Home Top News കിഴക്കമ്പലത്തെ ഉദയ സൂര്യന്‍ : കിരണങ്ങള്‍ മായാതെ ബോബി ജേക്കബും, സാബു ജേക്കബും

കിഴക്കമ്പലത്തെ ഉദയ സൂര്യന്‍ : കിരണങ്ങള്‍ മായാതെ ബോബി ജേക്കബും, സാബു ജേക്കബും

56
0

കൊച്ചിക്കടുത്ത് കിഴക്കമ്പലം എന്ന ചെറുഗ്രാമത്തില്‍ 1968 ല്‍ വെറും എട്ട് തൊഴിലാളികളുമായി അന്ന അലുമിനിയം കമ്പനി പിറവികൊള്ളുമ്പോള്‍, എം.സി. ജേക്കബ് എന്ന യുവസംരംഭകനെ കാത്തിരുന്നത് പ്രതിസന്ധികളുടെ ഉഷ്ണമേഖലകളായിരുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള, കര്‍ഷക കുടുംബത്തില്‍ ജനിച്ച ആ യുവാവ്, അപാരമായ ആത്മവിശ്വാസവും അചഞ്ചലമായ ഈശ്വരവിശ്വാസവും കൈമുതലാക്കി ആ വെല്ലുവിളികളെ നേരിട്ടു. കാലം കടന്നപ്പോള്‍, അന്ന-കിറ്റെക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് വളര്‍ച്ചയുടെ പുതുചക്രവാളങ്ങള്‍ തേടി; പു
തിയ സഹസ്രാബ്ദം പിറന്ന് പത്താണ്ട് പൂര്‍ത്തിയാകുമ്പോള്‍, 12,000ത്തിലേറെ ജീവനക്കാരും കോടികളുടെ വിറ്റുവരവുമുള്ള കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒന്നായി ഈ പ്രസ്ഥാനം മാറി.

അമ്മ അന്നയുടെ പേരിലാണ് ജേക്കബ് കമ്പനി ആരംഭിച്ചത്. ‘ശുദ്ധമായ അലുമിനിയം പാത്രങ്ങള്‍’ വിപണിയിലിറക്കി അദ്ദേഹം മുന്നോട്ട് പോയപ്പോള്‍ വിജയം ഒട്ടും എളുപ്പമായിരുന്നില്ല. നിലവാരം കുറഞ്ഞതും കറുത്തീയം കലര്‍ന്നതുമായ അലുമിനിയം പാത്രങ്ങള്‍ കുറഞ്ഞ വിലയില്‍ വിറ്റിരുന്ന തമിഴ്നാട് കമ്പനികളായിരുന്നു അന്ന് വിപണി കയ്യടക്കിയിരുന്നത്. വില കുറച്ച് മത്സരിക്കാന്‍ ജേക്കബിന് ആവുമായിരുന്നില്ല, എന്നാല്‍ ഗുണനിലവാരം കുറയ്ക്കാന്‍ അദ്ദേഹം ഒരുക്കവുമായിരുന്നില്ല. വാങ്ങാന്‍ ആളില്ലാതെ 1973 വരെ പാത്രങ്ങള്‍ കെട്ടിക്കിടന്നു. സാമ്പത്തിക ബാധ്യത വര്‍ദ്ധിച്ച് തിരിച്ചുവരവില്ലെന്ന് തോന്നിയ ആ പ്രതിസന്ധിയില്‍ രക്ഷകനായെത്തിയത് തമിഴ്‌നാട്ടിലെ പവര്‍കട്ടാണ്. അവിടുത്തെ ഉല്‍പന്നങ്ങള്‍ കിട്ടാതായതോടെ അന്നയുടെ പാത്രങ്ങള്‍ക്ക് ആവശ്യക്കാരായി. അന്നയുടെ പാത്രങ്ങളുടെ ഗുണനിലവാരം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട ആ വിശ്വാസം ഇന്നും തുടരുന്നു.

