നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വാർഡുതല സംഗമം സംഘടിപ്പിച്ചു. പടപ്പറമ്പ് , പുളിഞ്ചോട് വാർഡുകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരും വോട്ടർമാരും പാർട്ടി നേതാക്കളും സംഗമത്തിൽ പങ്കെടുത്തു.

അഴിമതിയിൽ വലയുന്ന കേരള രാഷ്ട്രീയത്തിൽ ഒരു മാറ്റം വരുത്തേണ്ട സമയം ആഗതമായിരിക്കുന്നതായി സംഗമം ഉൽഘാടനം ചെയ്തുകൊണ്ട് എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം ഇലക്ഷൻ കൺവീനർ വി എൻ വിജയൻ ആഹ്വാനം ചെയ്തു. കുന്നത്തുനാടിനെ മാറിമറി ഭരിച്ച ഇടതു-വലതു ജനപ്രതിനിധികൾ സ്വന്തം സമ്പാദ്യം വർധിപ്പിച്ചു വോട്ടർമാരെ വഞ്ചിക്കുകയല്ലാതെ ഈ നാടിനുവേണ്ടി എന്ത് ചെയ്തു എന്നത് ഓരോ വോട്ടർമാരും ഈ തിരഞ്ഞെടുപ്പുകാലത്ത് ഓർക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

ട്വന്റി20 ഉയർത്തുന്ന വികസനത്തിന്റെ രാഷ്ട്രീയവും നാടിന് നന്മ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കൂട്ടായ്മയുമാണ് തന്റെ പിൻബലമെന്ന് കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ പറഞ്ഞു. വഞ്ചിക്കപ്പെടുന്ന സമൂഹത്തിന്റെ പ്രതിനിധിയായി കുന്നത്തുനാട് ഇനിയും തുടരാൻ പാടില്ല. വികസനത്തിന്റെ മാറ്റത്തിനായി കുന്നത്തുനാടിനെ സജ്ജമാക്കേണ്ടത് നമ്മുടെ കടമയാണ്. ഈ നാടിന്റെ വളർന്നുവരുന്ന പുതുതലമുറക്കായ് നമുക്ക് ഒരുമിച്ച് പോരാടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വന്റി20 പാർട്ടി നേതാക്കളും എൻഡിഎ പ്രതിനിധികളും സംഗമത്തിൽ പ്രസംഗിച്ചു.

വളവുകോട് ബ്ലോക്ക് അംഗം ഐപ്പ്, പടപ്പറമ്പ് വാർഡ് മെമ്പർ അഖില, ട്വന്റി20 കുന്നത്തുനാട് കമ്മിറ്റി അംഗങ്ങളായ ജിന്റോ ജോർജ്, അഡ്വ. രാജു, ബോർഡ് മെമ്പർ അഗസ്ത്യൻ ആന്റണി, ട്വന്റി20 വടപ്പറമ്പ് വാർഡ് പ്രസിഡന്റ് വർഗീസ്, പുളിഞ്ചോട് വാർഡ് മെമ്പർ എബി മാത്യു തുടങ്ങിയവർ സംഗമത്തിൽ സന്നിഹിതരായിരുന്നു.













