നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വാർഡുതല സംഗമം സംഘടിപ്പിച്ചു. എഴിപ്രം , കടയിരിപ്പ് വാർഡുകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരും വോട്ടർമാരും പാർട്ടി നേതാക്കളും സംഗമത്തിൽ പങ്കെടുത്തു.

അഴിമതിക്ക് എതിരായ പോരാട്ടത്തിൽ ഇടത്, വലത് ദുർഭരണത്തിന് എതിരെ ട്വന്റി20 മാതൃക തീർത്തത്തിൽ നമുക്ക് അഭിമാനിക്കാമെന്ന് ട്വന്റി20 കുന്നത്തുനാട് കമ്മിറ്റി അംഗം ജിന്റോ ജോർജ് പറഞ്ഞു. ഈ വിജയ തുടർച്ചയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിജി നയിക്കുന്ന എൻഡിഎ സഖ്യത്തോടൊപ്പം ചേർന്നുകൊണ്ട് രാഷ്ട്രീയ വെല്ലുവിളികളെ ട്വന്റി20 നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

നേരിന്റെ രാഷ്ട്രീയം പങ്കുവെച്ചുകൊണ്ടാണ് എൻഡിഎ ഭാരതത്തെ നയിക്കുന്നതെന്ന് എൻഡിഎ പ്രതിനിധി വിജയൻ മാഷ് സദസിനെ ഓർമിപ്പിച്ചു. ഭാരതത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ ഈ നാടിന്റെ നായകൻ ശ്രീ. മോദിജി കഠിനപ്രയത്നം നടത്തുമ്പോൾ വർഗീയതയുടെ കൂട്ടുപിടിച്ച് പ്രതിപക്ഷം നാടിനെ കട്ടുമുടിക്കാൻ ശ്രമിക്കുകയാണ്. മതത്തിന്റെ പേരിൽ അവർ ഭാരതത്തെ വിഭജിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഇത്തരത്തിലുള്ള മുഴുവൻ നീക്കങ്ങളെയും തകർത്ത് എൻഡിഎ ഭാരതത്തെ മുന്നോട്ട് നയിക്കുന്നു. ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു ജേക്കബ് പറഞ്ഞതുപോലെ ഭാരതത്തെ ലോകം അഭിമാനത്തോടെ നോക്കിക്കാണുന്ന കാലത്തേയ്ക്ക് ഈ നാടിനെ മോദിസർക്കാർ നയിച്ചു. ഈ വികസന കാഴ്ചപ്പാടിനൊപ്പം ചേർന്ന് എൻഡിഎയുടെ ഭാഗമായ ട്വന്റി20 നാടിന്റെ വികസനത്തിലേയ്ക്കാണ് നടന്നുകയറുന്നത്. ബാബു ദിവാകരനിലൂടെ കേരളത്തിന്റെ ഭരണ നിർവഹണത്തിൽ കുന്നത്തുനാട്ടിൽ നിന്നും ഒരു എൻഡിഎ പ്രതിനിധി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്വന്റി20യുടെ രാഷ്ട്രീയം വികസന മാതൃകകളായി നമുക്ക് മുന്നിലുണ്ട്. ആ വികസന തുടർച്ചയ്ക്ക് ചുക്കാൻ പിടിക്കാൻ ദൈവാനുഗ്രഹമായി ലഭിച്ച ഭാഗ്യമാണ് കുന്നത്തുനാട്ടിലെ ട്വന്റി20യുടെ സ്ഥാനാർഥിത്വമെന്ന് ബാബു ദിവാകരൻ പറഞ്ഞു. എൻഡിഎ നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ വികസന സങ്കല്പങ്ങളും കുന്നത്തുനാട്ടിൽ യാഥാർഥ്യമാക്കാൻ ഈ നാട്ടിൽ നിന്നും ഒരു എൻഡിഎ ജനപ്രതിനിധി എംഎൽഎ ആയി അധികാരത്തിൽ എത്തുകതന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഗമത്തിൽ ട്വന്റി20-എൻഡിഎ ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരും വോട്ടർമാരും പങ്കെടുത്തു.













