കേരളത്തിലെ ഇടതും വലതും ന്യൂനപക്ഷങ്ങളെചൊല്ലി ഒരുപാട് വിലപിക്കുന്നതല്ലാതെ ഇവര്‍ക്ക് ആര്‍ക്കെങ്കിലും ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ടോയെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. രണ്ട് ആടുകളെ കൂട്ടിയിടിപ്പിച്ച് അവയുടെ രക്തം ഊറ്റിക്കുടിക്കുന്ന ചെന്നായ്ക്കളുടെ സ്ഥാനമാണ് ഇവര്‍ ഏറ്റെടുത്തിട്ടുള്ളതെന്നും ഇടത്-വലത് മുന്നണികളെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ന്യൂനക്ഷങ്ങളെ തമ്മിലടിപ്പിച്ച് അവരുടെ രക്തം ഊറ്റിക്കുടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇവര്‍ക്ക് ആര്‍ക്കും ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. ഇൗ പ്രശ്നങ്ങള്‍ക്ക് അവര്‍ പരിഹാരം കാണുകയുമില്ല. കാരണം ഇടത്-വലത് പക്ഷങ്ങളെ സംബന്ധിച്ച് ഇതൊരു രാഷ്ട്രീയ മുതലെടുപ്പാണ്. രാഷ്ട്രീയം എത്രത്തോളമുണ്ടോ അത്രയും കാലം ഈ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് അതില്‍ ഒരു രാഷ്ട്രീയ മുതലെടുപ്പ് നടത്താനായിട്ടുള്ള ശ്രമങ്ങളാണ് എല്‍.ഡി.എഫും യു.ഡി.എഫും നടത്തിവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പക്ഷേ ട്വന്റി20യുടെ എന്‍.ഡി.എ പ്രവേശനത്തിലൂടെ, തീര്‍ച്ചയായിട്ടും ഇവിടുത്തെ ന്യൂനപക്ഷങ്ങളെ, അവര്‍ നേരിടുന്ന പ്രശ്നങ്ങളെ, അവരുടെ പ്രയാസങ്ങളെ, ബുദ്ധിമുട്ടുകളെ പരിഹരിക്കുന്നതിന്, കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ശാശ്വതമായ പരിഹാരങ്ങള്‍ കണ്ടുപിടിക്കുക എന്നതായിരിക്കും ഞങ്ങളുടെ ലക്ഷ്യം. തീര്‍ച്ചയായും അതിനുവേണ്ടിയാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ എന്‍.ഡി.എ പ്രവേശനത്തിനുള്ള ട്വന്റി20യുടെ തീരുമാനം സ്റ്റേറ്റ് കമ്മിറ്റിയും ജില്ലാ കമ്മറ്റിയും അതുപോലെതന്നെ എല്ലാ ആളുകളുടെയും അനുവാദത്തോടുകൂടി പ്രസിഡന്റ് എന്ന നിലയില്‍ താന്‍ ചര്‍ച്ചകള്‍ നടത്തി തീരുമാനം എടുത്തിട്ടുള്ളതാണെന്നും പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. കേരളത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള കൂട്ടുകെട്ടാണ് ട്വന്റി20-എന്‍.ഡി.എ സഖ്യം. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന ഏതൊരാളും രാഷ്ട്രീയം മറന്ന് ഈ കൂട്ടുകെട്ടിനെ അനുകൂലിക്കുമെന്ന് ട്വന്റി20 പാര്‍ട്ടി വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
















