അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമാവുകയാണ് ട്വന്റി20. നടി വീണ നായര്‍ ഏറ്റുമാനൂരില്‍ ട്വന്റി20-എന്‍.ഡി.എ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ട്വന്റി20യുടെ കൂടുതല്‍ സ്ഥാനാര്‍ത്ഥികളെയും വാര്‍ത്താ സമ്മേളനത്തില്‍ സാബു ജേക്കബ് പ്രഖ്യാപിച്ചു.
തത്സമയ ദൃശ്യങ്ങള്‍ കാണാം
അങ്കമാലിയില്‍ റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ പ്രോമി കുര്യാക്കോസ് ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ഥിയാകും. തൃപ്പൂണിത്തുറയില്‍ നടി അഞ്ജലി നായരും ട്വന്റി20ക്ക് വേണ്ടി ജനവിധി തേടും. തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ക്കൊപ്പം താനുണ്ടാകുമെന്നും സ്ഥാനാര്‍ത്ഥിത്വത്തില്‍ ഏറെ സന്തോഷമെന്നും അഞ്ജലി പ്രതികരിച്ചു. പെരുമ്പാവൂരില്‍ നടി ലക്ഷ്മിപ്രിയ സ്ഥാനാര്‍ത്ഥിയാകും.
അങ്കമാലിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സര്‍ പ്രോമി കുര്യാക്കോസ്
അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി ട്വന്റി20. അങ്കമാലിയില്‍ റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സറുമായ പ്രോമി കുര്യാക്കോസിനെ ട്വന്റി20-എൻ.ഡി.എ സ്ഥാനാർഥിയായി ട്വന്റി 20 പാർട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. ‘വെറുതെയല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രോമി ഒരു താരമായി ഉയരുന്നത്.
കിഴക്കമ്പലം പഞ്ചായത്ത് കേന്ദ്രീകരിച്ച് കഴിഞ്ഞ കാലങ്ങളില്‍ ട്വന്റി20 നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങളെ നേരിട്ടറിഞ്ഞാണ് പാര്‍ട്ടിയുമായി അടുക്കുന്നതെന്ന് പ്രോമി മാധ്യമങ്ങളോട് പ്രതികരിച്ചു. കിഴക്കമ്പലത്ത് ഈ രീതിയിലുള്ള വികസനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് എന്റെ നാട്ടില്‍ സമാന വികസനങ്ങള്‍ സാധ്യമാക്കിക്കൂടായെന്ന് താന്‍ ചിന്തിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഭരിക്കുന്ന എന്‍.ഡി.എയുടെ പിന്തുണകൂടി ട്വന്റി20ക്ക് ലഭിച്ചപ്പോള്‍, നാട്ടിലെ വികസന സാധ്യതയ്ക്കുള്ള സാധ്യത വര്
തൃപ്പൂണിത്തുറയില്‍ നടി അഞ്ജലി ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥി
അന്യഭാഷാ ചിത്രങ്ങളിലടക്കം നിരവധി സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത് ജനപ്രീതി ആര്‍ജിക്കുകയും, സംരംഭക, സാമൂഹിക പ്രവര്‍ത്തക എന്ന നിലകളില്‍ സജീവമായി തുടരുകയും ചെയ്യുന്ന നടി അഞ്ജലി നായര്‍ തൃപ്പൂണിത്തുറയില്‍ ട്വന്റി20-എൻ.ഡി.എ സഖ്യത്തിന് വേണ്ടി ജനവിധി തേടും. വാര്‍ത്താ സമ്മേളനത്തില്‍ അഞ്ജലി നായരുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ് പ്രഖ്യാപിച്ചു.
തൃപ്പൂണിത്തുറയിലെ മുഴുവന്‍ ജനങ്ങള്‍ക്കുമൊപ്പം താന്‍ ഉണ്ടാകുമെന്ന് അഞ്ജലി പ്രതികരിച്ചു. ഓരോ വീട്ടിലെയും പ്രശ്നങ്ങളെ നേരിട്ട് മനസ്സിലാക്കി അവരുടെ മകളായി തന്നാല്‍ കഴിയുംവിധം പ്രശ്നപരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. താന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയായി കാണാന്‍ അച്ഛന് ആഗ്രഹിച്ചിരുന്നു. തനിക്ക് ഒരു രാഷ്ട്രീയ പശ്ചാത്തലം ഉണ്ടായിരുന്നില്ല. എന്നാല്‍ ട്വന്റി20യുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ ആകര്‍ഷിച്ചു. എല്ലാവര്ക്കും നല്ലത് വരണമെന്നാണ് ആഗ്രഹം. അതിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അഞ്ജലി പറഞ്ഞു.
