സ്വദേശീയ കൃഷി സംരക്ഷണത്തിനും ഭക്ഷ്യ സുരക്ഷയ്ക്കുമായി ട്വന്റി20യുടെ നേതൃത്വത്തില്‍ നടന്ന ഹരിത കിഴക്കമ്പലം – ഞാലിപ്പൂവന് വിത്ത് വിതരണ പരിപാടി, നാട്ടിലെ നൂറുകണക്കിന് കുടുംബങ്ങളില്‍ വലിയ ഉണര്‍വ് സൃഷ്ടിച്ചു. പതിവുപോലെ വിത്ത് വിതരണം മാത്രമല്ല, നടീല്‍ സൗകര്യത്തിനായി തൊഴിലാളികളെയും സൗജന്യമായി വിട്ടുനല്‍കിയാണ് ട്വന്റി20 വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തൊഴിലാളികളുടെ അഭാവം മൂലം കൃഷി തുടങ്ങാനാകാതെ നിന്നിരുന്ന സാധാരണ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു ഈ നീക്കം.
പദ്ധതിയുടെ ഭാഗമായി 3 ലക്ഷം ഞാലിപ്പൂവന് വാഴവിത്തുകള്‍, കൃഷി ചെയ്യാന്‍ താല്പര്യമുള്ള കുടുംബങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്തു. കൂടാതെ, പ്രതി വര്‍ഷം 50,000 നേന്ത്രവാഴവിത്തുകള് നാട്ടുകാര്‍ക്ക് സൗജന്യമായി നല്‍കിയും ട്വന്റി20 കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു. യാതൊരു ചിലവുമില്ലാതെ കൃഷിക്കാര്‍ക്ക് ലഭിക്കുന്ന ഈ സഹായം, അവരെ സ്വയംപര്യാപ്തതയിലേക്കും സ്ഥിരമായ വരുമാനത്തിലേക്കും അടുപ്പിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഉയര്‍ന്ന നിലവാരമുള്ള വിത്തുകള്‍ സൗജന്യമായി നല്കി, നടീല്‍ വരെ ഉറപ്പാക്കുന്ന ട്വന്റി20യുടെ ഇത്തരം പദ്ധതികള്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോലും മാതൃകയാണ്.
















