ്ങളോടുള്ള ആത്മാര്‍ത്ഥമായ സമര്‍പ്പണത്തിനാണ് സ്ഥാനമെന്ന് ഉലകനായകന് കമല്ഹാസന്. രാഷ്ട്രീയ രംഗത്ത് ട്വന്റി20 തീര്‍ത്ത വിസ്മയത്തെ സൂചിപ്പിച്ചുകൊണ്ട്, ”തീ എന്നും തീ തന്നെയാണ്. അതില്‍ ചെറുതും വലുതുമില്ല. ആ തീ ആളിപ്പടരുകതന്നെ ചെയ്യും,” എന്ന് അദ്ദേഹം പറഞ്ഞു. ചെറുതായി തുടങ്ങിയ കിഴക്കമ്പലത്തെ ട്വന്റി20 കൂട്ടായ്മയുടെ ഇന്നത്തെ വിജയവും വളര്‍ച്ചയും ഇതിനുള്ള ഏറ്റവും വലിയ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിഴക്കമ്പലം പഞ്ചായത്തും ട്വന്റി20യും സംയുക്തമായി നടപ്പിലാക്കിയ, ഞാറള്ളൂര്‍ ലക്ഷം വീട് കോളനി നവീകരണ പദ്ധതിയായ ‘ഗോഡ്സ് വില്ല’യുടെ താക്കോല്‍ കൈമാറ്റ ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ രാഷ്ട്രീയത്തില്‍ ട്വന്റി20യുടെ വളര്‍ച്ച ഒരു ശ്രദ്ധേയമായ രാഷ്ട്രീയ അടയാളമായി മാറിയതിനെക്കുറിച്ചും അദ്ദേഹം മനസ്സുതുറന്നു.
രാജ്യത്തെ രാഷ്ട്രീയ സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണ് ‘നമുക്ക് ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ’ എന്ന് മറ്റുള്ളവര്‍ക്ക് തോന്നിപ്പിക്കുന്ന മികച്ച ആശയങ്ങള്‍ നടപ്പിലാക്കുന്നവരാണ് ഇന്നത്തെ ജനകീയ രാഷ്ട്രീയ നേതാക്കളെന്നും അദ്ദേഹം വിലയിരുത്തി. ഇത്തരത്തിലുള്ള മികച്ച ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് രാഷ്ട്രീയ അധികാരം അത്യാവശ്യമാണ്. അതുകൊണ്ടാണ് ട്വന്റി20ക്ക് ‘ഗോഡ്സ് വില്ല’ പോലെയുള്ള വിപ്ലവകരമായ ഒരു ഭവന പദ്ധതി വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഗോഡ്സ് വില്ല’ മാതൃകയില്‍ തമിഴ്നാട്ടിലും പദ്ധതികള്‍ തുടങ്ങാന്‍ താന്‍ ആലോചിക്കുന്നുണ്ടെന്നും കമല്ഹാസന് വെളിപ്പെടുത്തി. ട്വന്റി20 കേവലം ഒരു പ്രസ്ഥാനമല്ല, അതൊരു സംസ്കാരമായി വളര്‍ന്നു കഴിഞ്ഞു. അഴിമതിരഹിതവും ജനപക്ഷവുമായ ഈ ഭരണ മാതൃക സമൂഹം പൂര്‍ണ്ണമായും പിന്തുണയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയും ജനക്ഷേമവുമാണ് പുതിയ കാലത്തെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനമെന്നും, ആ വഴിയിലാണ് ട്വന്റി20യുടെ വളര്‍ച്ചയെന്നും ഉലകനായകന് നിസ്സംശയം പ്രഖ്യാപിച്ചു.
















