Home Top News തെളിവുകള്‍ നിരത്തി റിപ്പോര്‍ട്ടറിന്റെ ആരോപണങ്ങളെ തകര്‍ത്ത് സാബു ജേക്കബ്

തെളിവുകള്‍ നിരത്തി റിപ്പോര്‍ട്ടറിന്റെ ആരോപണങ്ങളെ തകര്‍ത്ത് സാബു ജേക്കബ്

തെലുങ്കാനയില്‍ കിറ്റക്‌സ് ആരംഭിച്ച പുതിയ ഫാക്ടറിയുമായി ബന്ധപ്പെടുത്തി കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോര്‍ട്ടര്‍ ടി.വി ഉന്നയിച്ച ആരോപണങ്ങളെ തെളിവ് നിരത്തി വെല്ലുവിളിക്കുകയാണ് സാബു ജേക്കബ്. ഏത് ഏജന്‍സിയെ വെച്ച് വേണമെങ്കിലും അന്വേഷിക്കട്ടെ. ധൈര്യമുണ്ടെങ്കില്‍ ഏതെങ്കിലും ഒരു ആരോപണം തെളിയിക്കുന്നതിനുള്ള തെളിവ് റിപ്പോര്‍ട്ടര്‍ കൊണ്ടുവരട്ടെയെന്നും സാബു ജേക്കബ് പറഞ്ഞു.

അഞ്ച് ആരോപണങ്ങളാണ് റിപ്പോര്‍ട്ടര്‍ ടി.വി പ്രധാനമായും ഉന്നയിച്ചത്. തെലുങ്കാന സര്‍ക്കാരിന്റെ സ്ഥലം ഈടുവെച്ച് 2000 കോടി ലോണ്‍ എടുത്തു എന്നതാണ് ആദ്യ ആരോപണം. തെലുങ്കാന സര്‍ക്കാരില്‍ നിന്നും 90 വര്‍ഷത്തെ പാട്ടത്തിന് സ്ഥലമെടുത്ത് അത് 3000 കോടി രൂപ മതിപ്പ് കാണിച്ച് ബാങ്കുകളെ കബളിപ്പിച്ചു എന്ന ആരോപണവും ചാനല്‍ ഉന്നയിച്ചു.

ഒരു ഏക്കറിന് 20 ലക്ഷം രൂപ വിലയില്‍ 38 കോടി രൂപയ്ക്ക് 182 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാരില്‍ നിന്ന് കമ്പനിയുടെ പേരില്‍ സ്വന്തമായി വാങ്ങിയത്. ബാങ്കില്‍ നല്‍കിയ രേഖകളില്‍ സ്ഥലത്തിന്റെ മൂല്യമായി വാവങ്ങിയ വിലയായ 38 കോടി എന്നുതന്നെയാണ് കാണിച്ചിരിക്കുന്നത്. അല്ലാതെ സര്‍ക്കാരിന്റെ ഒരിഞ്ച് ഭൂമി പോലും കിറ്റക്‌സ് പാട്ടത്തിന് എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്ബിഐയില്‍ നിന്നും 900 കോടി രൂപ കടമെടുത്തു എന്നതാണ് മറ്റൊരു ആരോപണം. സ്‌റ്റേറ്റ് ബാങ്കില്‍ നിന്നും ഒരു രൂപപോലും താന്‍ കടമെടുത്തിട്ടില്ലാ എന്ന് ബാങ്ക് സാക്ഷ്യപ്പെടുത്തിയ രേഖ പുറത്തുവിട്ടുകൊണ്ടാണ് സാബു ജേക്കബ് ഈ ആരോപണങ്ങളെ പൊളിച്ചത്.

ഷെയര്‍ ഹോള്‍ഡേഴ്‌സിന്റെ അനുമതി ഇല്ലാതെ ലോണ്‍ എടുത്തു എന്നതാണ് കിറ്റക്‌സിന് എതിരെ ചാനല്‍ ഉന്നയിച്ച മറ്റൊരു ആരോപണം. എന്നാല്‍ ഷെയര്‍ ഹോള്‍ഡേഴ്‌സ് അനുമതി നല്‍കിയ രേഖകള്‍ പബ്ലിക് ഡൊമൈനില്‍ ലഭ്യമാണ്. ഈ രേഖകളാണ് ഇപ്പോള്‍ പുറത്തുവിടുന്നതെന്നും, തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

2000 കോടിയുടെ കുംഭകോണമാണ് ഞാന്‍ നടത്തിയതെന്നും ഇത് അന്വേഷിക്കണം എന്നുമാണ് റിപ്പോര്‍ട്ടര്‍ പറയുന്നത്. അന്വേഷിക്കട്ടെ. വിജിലന്‍സോ, ഇഡിയോ സിബിഐയോ അന്വേഷിക്കട്ടെ. അതിന് സാധിക്കുന്നില്ലെങ്കില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടര്‍ ടി.വി ഒരു റിട്ട് ഫയല്‍ ചെയ്യട്ടെ. ജഡ്ജിയുടെ നേതൃത്വില്‍ അന്വേഷിക്കട്ടെ. അതുമല്ലെങ്കില്‍ ഒരു റിട്ടയര്‍ഡ് ജഡ്ജിയുടെ നേതൃത്വത്തില്‍ എസ്‌ഐടി രൂപീകരിച്ച് അന്വേഷിക്കട്ടെ. അങ്ങനെ ഒരു റിട്ട് ഹൈക്കോടതിയില്‍ വന്നാല്‍ അതിനെ ഞാന്‍ എതിര്‍ക്കില്ലെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും സാബു ജേക്കബ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here