പുത്തന്‍കുരിശ്: തിരുവാണിയൂര്‍ പഞ്ചായത്തിലെ സുപ്രധാന ജലസ്രോതസ്സായ വലിയതോടിന്റെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കാനും ജലസംരക്ഷണം ഉറപ്പാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് ട്വന്റി20 പാര്‍ട്ടി. നൂറുകണക്കിന് കര്‍ഷകരെയും നാട്ടുകാരെയും സാക്ഷിനിര്‍ത്തി പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ് വലിയതോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.

വലിയതോടിന്റെ ഇരുവശത്തുമുള്ള നെല്‍കര്‍ഷകരുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തോട് ശുചീകരിക്കാന്‍ പാര്‍ട്ടി മുന്നിട്ടിറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. തോട് വീതികൂട്ടി ചെളി നീക്കം ചെയ്യുന്നതോടെ പ്രദേശത്തെ ജലക്ഷാമം ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കും. മുപ്പത് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് പാര്‍ട്ടി ഈ ഉദ്യമത്തിന് ഇറങ്ങിയിരിക്കുന്നതെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി.
മുന്‍പ് പഞ്ചായത്ത് ഭരിച്ച ഇടതു-വലതു മുന്നണികളോട് തോടിനെ സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ ഫണ്ടില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്ന് കര്‍ഷകര്‍ ആരോപിച്ചു. തോട് വൃത്തിയാക്കുന്നതോടെ വര്‍ഷത്തില്‍ രണ്ടുതവണ കൃഷിയിറക്കാനുള്ള അവസരമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന സന്തോഷവും കര്‍ഷകര്‍ പങ്കുവെച്ചു.
തോടിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതും അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതും ജെ.സി.ബി. ഉപയോഗിച്ചാണ്. എട്ട് കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള തോട്ടിലെ ചെളി പൂര്‍ണ്ണമായും നീക്കുന്നതോടെ ജലത്തിന്റെ ഒഴുക്ക് സുഗമമാകും. പ്രദേശത്തെ കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുന്നതിനും ഈ ജലസ്രോതസ്സ് സംരക്ഷണ പദ്ധതി വലിയ ഗുണം ചെയ്യും. ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്ന ശുചീകരണ പ്രവൃത്തികളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
തിരുവാണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റെജി വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്വന്റി20 പാര്‍ട്ടി മധ്യമേഖലാ വൈസ് പ്രസിഡന്റ് അഡ്വ. ചാര്‍ളി പോള്‍, കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് ജിബി അബ്രഹാം, വാര്‍ഡ് മെമ്പര്‍ അനി കെ. മത്തായി എന്നിവര്‍ പ്രസംഗിച്ചു.














