Home Election News എൻഡിഎ സ്ഥാനാർഥിയുടെ വിജയത്തിനായി വാഴക്കുളത്ത് കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ച് ബിജെപി

എൻഡിഎ സ്ഥാനാർഥിയുടെ വിജയത്തിനായി വാഴക്കുളത്ത് കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ച് ബിജെപി

കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വാഴക്കുളം പഞ്ചായത്ത്‌ നോർത്ത് എഴിപ്പുറം മുണ്ടക്കൈകുറ്റി ജംഗ്ഷൻ, കീൻപുരം, സൗത്ത് വാഴക്കുളം എന്നിവിടങ്ങളിൽ ബിജെപി വാർഡുതല കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചു. ബാബു ദിവാകരനിലൂടെ എൻഡിഎ കുന്നത്തുനാട്ടിൽ അധികാരത്തിൽ വരുമെന്ന് വാഴക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീകാന്ത് പുത്തനില്ലം പറഞ്ഞു. ബിജെപിയുടെ പിന്തുണയിൽ ട്വന്റി20 സ്ഥാനാർഥിയായി ബാബു ദിവാകരൻ മത്സരിക്കുമ്പോൾ എൻഡിഎയ്ക്ക് വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ തിരഞ്ഞെടുപ്പ് വിജയത്തോടെ കുന്നത്തുനാട് മണ്ഡലത്തിൽ കേന്ദ്ര പദ്ധതികൾ ബാബു ദിവാകരന്റെ നേതൃത്വത്തിൽ എൻഡിഎ നടപ്പിലാക്കുമെന്ന് മണ്ഡലം പ്രസിഡന്റ് കെ എസ് അഭിലാഷ് പറഞ്ഞു. മുന്നണി രാഷ്ട്രീയത്തിന്റെ ആവശ്യകത പ്രവർത്തകരെ ബോധ്യപ്പെടുത്തേണ്ടത് ഓരോ പാർട്ടി പ്രവർത്തകന്റെയും കടമയാണ്. താമര ചിഹ്നം കണ്ട് ശീലിച്ച പാർട്ടി അംഗങ്ങൾ ചക്ക ചിഹ്നത്തിൽ എൻഡിഎ സ്ഥാനാർഥിയെ പ്രതീക്ഷിച്ചെന്നുവരില്ല. അതുകൊണ്ടുതന്നെ വീട് കയറിയുള്ള ശക്തമായ ബോധവത്കരണം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുന്നത്തുനാട്ടിൽ വിജയിക്കാനായാൽ സ്വപ്നതുല്യമായ കേന്ദ്ര പദ്ധതികൾ അടക്കം മണ്ഡലത്തിൽ നടപ്പിലാക്കാൻ സാധിക്കുമെന്ന് ട്വന്റി20 പാർട്ടി അധ്യക്ഷൻ സാബു ജേക്കബ് തനിക്ക് ഉറപ്പ് നൽകിയതായി ബാബു ദിവാകരൻ പറഞ്ഞു. സാബു ജേക്കബും പ്രധാനമന്ത്രി നരേന്ദ്ര മോദിജിയും തമ്മിലുള്ള ആത്മബന്ധം എത്രത്തോളം ഉണ്ടെന്ന് നമുക്കറിയാം. ആ ആത്മബന്ധം വികസനങ്ങളായി ഈ നാട്ടിൽ പ്രതിഫലിക്കും. കുന്നത്തുനാട്ടിൽ നമ്മൾ ജയിക്കുക തന്നെചെയ്യും. ഇത് നമ്മൾ ഓരോരുത്തരും ഈ നാടിനു നൽകുന്ന ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലം സെക്രട്ടറി ഡി ആർ അരുൺ, മണ്ഡലം ജനറൽ സെക്രട്ടറി അനു കൊല്ലേത്ത്, ബൂത്ത്‌ പ്രസിഡന്റുമാരായ സജികുമാർ, സജി ഇ എസ്, അനീഷ് എൻ വി, വാർഡ് മെമ്പർ കൃഷ്ണകുമാർ, വാർഡ് മെമ്പർ ശ്രീദേവി രമേഷ്, ബൂത്ത് ‌പ്രസിഡന്റ്‌ യദു കൃഷ്ണൻ, വാർഡ് കൺവീനർ മോഹനൻ എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here