റിപ്പോര്‍ട്ടര്‍ ടി.വി ഉടന്‍ അടച്ചുപൂട്ടുമെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ്. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ചാനല്‍ ഉടമകളുടെ ശ്രമം താന്‍ പരാജയപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ടി.വിക്ക് ലൈസന്‍സില്ലാ എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നിന്നും ഞാന്‍ അനുകൂല ഉത്തരവ് നേടി. ചാനലിന് എതിരെ രണ്ട് മാസത്തിനകം നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച്, എന്നെ കക്ഷി ചേര്‍ക്കാതെ ചാനല്‍ ഉടമകള്‍ ആ ഉത്തരവില്‍ ഇന്‍ജക്ഷന്‍ ഓര്‍ഡര്‍ വാങ്ങി. പിന്നാലെ ഞാന്‍ ഈ വിഷയത്തില്‍ കോടതിയെ വീണ്ടും സമീപിക്കുകയും, അടുത്ത നവംബര്‍ 23ന് അകം കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആയതിനാല്‍ അടുത്ത നവംബറിന് ഉള്ളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പൂട്ടിയേ പറ്റൂ. കാരണം ഇന്നത്തെ നിയമം അനുസരിച്ച് ബ്രോഡ്കാസ്റ്റ് ചെയ്യാനുള്ള ഒരു ലൈസന്‍സും റിപ്പോര്‍ട്ടര്‍ ടി.വിക്ക് നിലവില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ചാനലിന്റെ ബാനറില്‍ എല്ലാ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തി, അതിന് മറയായിട്ടാണ് ഈ ചാനല്‍ പ്രവര്‍ത്തിച്ചുവരുന്നത്. സാധാരണ ഒരു ചാനലിന്റെ ഓഫീസ് റെയ്ഡ് നടത്താനോ, അതിന്റെ ഉടമസ്ഥരെ കുറിച്ച് അന്വേഷണം നടത്താനോ ഒരു രാഷ്ട്രീയ പാര്‍ട്ടികളും മുതിരാറില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇയാളുടെ സ്വാധീന വലയത്തിലുണ്ട്. ആന്റോയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ അവസാനിക്കുന്നില്ല. രാജ്യത്തിന് പുറത്തും ഇയാള്‍ക്ക് ഹവാല ഇടപാടുകളും കള്ളപ്പണ ഇടപാടുകളുമുണ്ട്. ഇഡിയും സിബിഐയും സംയുക്തമായി അന്വേഷണം നടത്തിയാലേ ഇതെല്ലാം കണ്ടെത്താന്‍ സാധിക്കൂ.
നിയമവിരുദ്ധമായി പണം സമാഹരിക്കുക. അതില്‍ ഒരു വിഹിതം രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും വിലയ്‌ക്കെടുക്കാന്‍ ഉപയോഗിക്കുക എന്നതാണ് ആന്റോയുടെ ശൈലി. ആയതിനാല്‍ നിയമപരമായി പോയാല്‍ മാത്രമേ ഈ ദുരന്തത്തിന് തടയിടാന്‍ സാധിക്കൂ. കോടതിയിലൂടെ ഇത് സാധിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

