ബി.ജെ.പിക്കും ട്വന്റി20ക്കും ശക്തമായ വോട്ട് വിഹിതമുള്ള മണ്ഡലമാണ് തൃപ്പൂണിത്തുറ. തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയില്‍ എന്‍.ഡി.എ നേടിയ മിന്നുന്ന വിജയം അഞ്ജലി നായരുടെ വിജയ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നു. തൃപ്പൂണിത്തുറയില്‍ ജനിച്ചു വളര്‍ന്ന അഞ്ജലി നായര്‍ മണ്ഡലത്തിലെ നിറസാന്നിദ്ധ്യമാണ്. നാടിനെ അറിയുന്ന, നാടിന്റെ വികസന സാധ്യതകളെയും പോരായ്മകളെയും അനുഭവിച്ചറിഞ്ഞ അഞ്ജലിയെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകവഴി എന്‍.ഡി.എ മുന്നണി വിജയ സാധ്യത ഊട്ടിയുറപ്പിക്കുന്നു. കിഴക്കമ്പലം മോഡല്‍ വികസനമാണ് തിരഞ്ഞെടുപ്പില്‍ ട്വന്റി20യുടെ മുഖമുദ്ര. കേരളത്തിലെ സര്‍വ്വ മണ്ഡലങ്ങളിലെയും ജനങ്ങള്‍ ആഗ്രഹിക്കുന്ന ഈ വികസന മോഡല്‍ എന്‍.ഡി.എ പിന്തുണയോടെ യാഥാര്‍ത്ഥ്യമാകുമെന്ന ആവേശത്തിലാണ് ട്വന്റി20 പാര്‍ട്ടി പ്രവര്‍ത്തകര്‍.
ഏറ്റുമാനൂരില്‍ നടി വീണ നായര്‍ ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥി
ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ട്വന്റി20-എന്‍.ഡി.എ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി പ്രമുഖ സിനിമാ-സീരിയല്‍ താരം വീണ നായരെ ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ് പ്രഖ്യാപിച്ചു. എറണാകുളത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
ഏകദേശം നാല്‍പ്പതോളം സിനിമകളിലും 50ഓളം സീരിയലുകളിലും അഭിനയിച്ച വീണ നായര്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ജനശ്രദ്ധ നേടിയിരുന്നു. സാമൂഹിക പ്രവര്‍ത്തക, നര്‍ത്തകി എന്ന നിലയിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്. കോളേജ് തലത്തില്‍ യുവജന സംഘടനയായ എസ്.എഫ്.ഐയുടെ ചെയര്‍പേഴ്സണ്‍ എന്ന നിലയിലും വീണ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അഴിമതി രഹിത വികസനത്തിലെ ട്വന്റി20യുടെ കിഴക്കമ്പലം മാതൃകയാണ് തന്നെ പാര്‍ട്ടിയിലേയ്ക്ക് അടുപ്പിച്ചതെന്ന് വീണ നായര്‍ പ്രതികരിച്ചു. ട്വന്റി20 മാതൃക കേരളം ഓട്ടാകെ വ്യാപിക്കുന്നതില്‍ ട്വന്റി20ക്കും പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബിനും ഒപ്പം ഭാഗമാകാന്‍ അവസരം കിട്ടിയതില്‍ താന്‍ സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് അയ്മനം പഞ്ചായത്തില്‍ പരിപ്പ് എന്ന സ്ഥലമാണ് വീണയുടെ നാട്. സ്വന്തം നാടിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ അവസരം നല്കിയ പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബിനും എന്‍.ഡി.എ മുന്നണിക്കും താരം നന്ദി പറഞ്ഞു.
പെരുമ്പാവൂരില്‍ നടി ലക്ഷ്മി പ്രിയ ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥി
പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ നടി ലക്ഷ്മി പ്രിയ ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. മണ്ഡലത്തെ അടുത്തറിയുന്ന ലക്ഷ്മി പ്രിയ, തിരഞ്ഞെടുപ്പ് വിജയത്തോടെ നാടിന്റെ വികസന സ്വപ്നങ്ങളെ കൈപിടിച്ച് ഉയര്‍ത്തുമെന്നതില്‍ ഉറച്ച വിശ്വാസമുണ്ടെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബ് വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വര്‍ഷമായി തൃക്കാക്കരയില്‍ താമസിച്ചതിലൂടെ ട്വന്റി20യുടെ മോഡല്‍ വികസനത്തെ അടുത്തറിയാന്‍ തനിക്ക് സാധിച്ചിരുന്നതായി ലക്ഷ്മി പ്രിയ പറഞ്ഞു. വോട്ടിനായി ജനങ്ങളെ സമീപിക്കുമ്പോള്‍ ഇതുവരെ നിങ്ങള്‍ നാടിനുവേണ്ടി എന്ത് ചെയ്തുവെന്ന ചോദ്യമുയരും. ഇക്കാര്യത്തില്‍ ട്വന്റി20 വികസനത്തിന്റെ വലിയൊരു മാതൃക തന്നെ തീര്‍ത്തിട്ടുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച വികസന മാതൃകയാണ് കിഴക്കമ്പലം പഞ്ചായത്ത്. ഇതിനൊപ്പംതന്നെ ഭാരതത്തെ ലോക നെറുകയില്‍ എത്തിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം വലിയ പങ്കുവഹിച്ചിട്ടുള്ളതായും നമുക്ക് കാണാം. വികസനത്തിനോട് വിട്ടുവീഴ്ചയില്ലാത്ത ട്വന്റി20യും എന്‍.ഡി.എയും ഒത്തുചേരുമ്പോള്‍ വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റം സാധിക്കുകയും അതില്‍ ഭാഗമാകാന്‍ സാധിക്കുന്നു എന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.