അന്ന അലുമിനിയം കമ്പനി തുടങ്ങി എട്ടാം കൊല്ലം ‘സാറാസ്’ എന്ന വ്യാപാരനാമത്തില്‍ കറിപ്പൊടികള്‍ വിപണിയിലെത്തിച്ചു. രണ്ടു വര്‍ഷത്തിനുശേഷം, 1978ലാണ് വിഖ്യാതമായ ‘കിറ്റെക്സ്’ ബ്രാന്‍ഡ് പിറന്നത്. മുണ്ടും ബെഡ് ഷീറ്റുമായി തുടങ്ങി, ഇന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി തുണിത്തരങ്ങള്‍ കയറ്റുമതി ചെയ്യുന്ന വന്‍കിട സ്ഥാപനമായി കിറ്റെക്സ് വളര്‍ന്നു. കുറഞ്ഞ കാലംകൊണ്ട് കിറ്റെക്സ് മലയാളികളുടെ വസ്ത്രശേഖരത്തില്‍ ഇടം നേടി. അന്നത്തെ വിപണിയിലെ മുന്‍നിരക്കാരായിരുന്ന ബോംബെ ഡൈയിങ്ങിനേക്കാള്‍ കിറ്റെക്സിന്റെ തുണിക്ക് കൂടുതല്‍ വില ലഭിക്കുന്ന സ്ഥിതി വന്നു. ഇതിന്റെ വിജയഘടകമായി അദ്ദേഹം കരുതുന്നത് ജീവനക്കാരോടുള്ള അടുപ്പമാണ്. കിറ്റെക്സ് മാനേജ്മെന്റ് ആവശ്യപ്പെടുന്ന നിലവാരത്തില്‍ ജീവനക്കാര്‍ തുണിയുണ്ടാക്കി കൊടുക്കുന്നതാണ് ഈ നേട്ടത്തിന് പിന്നിലെ രഹസ്യം.

വ്യവസായ സംരംഭകന്‍, ആയുര്‍വേദ ചികിത്സകന്‍, സാമൂഹിക സേവകന്‍ തുടങ്ങി പലതലങ്ങളില്‍ തിളങ്ങുന്ന വ്യക്തിത്വമായിരുന്നു, ജീവനക്കാര്‍ ആദരപൂര്‍വം ‘ചാച്ചന്‍’ എന്ന് വിളിക്കുന്ന എം.സി. ജേക്കബിന്റേത്. വ്യവസായ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സമ്മാനിക്കുന്ന പ്രഥമ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഇപ്പോള്‍ മക്കളായ ബോബി ജേക്കബും സാബു ജേക്കബുമാണ് സ്ഥാപനങ്ങളുടെ ദൈനംദിന ചുമതലകള്‍ വഹിക്കുന്നത്.

വിടപറയുന്നതിനു മുന്‍പ് തന്റെ ജീവിതത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ”ഈ വയസില്‍ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ തൃപ്തിയുണ്ട്… സത്യസന്ധതയാണു വലിയ സംഗതി, ആരെയും വഞ്ചിക്കാതിരിക്കുക. അപ്പോള്‍ വിജയമുണ്ടാകും.” യുവതലമുറയോട് അദ്ദേഹത്തിന് പറയാനുള്ളത് ഇത്രമാത്രം: ”എല്ലാത്തിനും സ്വന്തം കഴിവു കൊണ്ടാണ് എല്ലാം നേടിയതെന്ന് ഒരിക്കലും കരുതരുത്. മാതാപിതാക്കളെയും ഗുരുക്കന്‍മാരെയും ബഹുമാനിക്കാനും സ്നേഹിക്കാനും കഴിയണം. അവരുടെ അനുഗ്രഹം വേണം.”

