വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അപേക്ഷകളോ നിവേദനങ്ങളോ ആയി ഭരണാധികാരികളുടെ കരുണകാത്ത് നില്‍ക്കേണ്ടവരല്ല ജനങ്ങള്‍. മറിച്ച്, ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞും, കൃത്യമായ ഇടവേളകളില്‍ ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന്, അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു നാടിനെ നയിക്കേണ്ടവരാണ് ഭരണാധികാരികള്‍. ഈ ആശയത്തെ ഉള്‍ക്കൊണ്ട് ട്വന്റി 20 നടത്തിവരുന്ന വിവിധ സേവനങ്ങള്‍ പൊതുജനത്തിന്റെ ആത്മാഭിമാനത്തെ സംരക്ഷിക്കുക മാത്രമല്ല, ജനങ്ങളുടെ ജീവിത നിലവാരത്തെ മെച്ചപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്.
അഴിമതി രഹിത ഭരണ നിര്‍വ്വഹണം എന്നത് ആശയങ്ങളില്‍ ഒതുക്കാതെ പ്രവൃത്തിയിലൂടെ സാധ്യമാക്കുകയാണ് ട്വന്റി 20. ജനങ്ങളുടെ പണം ജനങ്ങളിലേയ്ക്ക് തിരികെ എത്തിക്കുന്നതിന് വിവിധ പദ്ധതികളെ ആസൂത്രം ചെയ്യുന്നതിനും, മുഴുവന്‍ ഗുണഭോക്താക്കളെയും കണ്ടെത്തി പദ്ധതിയുടെ ഭാഗമാക്കുന്നതിനും ട്വന്റി 20 ശ്രദ്ധചെലുത്തുന്നു.
കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, അടിയന്തിര സഹായങ്ങള്‍ ആവശ്യമുള്ളവര്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള മുഴുവന്‍ ആളുകളെയും വിവിധ പദ്ധതികളുടെ ഭാഗമാക്കുന്നതില്‍ ട്വന്റി 20 വിജയിച്ചു.
ഭരണകര്‍ത്താക്കള്‍ ഒരുക്കുന്ന സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന അവബോധം വളര്‍ത്തുന്നതിനും, സേവനങ്ങളുടെ ഭാഗമാകുന്നത് ഒരാളുടെയും വ്യക്തിത്വത്തെ അപകീര്‍ത്തിപ്പെടുത്തില്ലെന്നുമുള്ള തിരിച്ചറിവ് ജനങ്ങളില്‍ വളര്‍ത്തിയെടുക്കുവാനും ട്വന്റി 20ക്ക് സാധിച്ചു. ഇത് ജനങ്ങളെ ഭരണകര്‍ക്കളിലേയ്ക്ക് അടുപ്പിക്കുകയും, തങ്ങളുടെ ആവശ്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അര്‍ഹമായ ഏതൊരു ആവശ്യത്തെയും അതിന്റെ എല്ലാ പ്രാധാന്യത്തോടെയും ഉള്‍ക്കൊള്ളുന്ന ട്വന്റി 20, വിഷയത്തില്‍ സമഗ്രമായ പഠനം നടത്തിയശേഷം ഉപഭോക്താവിന് ഏറ്റവും ഗുണപ്രദമായ രീതിയിലാണ് ഓരോ സേവനങ്ങളും ഒരുക്കിവരുന്നത്.
















