കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബുദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കിഴക്കമ്പലം പഞ്ചായത്ത് ചൂരക്കോട് എട്ടാം വാർഡിലും ചൂരക്കോട് വെസ്റ്റ് ഒമ്പതാം വാർഡിലും ട്വന്റി20യുടെ വാർഡുതല സംഗമങ്ങൾ നടത്തി.

ഈ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ എൻഡിഎ സ്ഥാനാർഥിക്ക് വിജയിക്കാനായാൽ ലോകം തന്നെ ഉറ്റുനോക്കുന്ന വികസന പദ്ധതികൾ മണ്ഡലത്തിൽ നടപ്പിലാക്കാൻ സാധിക്കുമെന്ന് ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു ജേക്കബ് തനിക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ബാബു ദിവാകരൻ സദസ്സിൽ പറഞ്ഞു. സമ്പാദ്യം വർധിപ്പിക്കുന്നതിന് അധികാരത്തെ ദുർവിനിയോഗം ചെയ്യുന്ന കേരളത്തിലെ രാഷ്ട്രീയപ്രവണത അവസാനിപ്പിക്കാൻ നമ്മൾ ഓരോരുത്തരും ഈ തിരഞ്ഞെടുപ്പിലൂടെ തയ്യാറാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ട്വന്റി20 ചെയർമാൻ ബോബി ജേക്കബ്, മുൻ പഞ്ചായത്ത് മെമ്പർ ബിന്ദു, വാർഡ് മെമ്പർ ജോബി മാത്യു തുടങ്ങിയവർ സംസാരിച്ചു. ട്വന്റി20യുടെയും എൻഡിഎയുടെയും നേതാക്കൾ സമ്മേളനത്തിൽ പങ്കാളികളായി.