നാടിനെ തൊട്ടറിഞ്ഞ കെ.സി ജേക്കബിന്, നാട്ടുകാര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. സ്ഥാപനങ്ങളിലെ ഭൂരിഭാഗം ജീവനക്കാരും സ്വന്തം നാട്ടുകാര്‍. ദിവസവും ഇതേ നാട്ടുകാരുമായി അടുത്തിടപിഴകിയ അദ്ദേഹം, നാടിന്റെ വികസനത്തിനായും നാട്ടുകാരുടെ ക്ഷേമത്തിനായും ചില പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. നാട്ടിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക, നാട്ടിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുക എന്നിവയായിരുന്നു ഇതില്‍ പ്രധാനം. രണ്ടും ബൃഹത് പദ്ധതികള്‍ ആയിരുന്നതിനാല്‍, വ്യാപാരത്തിലെ ലാഭത്തില്‍നിന്നും മിച്ചം പിടിച്ച് ഇതിന് ആവശ്യമായ തുക കണ്ടെത്തുക എന്നത് കെ.സി ജേക്കബിന് മുമ്പില്‍ വലിയ വെല്ലുവിളിയായി. കാരണം, ജനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്തു എന്ന് കാണിക്കുക എന്നാതായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. മറിച്ച് പ്രശ്ന പരിഹാരത്തിനായി ശാശ്വതമായ പരിഹാരങ്ങളെ സൃഷ്ടിക്കുക എന്നതായിരുന്നു. ഈ ലക്ഷ്യത്തിലേയ്ക്കുള്ള ധനസമാഹാരണത്തിന് അദ്ദേഹം ശ്രമിച്ചുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വെല്ലുവിളിതീര്‍ത്തു.

എം.സി. ജേക്കബിന്റെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ മക്കളായ ബോബി ജേക്കബും സാബു ജേക്കബും പിതാവിന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിന് മുന്നിട്ടിറങ്ങി. ചെറുതെന്ന് കരുതിയ പദ്ധതികള്‍ക്ക് പിന്നിലെ പിതാവിന്റെ ദീര്‍ഘവീക്ഷണം എത്രത്തോളം വലുതായിരുന്നു എന്ന് ഇരുവരും തിരിച്ചറിഞ്ഞത് അപ്പോള്‍ മാത്രമായിരുന്നു. ഒരു മെഡിക്കല്‍ ക്യാമ്പിലൂടെയോ, കിണറുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിലൂടെയോ പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ ആയിരുന്നില്ല പൊതുജനത്തെ അലട്ടിയിരിന്നത് എന്ന് ഇരുവരും തിരിച്ചറിഞ്ഞത് പിതാവിന്റെ സ്വപ്ന പദ്ധതികളുമായി മുമ്പോട്ട് പോയ
തിന് ശേഷം മാത്രമാണ്. ഈ തിരിച്ചറിവ് നേരത്തെ ഉള്ളതുകൊണ്ടായിരുന്നു മുമ്പ് പിതാവ്, പദ്ധതികളുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ച് ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം ഒരുക്കുക എന്ന നടപടിയിലേയ്ക്ക് കടക്കാതിരുന്നതെന്നും, സാമ്പത്തിക സമാഹരണത്തിനായി കാത്തിരുന്നതെന്നും അവര്‍ തിരിച്ചറിഞ്ഞു.

മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത ജനങ്ങളില്‍ ഭൂരിഭാഗവും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായ തിരിച്ചറിവ്, നാടിന്റെ ആരോഗ്യ നിലവാരത്തിലെ ഇരുണ്ടമുഖം വ്യക്തമാക്കുന്നതായിരുന്നു. പിതാവ് കാണിച്ചുതന്ന വഴികളില്‍ ഒരു നാടിനെ മുഴുവന്‍ കരകയറ്റാനുള്ള ശ്രമങ്ങളുണ്ടെന്ന് മനസ്സിലാക്കിയ ഇരുവരും ജനകീയ കൂട്ടായ്മ രൂപീകരിച്ച് മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. പദ്ധതികളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രാരംഭ സര്‍വ്വേകളും ആരംഭിച്ചു. സര്‍വ്വേ ഫലങ്ങളില്‍ പലതും പ്രതീക്ഷിച്ചതിനേക്കാള്‍ പതിന്മടങ്ങ് ഇരട്ടിയായിരുന്നു. പദ്ധതികള്‍ക്ക് മുമ്പില്‍ സാമ്പത്തികം വലിയ വെല്ലുവിളികള്‍ തീര്‍ത്തു. സാമ്പത്തിക നഷ്ടം ഭയന്ന് പലരും കൂട്ടായ്മയില്‍ നിന്നും പിന്മാറി. പിതാവിന്റെ ആഗ്രഹ പൂര്‍ത്തീകരണം ലക്ഷ്യമിട്ട ബോബിയും സാബുവും പിന്നോട്ടുപോകാന്‍ തയ്യാറായിരുന്നില്ല. പിതാവിന്റെ സ്വപ്നം തങ്ങളുടെയും സ്വപ്നമായി മാറിക്കഴിഞ്ഞുവെന്ന് ഇരുവരും തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.

കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഇടയിലും പദ്ധതികളുമായി മുന്നോട്ടുപോകാന്‍ ഇരുവരും തീരുമാനിച്ചു. വിമര്‍ശകരെ സംബന്ധിച്ച്, വലിയ ഒരു ബിസിനസിന്റെ ലാഭ വിഹിതത്തിലെ ഏതാനും അംശം സാമൂഹിക സേവനങ്ങള്‍ക്കായി ചിലവഴിക്കുന്ന രണ്ട് മുതലാളി സഹോദരങ്ങള്‍ എന്ന ലേബലായിരുന്നു ബോബിക്കും സാബുവിനും ലഭിച്ചത്. എന്നാല്‍ ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ഇരുവരും നേരിട്ട സാമ്പത്തിക വെല്ലുവിളികളും രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പുകളും എത്രമേല്‍ വലുതായിരുന്നുവെന്നത് വാക്കുകള്‍ക്ക് അതീതമാണ്. ആഢംബര ജീവിതത്തിന്റെ മധുരം നുകര്‍ന്ന്, കുടുംബത്തോടൊപ്പം ഭാവി കെട്ടിപ്പടുക്കേണ്ട രണ്ടുപേര്‍, അവയെല്ലാം ത്യജിച്ച് തങ്ങള്‍ക്കായി തെരുവിലിറങ്ങിയപ്പോള്‍, അത് കണ്ടില്ലെന്ന് നടിക്കാന്‍ ജനത്തിനായില്ല. വിവിധ കോളനികളിലേയ്ക്ക് ആരംഭിച്ച കുടിവെള്ള പദ്ധതികള്‍ തടസ്സപ്പെടുത്തിയ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ തെരുവില്‍ പ്രക്ഷോഭം നടത്തിയാണ് പൊതുജനം സാബുവിനും ബോബിക്കും ഒപ്പം നിന്നത്. തങ്ങളുടെ വ്യവസായത്തെ ഹൃദയത്തില്‍ സ്വീകരിച്ച ജനത്തെ കൈപിടിച്ച് നടത്താനുള്ള പിതാവിന്റെ ദീര്‍ഘവീക്ഷണം എത്രത്തോളം മികച്ചതായിരുന്നുവെന്ന് ഇരുവരും തിരിച്ചറിഞ്ഞ നിമിഷം കൂടിയായിരുന്നു അത്. ആ സ്വപ്നങ്ങളുടെ പ്രതിഫലനമാണ് ഇന്ന് കേരളം കണ്ട ഏറ്റവും വലിയ ജനകീയ കൂട്ടായ്മയായി ട്വന്റി20യെ വളര്‍ത്തിയത്. നാളെകളില്‍ രാജ്യത്തിന് മാതൃകയായി ട്വന്റി20 വികസനത്തിന്റെ ഉയരങ്ങള്‍ കീഴടക്കുമ്പോഴും, കെ.സി ജേക്കബ് എന്ന പിതാവിന്റെ കരുതലും ദീര്‍ഘവീക്ഷണവും ആ കൂട്ടായ്മയ്ക്ക് പിന്നില്‍ താങ്ങും തണലുമായി എന്നും കൂടെയുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here