കുന്നത്തുനാട്: തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇടത്-വലത് സ്ഥാനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കി ട്വന്റി20-എന്‍.ഡി.എ കുന്നത്തുനാട് സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. മഴുവന്നൂര്‍, വാഴക്കുളം എന്‍.ഡി.എ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകളുടെ ഉദ്ഘാടനവും തുടര്‍ന്ന് നടന്ന റോഡ് ഷോയും അണികളെ ആവേശത്തിലാഴ്തി.

വൈകിട്ട് മൂന്ന് മണിയോടെ മഴുവന്നൂര്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് പിന്നാലെ ആരംഭിച്ച കുന്നത്തുനാട് സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ റോഡ് ഷോ മംഗലത്തുനടയില്‍ ആരംഭിച്ച് നെല്ലാട്, മണ്ണൂര്‍, വളയന്‍ചിരങ്ങര, റബ്ബര്‍ പാര്‍ക്ക്, ചീനക്കുഴി, ബ്ലാന്തേവര്‍ എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് ഐരാപുരത്ത് അവസാനിച്ചു. തുറന്ന ജീപ്പില്‍ പ്രചരണം നയിച്ച ബാബു ദിവാകരനെ കാറുകളിലും ഇരുചക്ര വാഹനങ്ങളിലുമായി അണികള്‍ പിന്‍തുടര്‍ന്നു. പ്രീയപ്പെട്ട നേതാവിനെ കാണുവാനും അഭിവാദ്യം അര്‍പ്പിക്കുവാനും റോഡിന് ഇരുവശവും അണിനിരന്ന പ്രദേശവാസികള്‍ ഷാളണിയിച്ചും ഹസ്തദാനം നല്‍കിയും ട്വന്റി20-എന്‍.ഡി.എ സഖ്യത്തിന് പിന്തുണ അര്‍പ്പിച്ചു.

തുടര്‍ന്ന് നടന്ന വാഴക്കുളം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബുഹജന പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന റോഡ് ഷോ ചെമ്പറക്കിയില്‍ ആരംഭിച്ച് മുള്ളന്‍കുന്ന്, മുണ്ടക്കകുറ്റി, എഴിപ്പുറം, കുന്നുവഴി, മാറമ്പിള്ളി, അമ്പലത്തുംകാവ് എന്നീ പ്രദേശങ്ങളിലൂടെ കടന്ന് തടിയിട്ടപറമ്പില്‍ അവസാനിച്ചു. വോട്ടര്‍മാരോട് ആശയവിനിമയം നടത്തിയും പ്രദേശവാസികളുടെ ബുദ്ധിമുട്ടുകളും നിര്‍ദ്ദേശങ്ങളും ചോദിച്ചു മനസ്സിലാക്കിയും സാവധാനത്തിലാണ് ബാബു ദിവാകരന്‍ നയിച്ച റോഡ് ഷോ തടിയിട്ടപറമ്പിലെത്തിയത്. റോഡ് ഷോയുടെ സമാപന സമ്മേളനത്തില്‍ വിവിധ ഘടകകക്ഷി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും വോട്ടര്‍മാരും സ്ഥാനാര്‍ത്ഥിയെ ആദരിച്ചു.















