Home Twenty20 News ട്വന്റി20 – ഉദയവും വളര്‍ച്ചയും

ട്വന്റി20 – ഉദയവും വളര്‍ച്ചയും

60
0

2015 ഡിസംബര്‍ 7, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സ്വര്‍ണ ലിപികളാല്‍ എഴുതപ്പെട്ട അവിസ്മരണീയമായ തിരഞ്ഞെടുപ്പ് വിജയം നേടി, ഒരു ജനകീയ കൂട്ടായ്മ രാജ്യത്തുതന്നെ ആദ്യമായി പഞ്ചായത്ത് ഭരണം ഏറ്റെടുത്ത ദിവസം. തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടതുവലത് രാഷ്ട്രീയ പാര്‍ട്ടികളുടെ ജയവിജയങ്ങള്‍ വലിയ ചര്‍ച്ചകള്‍ തീര്‍ക്കുന്നതിന് ഇടയില്‍ എറണാകുളം ജില്ലയില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ ഇരു മുന്നണികളെയും നിലംപരിശാക്കി 19ല്‍ 17 സീറ്റുകളിലും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചുകൊണ്ട് ട്വന്റി20 എന്ന ജനകീയ പ്രസ്ഥാനം അതിന്റെ വരവറിയിച്ച നിമിഷം. ഒരോ മലയാളിയുടെ മനസ്സിലും ട്വന്റി20 എന്ന പേര് ഒരത്ഭുതമായി പ്രതിഫലിച്ച നിമിഷം. കേരളത്തിന്റെ രാഷ്ട്രീയ മുന്നേറ്റം ട്വന്റി20ക്ക് മുമ്പും ശേഷവും എന്ന് അടയാളപ്പെടുത്തിയ നിമിഷം. മലയാളിയെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ച ആ നിമിഷത്തില്‍ നിന്നാണ്, ഇന്ന് കേരളം കണ്ട ഏറ്റവും വലിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ട്വന്റി20 എന്ന പ്രസ്ഥാനം അതിന്റെ ജൈത്രയാത്ര തുടരുന്നത്.

പ്രവര്‍ത്തന മികവുകൊണ്ടും വികസനങ്ങള്‍കൊണ്ടും കിഴക്കമ്പലം പഞ്ചായത്ത് ഇന്ത്യയിലെ 2,68,000 പഞ്ചായത്തുകള്‍ക്ക് മാതൃകയാകുംവിധം വളരണമെന്ന ലക്ഷ്യവുമായാണ് ട്വന്റി20 എന്ന പ്രസ്ഥാനം തങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പ്രസ്ഥാനത്തിന്റെ അധ്യക്ഷനും കിറ്റെക്സ് ഗ്രൂപ്പ് എം.ഡിയുമായ സാബു എം. ജേക്കബിന്റെ നിശ്ചയദാര്‍ഢ്യമാണ് ട്വന്റി20യുടെ മൂലധനം. നാടിന്റെ നന്മയ്ക്കായി നിരവധി വികസന സ്വപ്നങ്ങളുമായി ജീവിച്ച തന്റെ പിതാവും, അന്ന-കിറ്റക്സ് ഗ്രൂപ്പ് സ്ഥാപകനുമായ എം.സി ജേക്കബിന്റെ ആഗ്രഹങ്ങളെ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെ സാബു എം. ജേക്കബ് നടത്തിയ പ്രവര്‍ത്തനങ്ങളാണ് സംഘടനയുടെ രൂപീകരണത്തിലും, പിന്നീട് കേരളത്തിന്റെ രാഷ്ട്രീയ ജാതകം തിരുത്തി എഴുതാന്‍ കെല്‍പ്പുള്ള രാഷ്ട്രീയ പ്രസ്ഥാനമായും വളരാന്‍ ട്വന്റി20യെ ഇടയാക്കിയത്.

