കൊച്ചി: കേരള രാഷ്ട്രീയത്തിലെ അവിശുദ്ധ കൂട്ടുകെട്ടുകളെയും അഴിമതികളെയും ധീരമായി തുറന്നുകാട്ടി ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്. ട്വന്റി-20യുടെ വര്‍ധിച്ചുവരുന്ന ജനപിന്തുണയില്‍ കൊതിപൂണ്ട കുന്നത്തുനാട് എംഎല്‍എ പി.വി ശ്രീനിജിന്‍, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി-20 സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ താല്‍പര്യം അറിയിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ ശ്രീനിജിനെ സംബന്ധിച്ച പല കാര്യങ്ങളിലും അറിവുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന താന്‍ തള്ളിക്കളഞ്ഞതായും സാബു എം. ജേക്കബ് പറഞ്ഞു. കുന്നത്തുനാട് നിയമസഭാ സീറ്റില്‍ വിജയിച്ചശേഷം ശ്രീനിജന്‍ തന്റെ അനുഗ്രഹം തേടിയതായും അദ്ദേഹം വെളിപ്പെടുത്തി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ മറവില്‍ അനധികൃത പണപ്പിരുവ് നടത്തുന്നതായും അദ്ദേഹം വെളിപ്പെടുത്തി. എറണാകുളം ജില്ലയിലെ സിപിഐ(എം), സി.പി.ഐ നേതാക്കള്‍ തന്നില്‍ നിന്നും പണം പിരിച്ചതായും എന്നാല്‍ പിരിച്ച പണത്തിന് രസീത് നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒമ്പത് ജില്ലകളിലായി 60 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും കൊച്ചി കോര്‍പ്പറേഷനിലും ട്വന്റി-20യുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. പാര്‍ട്ടിക്കായി 1,600 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത് ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോലഞ്ചേരിയില്‍ സംഘടിപ്പിച്ച ട്വന്റി-20യുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
















