സർക്കാർ ഉദ്യോഗസ്ഥർ സമരം ചെയ്യുവാൻ പാടില്ല എന്ന സുപ്രീം കോടതി ഉത്തരവ് നില നിൽക്കെ 18 നവംബർ 2024ന് കുന്നത്ത്നാട് പഞ്ചായത്തിന്റെ പ്രവർത്തനം സ്തംഭിപ്പിച്ച് പൊതുജനങ്ങളെ തടഞ്ഞ സെക്രട്ടറിക്കും മറ്റ് ഏഴ് ഉദ്യോഗസ്ഥർക്കും എതിരെ അച്ചടക്കനടപടിയുമായി ഭരണസമിതി.
സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത് . സമരം ചെയ്യുക, പൊതു വിഭവങ്ങളുടെ ദുരുപയോഗം, സ്വഭാവ ദൂഷ്യം, അച്ചടക്ക രഹിത്യം , പഞ്ചായത്ത് മെമ്പറുടെ അയോഗ്യത ഇലക്ഷൻ കമ്മീഷനിൽ നിന്ന് മറച്ചുവെച്ചത്, അയോഗ്യനായ മെമ്പർക്ക് പൊതുജനാവിൽ നിന്ന് പണം നൽകിയത് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇത് പ്രകാരം മുൻ സെക്രട്ടറിയായിരുന്ന ദീപു ദിവാകരന്റെ മൂന്നുവർഷത്തെ ഇൻക്രിമെന്റ് തടഞ്ഞും, അയോഗ്യനായ മെമ്പർക്ക് പൊതുജനാവിൽ നിന്ന് ഓണറേറിയവും സിറ്റിംഗ് ഫീസും നൽകി സർക്കാരിന് നഷ്ടം വരുത്തിയ 106800/- തിരിച്ചടയ്ക്കുവാനും ആണ് ഉത്തരവ്. ദീപു ദിവാകരന്‍ നിലവില്‍ പൂതൃക്ക പഞ്ചായത്ത് സെക്രട്ടറിയാണ്. ദീപു ദിവാകരനെ കൂടാതെ സമരത്തിൽ പങ്കെടുത്ത മറ്റ് ഏഴ് ഉദ്യോഗസ്ഥരുടെ മൂന്നുവർഷത്തെ ഇൻക്രിമെന്റ് തടഞ്ഞും ശിക്ഷ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
കുന്നത്തുനാട് അസിസ്റ്റന്റ് സെക്രട്ടറി ആരതി ബാബു , കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ ക്ലാർക്ക് ആയി ജോലി ചെയ്യുന്ന ഷിനി സേവ്യർ, കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ ഓഫീസ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന മുഹമ്മദ് വി യു ,ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഹെഡ് ക്ലാർക്ക് ആയി ജോലി ചെയ്യുന്ന വിനു പി വി, മുടക്കുഴ ഗ്രാമപഞ്ചായത്തിൽ സീനിയർ ക്ലാർക്ക് ആയി ജോലി ചെയ്യുന്ന ജിഷാമോൾ ആർ, കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ സീനിയർ ക്ലാർക്ക് ആയി ജോലി ചെയ്യുന്ന ശ്രീനാ ശ്രീധർ,ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ സീനിയർ ക്ലാർക്ക് ആയി ജോലി ചെയ്യുന്ന രശ്മി പി ആർ എന്നിവർക്കെതിരെയാണ് ശിക്ഷ നടപടികൾ എടുത്തിരിക്കുന്നത്.
















