പൂതൃക്ക പഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റ് എട്ടാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്തി ട്വന്റി20. 96 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ട്വന്റി20 സ്ഥാനാര്‍ത്ഥി ദീനമ്മ ജേക്കബ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.
കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ കുതിര കച്ചവടത്തിന്റെ ഭാഗമായി ട്വന്റി20 വാര്‍ഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പൂജ ജോമോന്‍ രാജിവെച്ചൊഴിഞ്ഞ സീറ്റിലേയ്ക്കാണ് മത്സരം നടന്നത്. നിരവധി അപവാദ പ്രചരണങ്ങളെയും രാഷ്ട്രീയ കുതന്ത്രങ്ങളെയും ഭീഷണികളെയും നേരിട്ടാണ് ട്വന്റി20 വാര്‍ഡില്‍ മത്സരിച്ചത്.
സിറ്റിങ് സീറ്റ് നിലനിര്‍ത്തുക എന്നത് അഭിമാന പോരാട്ടമായി കാണുന്നതിനൊപ്പം പരമാവധി ഭൂരിപക്ഷം നേടി രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനും മുന്നണി ലക്ഷ്യമിട്ടു. ട്വന്റി20 മുന്നോട്ടുവച്ച വികസന കാഴ്ചപ്പാടുകളും, നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങളും നെഞ്ചിലേറ്റിയ ജനം, ഈ പോരാട്ടത്തില്‍ പാര്‍ട്ടിക്കൊപ്പം നിന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ തവണത്തേക്കാള്‍ അധിക വോട്ടുനല്‍കി, 96 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ട്വന്റി20യെ വിജയിപ്പിച്ച് വാര്‍ഡിലെ വോട്ടര്‍മാര്‍ അവരുടെ നിലപാട് വ്യക്തമാക്കി. 49 വോട്ടിന്റെ ഭൂരിപക്ഷമാണ് വാര്‍ഡില്‍ കഴിഞ്ഞതവണ ട്വന്റി20ക്ക് ലഭിച്ചിരുന്നത്.
തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം സാധ്യമാക്കിയ കോലഞ്ചേരിയിലെ പ്രിയ വോട്ടര്‍മാര്‍ക്കും, വിജയത്തിനായി അഹോരാത്രം പ്രയത്‌നിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും, ജനവിധിയിലൂടെ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയ പ്രിയ നിയുക്ത മെമ്പര്‍ ശ്രീമതി ദീനാമ്മ ജേക്കബിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായി പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ് വ്യക്തമാക്കി.















