തെലുങ്കാനയ്ക്ക് പിന്നാലെ കിറ്റക്സിന് ആന്ധ്രപ്രദേശിലേയ്ക്കും ക്ഷണം. സംസ്ഥാനത്ത് വന്‍കിട അപ്പാരല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് കിറ്റക്സ് ഗ്രൂപ്പിനെ നേരിട്ട് ക്ഷണിക്കാന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ മകനും മാനവ വിഭവശേഷി വകുപ്പ് മന്ത്രിയുമായ നരാ ലോകേഷിന്റെ നേതൃത്വത്തിലുള്ള ഉത്തതതല സംഘം കൊച്ചിയിലെത്തി. കിറ്റക്സ് എംഡി സാബു ജേക്കബുമായി സംഘം കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി.
തെലുങ്കാനയുടെ വ്യവസായ മേഖലയ്ക്ക് കിറ്റക്സ് ഗ്രൂപ്പിന്റെ നിക്ഷേപം നല്കിയ ഊര്‍ജ്ജമാണ് ആന്ധ്രാ സര്‍ക്കാരിനെ ആകര്‍ഷിച്ചത്. അപ്പാരല്‍ മേഖലയില്‍ സമാന നിക്ഷേപം നടത്താന്‍ ക്ഷണിച്ചുകൊണ്ട് ആന്ധ്ര ടെക്സ്റ്റൈല്‍സ് വകുപ്പ് മന്ത്രി എസ്. സവിത കൊച്ചിയിലെത്തി സാബു ജേക്കബുമായി മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയുടെ തുടര്‍ച്ച എന്ന നിലയിലാണ് മന്ത്രിയും ആന്ധ്രാ മുഖ്യമന്ത്രിയുടെ മകനുമായ നരാ ലോകേഷ് നേരിട്ട് കൊച്ചിയിലെത്തി സാബു ജേക്കബിനെ കണ്ടത്.















