Home Election News അക്രമം ട്വന്റി20യുടെ പാതയല്ല, അക്രമ രാഷ്ട്രീയത്തെ പാര്‍ട്ടി ചോദ്യം ചെയ്യും: സാബു എം ജേക്കബ്

അക്രമം ട്വന്റി20യുടെ പാതയല്ല, അക്രമ രാഷ്ട്രീയത്തെ പാര്‍ട്ടി ചോദ്യം ചെയ്യും: സാബു എം ജേക്കബ്

266
0

കൊച്ചി: അക്രമം ട്വന്റി20യുടെ പാതയല്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. ഈ നാട്ടില്‍ അക്രമം അഴിച്ചുവിട്ട്, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കള്ളും മയക്കുമരുന്നും നല്‍കി ജനജീവിതം നശിപ്പിക്കുകയും, പുതുതലമുറയെ അരക്ഷിതാവസ്ഥയിലേയ്ക്ക് തള്ളി വിടുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിരായാണ് ട്വന്റി 20 എന്ന പ്രസ്ഥാനം രൂപം കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കോലഞ്ചേരിയില്‍ നടന്ന ട്വന്റി20 പാര്‍ട്ടിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ അടിച്ചവനെ തിരിച്ചടിച്ച് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ല ട്വന്റി20. അങ്ങനെ ആയിരുന്നുവെങ്കില്‍ അഞ്ചൂറോളം വരുന്ന നമ്മുടെ പ്രവര്‍ത്തകര്‍ക്ക് നേരെ പതിനഞ്ചോളം വരുന്ന രാഷ്ട്രീയ എതിരാളികള്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍ നമുക്ക് നിഷ്പ്രയാസം അവരെ തിരിച്ചടിക്കാമായിരുന്നു. എന്നാല്‍ അക്രമം ട്വന്റി20യുടെ പാതയല്ലെന്നും അദ്ദേഹം പറഞ്ഞു.

ആദ്യമായല്ല ട്വന്റി 20 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ അതിക്രമം അഴിച്ചുവിടുന്നത്. ദീപു എന്ന ചെറുപ്പക്കാരന്റെ കുടുംബം ഇന്ന് ട്വന്റി20യുടെ സംരക്ഷണയിലാണ്. വികസന കാഴ്ചപ്പാടുകളെ അക്രമം കൊണ്ട് നേരിടാനിറങ്ങുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒന്ന് ഓര്‍ക്കണം. നിങ്ങള്‍ അനാഥമാക്കിയിരിക്കുന്നത് ഒരു കുടുംബത്തെയാണ്. ഒരു കുടുംബത്തിന്റെ അത്താണിയെയാണ് നിങ്ങള്‍ അടിച്ച് കൊന്നിരിക്കുന്നത് എന്ന് മനസ്സിലാക്കണം. അധികാരം കയ്യിലുണ്ടെന്ന ഹുങ്കുകൊണ്ടാണ് ജനങ്ങള്‍ക്കുമേല്‍ അവര്‍ അക്രമം അഴിച്ചുവിടുന്നതും കൊലപാതകങ്ങള്‍ നടത്തുന്നതും. എന്നാല്‍ ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നോര്‍ക്കണം. നിങ്ങള്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് എതിരെ വിരല്‍ ചൂണ്ടാന്‍, അവയെ ചോദ്യം ചെയ്യാന്‍, ഇന്ന് കേരളത്തില്‍ ഉണര്‍ന്നിരിക്കുന്ന ഒരു പ്രസ്ഥാനമുണ്ട്, ട്വന്റി20, സാബു എം. ജേക്കബ് പറഞ്ഞു.

ഒരു മാസം മുമ്പാണ് കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിനെ കോണ്‍ഗ്രസ് ഗുണ്ടകള്‍ ആക്രമിച്ചത്. പക്ഷേ കേസെടുത്തത് അക്രമത്തിന് ഇരയായ നമ്മുടെ പഞ്ചായത്ത് പ്രസിഡന്റിനും പ്രവര്‍ത്തകര്‍ക്കും എതിരെയാണ്. പിണറായി അധികാരത്തില്‍ വന്നതോടെ പോലീസിന്റെ കാര്യം കഷ്ടത്തിലായി. നട്ടെല്ലൂരി ആ സ്ഥാനത്ത് വാഴപ്പിണ്ടിയാണ് അവര്‍ വെച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റിന്റെയും കോണ്‍ഗ്രസിന്റെയും ആജ്ഞകള്‍ പാലിക്കുന്ന വെറും പാവകളായി അവര്‍ മാറിയെന്നും കേരള പോലീസിനോട് സഹതാപമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here