Home Live news തോട് നവീകരണത്തിനായി പാര്‍ട്ടി ഫണ്ട് ചിലവഴിച്ച് ട്വന്റി20

തോട് നവീകരണത്തിനായി പാര്‍ട്ടി ഫണ്ട് ചിലവഴിച്ച് ട്വന്റി20

596
0

കിഴക്കമ്പലം: കേരളത്തിലെ രാഷ്ട്രീയചര്‍ച്ചകളില്‍ പൊതുവെ കേള്‍ക്കുന്നത് മുദ്രാവാക്യങ്ങളുടേയും തെരുവിലിറങ്ങിയ പ്രതിഷേധങ്ങളുടേയും കഥകളാണ്. പക്ഷേ, കിഴക്കമ്പലത്ത് ട്വന്റി 20 എഴുതി തീര്‍ത്ത കഥ, രാഷ്ട്രീയത്തെക്കുറിച്ചുള്ള പൊതു ബോധത്തെ തന്നെ മാറ്റിമറിക്കുന്ന ഒന്നാണ്. വര്‍ഷങ്ങളായി മാറി മാറി ഭരിച്ച യുഡിഫ്, എല്‍ഡിഎഫ് മുന്നണികള്‍ വാഗ്ദാനങ്ങളില്‍ മാത്രം ഒതുക്കിയ കിഴക്കമ്പലത്തെ കാര്‍ഷിക വ്യവസായത്തിന്റെ ജീവനാഡിയായ തോട്, നാട്ടുകാരുടെ കണ്ണില്‍ എന്നും രാഷ്ട്രീയ അവഗണനയുടെ പ്രതീകമായിരുന്നു. ഗ്രാമത്തിന്റെ ജീവധാര തന്നെയായിരുന്ന കിഴക്കമ്പലം തോട്, ചെളിയും പായലും നിറഞ്ഞ് കിലോമീറ്ററുകളോളം ഉപയോഗശൂന്യമായി കിടന്നതോടെ ചുറ്റുമുള്ള നെല്‍വയലുകള്‍ തരിശ് ഭൂമിയായിമാറി.

ഈ സാഹചര്യത്തിലാണ് ട്വന്റി 20, സ്വന്തം പാര്‍ട്ടി ഫണ്ടില്‍ നിന്നുതന്നെ കോടികള്‍ ചിലവഴിച്ച്, ജനങ്ങള്‍ക്ക് വേണ്ടി തോടിന്റെ നവീകരണം ഏറ്റെടുത്തത്. രണ്ട് ലക്ഷം ടണ്‍ ചെളിയും പായലും തോട്ടില്‍ നിന്നും നീക്കം ചെയ്തു. ഇരുവശങ്ങളും കരുത്തുറ്റ മതില്‍ കെട്ടി. കിഴക്കമ്പലത്തിന്റെ മണ്ണിന് പുതുജീവന്‍ നല്‍കി ആ തോട്ടില്‍ വീണ്ടും തെളിനീരൊഴുകി.

‘വെറും തോട് വൃത്തിയാക്കലില്‍ മാത്രമൊതുക്കാതെ, വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെടുന്ന കൃഷിയെ രക്ഷിക്കാനായി കരിങ്കല്‍ഭിത്തി നിര്‍മ്മിച്ച്, നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന രീതിയില്‍ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ട്വന്റി20 ചെയ്തത്. തോടില്‍ മാലിന്യങ്ങള്‍ കെട്ടികിടക്കാതെ ശുദ്ധജലം തടസ്സമില്ലാതെ ഒഴുകാന്‍ വേണ്ട സംവിധാനങ്ങളും ട്വന്റി 20 ഒരുക്കിയിട്ടുണ്ട്, തോട്ടില്‍ നിന്ന് കൃഷി ആവശ്യങ്ങള്‍ക്കായി വെള്ളം എടുക്കുന്ന സമീപവാസിയായ കര്‍ഷകന്‍ പറഞ്ഞു.

വിട്ടുവീഴ്ചയില്ലാത്ത വികസന കാഴ്ചപ്പാടുകളില്‍ വലിപ്പ ചെറുപ്പമില്ലാത്ത മുന്നേറ്റങ്ങള്‍ക്കാണ് ട്വന്റി20യുടെ നേതൃത്വത്തില്‍ കേരളം സാക്ഷ്യം വഹിക്കുന്നത്. വികസനമാണ് രാഷ്ട്രീയം’ എന്ന് ട്വന്റി 20 തെളിയിച്ച മറ്റൊരു ശക്തമായ ഉദാഹരണമാണിത്. സിപിഎമ്മും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും വികസനം വാഗ്ദാനങ്ങളില്‍ ഒതുക്കുമ്പോള്‍, ‘കിഴക്കമ്പലത്തെ തോട് വര്‍ഷങ്ങളോളം ഇലക്ഷന്‍ പ്രചരണ ആയുധമായി അവശേഷിച്ചിരുന്നു. ”ചെയ്യും”, ”നടത്തും”, ”ഉടന്‍ തുടങ്ങും” എന്ന് പറഞ്ഞ രാഷ്ട്രീയ വാഗ്ദാനങ്ങള്‍ നാട്ടുകാര്‍ പലരും കേട്ടിട്ടുണ്ട്. പക്ഷേ, ഒന്നും നടപ്പായില്ല എന്ന് മാത്രം’. തോട് വൃത്തിയാക്കിയതോടെ തോടിനടുത്തുള്ള കിണറുകളില്‍ ഉറവുകൂടി വെള്ളം ഉയര്‍ന്ന് വന്നത് ഗ്രാമത്തിന്റെ ഏറ്റവും വലിയ നേട്ടമായി മാറി. തോടിനടുത്ത് താമസിക്കുന്ന  കിഴക്കമ്പലം നിവാസി പറഞ്ഞു.

സിപിഎമ്മിന്റെയും മറ്റ്  രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രവര്‍ത്തനം, വികസനം മറന്ന് പാര്‍ട്ടി ഓഫീസുകളിലും നേതാക്കളുടെ വികസനത്തിലും മാത്രമായി ഒതുങ്ങിക്കിടന്നപ്പോള്‍, ട്വന്റി 20 തികച്ചും വ്യത്യസ്തമായൊരു രാഷ്ട്രീയ മുഖം നാട്ടുകാര്‍ക്ക് മുന്നില്‍ കാഴ്ചവെച്ചു.

വികസനമാണ് പ്രധാനം

പരമ്പരാഗത രാഷ്ട്രീയത്തിലെ അധികാര കസേരളിക്കപ്പുറം ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിലാണ് ട്വന്റി20 പ്രാധാന്യം നല്‍കിപ്പോരുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പരിസര ശുചിത്വം, പരിസ്ഥിതി സംരക്ഷണം തുടങ്ങി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപെടുത്തുന്നതിനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നത്. ഇന്നത്തെ കിഴക്കമ്പലം അതിന്റെ നേര്‍ സാക്ഷ്യമാണ്. കാരണം, ”വികസനമാണ് രാഷ്ട്രീയം” എന്നത് ട്വന്റി 20 യുടെ പ്രഖ്യാപന മുദ്രാവാക്യമല്ല, മറിച്ച് ജനങ്ങള്‍ ആ പാര്‍ട്ടിക്ക് നല്‍കിയ വിശ്വാസത്തിന്റെ പ്രതിഫലനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here