ബി.എം & ബി.സി ടാറിംഗ് പൂര്‍ത്തിയാക്കിയ എല്ലാ റോഡുകള്‍ക്ക് ഇരുവശവും 1.5 മീറ്റര്‍ വീതിയില്‍ ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെയാണ് ട്വന്റി20 ടൈല്‍ വിരിക്കല്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. സാധാരണഗതിയില്‍ റോഡുകളില്‍ വീഴുന്ന മഴവെള്ളം മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഒഴുകി അറബിക്കടലില്‍ എത്തുകയോ, സമീപത്തുതന്നെ കെട്ടിക്കിടന്ന് റോഡിന് കേടുപാടുകള്‍ സൃഷ്ടിക്കുകയോ ആണ് പതിവ്. എന്നാല്‍ ഈ സാഹചര്യത്തെ പരിസ്ഥിതിക്ക് ഗുണകരമാക്കി മാറ്റുകയാണ് ടൈല്‍ വിരിക്കലിലൂടെ ട്വന്റി20 ചെയ്തത്.
റോഡിന് ഇരുവശവും ഒരടി താഴ്ചയില്‍ കാല് ഇഞ്ച് കനമുള്ള ബേബി മെറ്റലുകള്‍ പാകിയാണ് ടൈല്‍ വിരിക്കല്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. കിലോമീറ്ററുകളോളം ദൈര്‍ഘ്യമുള്ള ഈ പദ്ധതിയിലൂടെ റോഡിലെത്തുന്ന മഴവെള്ളം മുഴുവന്‍ ഒഴുകി പോകുന്നതിനുപകരം ഭൂമിയിലേയ്ക്കുതന്നെ ആഗിരണം ചെയ്യുന്നതിനുള്ള അവസരമൊരുങ്ങുന്നു. ടൈല്‍ വിരിക്കല്‍ പദ്ധതിയിലൂടെ റോഡിലെ കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഒപ്പം സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ശുദ്ധജല ലഭ്യത വര്‍ധിപ്പിക്കുന്നത്തിനുള്ള ശാസ്ത്രീയമായ നടപടികളുമാണ് ട്വന്റി20 സ്വീകരിച്ചത്.
സാധാരണ രീതിയില്‍ റോഡിന്റെ വശങ്ങള് വാട്ടര്‍ കണക്ഷനുകള്‍ സ്ഥാപിക്കുന്നതിനും കേബിളുകള്‍ സ്ഥാപിക്കുന്നതിനും കുത്തിപ്പൊളിക്കുന്ന രീതി കേരളത്തില്‍ സര്‍വ്വ സാധാരണമാണ്. ഈ നടപടികളാണ് പലപ്പോഴും റോഡുകള്‍ വേഗത്തില്‍ നശിക്കുന്നതിന് കാരണമാകുന്നത്. എന്നാല്‍ ശാസ്ത്രീയമായി റോഡിന് ഇരുവശവും ടൈല്‍ വിരിച്ചതിലൂടെ, വിവിധ ആവശ്യങ്ങള്‍ക്കായി റോഡിന് സമീപത്തെ മണ്ണ് നീക്കുന്ന പരമ്പരാഗത രീതികള്‍ക്ക് ട്വന്റി20 അറുതിവരുത്തി. റോഡിന് ഇരുവശവുമുള്ള ടൈലുകള്‍ എടുത്തുമാറ്റി, മെറ്റല്‍ നീക്കി വാട്ടര്‍ കണക്ഷനുകള്‍ സ്ഥാപിക്കുന്നതിനും വിവിധ കേബിളുകള്‍ സ്ഥാപിക്കുന്നതിനും ഇതുവഴി അവസരമൊരുങ്ങി. ഇവ സ്ഥാപിച്ചശേഷം ടൈലുകള്‍ യഥാക്രമം തിരികെവെച്ച് നടപ്പാതകളെ പൂര്‍വ്വസ്ഥിതിയില്‍ ആക്കുന്നതിനും ഇതുവഴി റോഡുകളുടെ ഗുണമേന്മ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്നതിനും സാധിച്ചു. കൂടാതെ, ടൈലുകള്‍ക്കും റോഡിനും ഇടയിലായി കോണ്‍ക്രീറ്റ് ഇടുകവഴി, കേടുപാടുകള്‍ സംഭവിക്കുന്നതില്‍ നിന്നും ട്വന്റി20 റോഡുകള്‍ക്ക് സംരക്ഷണം ഒരുക്കുന്നു.