പിതാവിന്റെ കാലശേഷം ഒരു ആയുര്‍വേദ റിസര്‍ച്ച് സെന്റര്‍ തുടങ്ങണമെന്നായിരുന്നു മക്കളായ ബോബി ജേക്കബ്ബിന്റേയും സാബു ജേക്കബ്ബിന്റേയും ആഗ്രഹം. അതിന്റെ ഭാഗമായാണ് കിഴക്കമ്പലം കേന്ദ്രീകരിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. 5000 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ചികിത്സയുടെ ഭാഗമായി 700 പേര്‍ക്ക് സര്‍ജറി വേണ്ടിവന്നു. നിരവധിപ്പേര്‍ക്ക് തുടര്‍ പരിശോധനകളും ചികിത്സകളും ആവശ്യമായിവന്നു. കിഴക്കമ്പലത്തെ ജനങ്ങള്‍ നേരിടുന്ന ആരോഗ്യ വെല്ലുവിളി അന്ന് വേദനയോടെയാണ് ഇരുവരും തിരിച്ചറിഞ്ഞത്. താല്‍ക്കാലിക ചികിത്സ ഒരുക്കുക എന്നതിന് പകരം ഒരു സ്ഥിരം സംരംഭം രൂപപ്പെടുത്തി ജനങ്ങളുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുക എന്ന തീരുമാനത്തിലേയ്ക്ക് ഒടുവില്‍ ഇരുവരുമെത്തി.

നേതൃപാഠവവും ജീവിത പരിജ്ഞാനവുമുള്ള രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തി കൂട്ടായ്മയുടെ ആദ്യ യോഗം 2013ല്‍ ചേര്‍ന്നു. 89 പേരാണ് അന്ന് ആ കൂട്ടായ്മയുടെ ഭാഗമായത്. എന്നാല്‍ പിന്നീട് അംഗ സംഖ്യ 20 പേരിലേക്കും തുടര്‍ന്ന് 7 പേരിലേക്കും ചുരുങ്ങി. നമ്മുടെ നാടിനെ ഈ അവസ്ഥയിലാക്കിയ രാഷ്ട്രീയക്കാരോടും, ഉദ്യോഗസ്ഥ മേധാവികളോടും
പിന്നീട് അങ്ങോട്ട് ഒരു വാശി ആയിരുന്നു.

ഒരു നാടിനെ എങ്കിലും മാതൃകാ ഗ്രാമമാക്കി മാറ്റി, ജനങ്ങള്‍ക്ക് മുന്നില്‍ ഇതെല്ലാം സാധ്യമാണ് എന്ന് കാട്ടികൊടുക്കുവാനുള്ള ആര്‍ജവം മുന്നോട്ട് നയിക്കുകയായിരുന്നു. ആ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ 7 വര്‍ഷം വേണ്ടിവരും. അങ്ങനെ 2013 ഉം 7 വര്‍ഷവും കൂടുമ്പോള്‍ ട്വന്റി20 എന്ന ലോകം അറിയുന്ന വന്‍ പ്രസ്ഥാനം രൂപം കൊണ്ടു. ട്വന്റി20യുടെ ഉദയം പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളില്‍ വിള്ളല്‍ വീഴ്ത്തുമെന്നും, അവര്‍ക്ക് വെല്ലുവിളിയാകുമെന്നുമുള്ള ഭയം കാലക്രമേണ വളര്‍ന്നു. കൂടെനിന്ന വ്യവസായികളും രാഷ്ട്രീയ നേതാക്കന്മാരും കൂറുമാറിയിട്ടും, യു.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ടു പോകാനാകാത്ത വിധം തടസങ്ങള്‍ സൃഷ്ടിച്ചിട്ടും, സാബുവും സഹോദരന്‍ ബോബിയും പിന്‍വാങ്ങിയില്ല. പിതാവ് കാണിച്ചുതന്ന നേരിന്റെ വഴിയില്‍ അവര്‍ ജനങ്ങളുടെ പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെട്ടു. കുടിവെള്ള പ്രശ്നം പരിഹരിച്ച ട്വന്റി20യുടെ ജലവിപ്ലവം കിഴക്കമ്പലം പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുക എന്നതായിരുന്നു ട്വന്റി20യുടെ ആദ്യലക്ഷ്യം. കുടിവെള്ളമില്ലാത്ത കോളനികളില്‍ കിണറുകളും കുഴല്‍ക്കിണറുകളും നിര്‍മിച്ചുകൊണ്ട് സമഗ്രമായ പദ്ധതിക്ക് പ്രസ്ഥാനം തുടക്കമിട്ടു.

കാടുമൂടിക്കിടന്ന കിണറുകള്‍ നവീകരിച്ച് മോട്ടോറുകള്‍ സ്ഥാപിച്ച് ജലവിതരണ ശൃംഖല മെച്ചപ്പെടുത്തി. ജലസംഭരണത്തിനായി പുതിയ ടാങ്കുകള്‍ സ്ഥാപിച്ചു. വല്ലപ്പോഴും വെള്ളം വരുന്ന ഒരു ടാപ്പിനെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന നാല്‍പതോളം കുടുംബങ്ങള്‍ പഞ്ചായത്തിലെ ഓരോ കോളനികളിലും ഉണ്ടായിരുന്നു. ഈ കോളനികളില്‍ വെള്ളമെത്തിക്കാനുള്ള പദ്ധതിക്ക് തുരങ്കം വയ്ക്കാന്‍ പഞ്ചായത്ത് അധികാരികള്‍ ശ്രമിച്ചപ്പോള്‍, വികസന സാധ്യതകള്‍ തിരിച്ചറിഞ്ഞ ആയിരക്കണക്കിന് നാട്ടുകാരെ അണിനിരത്തി സമരം ചെയ്താണ് ട്വന്റി20 അന്ന് ശുദ്ധജല പദ്ധതി പൂര്‍ത്തിയാക്കിയത്. പഞ്ചായത്തിലെ വിവിധ കോളനികള്‍ കേന്ദ്രീകരിച്ച് 19 ശുദ്ധജലപദ്ധതികളും 13 ചെറുകിട പദ്ധതികളും ട്വന്റി20 നടപ്പിലാക്കി. തുടര്‍ന്ന് ചെറുതും വലുതുമായ നിരവധി പദ്ധതികളിലൂടെ പഞ്ചായത്തിനെ ശുദ്ധജല ലഭ്യതയില്‍ സ്വയം പര്യാപ്തതയില്‍ എത്തിക്കാന്‍ ട്വന്റി20ക്ക് സാധിച്ചു. 2015ല്‍ 19ല്‍ 17 സീറ്റുകള്‍ സ്വന്തമാക്കി കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം ട്വന്റി20 ഏറ്റെടുക്കുമ്പോള്‍ പഞ്ചായത്തിന്റെ കടം 39 ലക്ഷം രൂപയായിരുന്നു. അഞ്ച് വര്‍ഷത്തെ ട്വന്റി20 ഭരണം പൂര്‍ത്തിയായപ്പോള്‍ കിഴക്കമ്പലത്ത് 13.57 കോടി രൂപ നീക്കിയിരിപ്പുണ്ടായത് രാജ്യത്തെ 2,68,000 പഞ്ചായത്തുകളില്‍വച്ച് ഏറ്റവും മികച്ച വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ശേഷമാണ് എന്നത് പാര്‍ട്ടിയുടെ ഭരണ മികവ് വ്യക്തമാക്കുന്നു.

ജനങ്ങളുടെ ക്ഷേമകാര്യങ്ങളില്‍ ട്വന്റി20 പ്രകടിപ്പിച്ചിരുന്ന താല്‍പര്യവും ജനജീവിതം മെച്ചപ്പെടുത്തുന്നതില്‍ ട്വന്റി20 നടത്തിയ ഇടപെടലുകളും നാട്ടിലെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളില്‍ അമര്‍ഷം സൃഷ്ടിച്ചു തുടങ്ങിയ കാലം. അന്ന്, ജനങ്ങള്‍ക്കിടയില്‍ തങ്ങളുടെ പ്രാധാന്യം കുറയുന്നുവെന്ന് തിരിച്ചറിഞ്ഞ നാട്ടിലെ ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ ട്വന്റി20യെ പൊതുശത്രുവായി പ്രഖ്യാപിച്ചു. ജനാധിപത്യ വ്യവസ്ഥിതിയിലൂടെ സാമൂഹിക പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള ട്വന്റി20യുടെ ശ്രമങ്ങളെ നിയമത്തിന്റെ പഴുതുകള്‍ ചൂണ്ടിക്കാട്ടി അവര്‍ എതിര്‍ത്തു. ഈ എതിര്‍പ്പ്, മത്സരിക്കാന്‍ ചിഹ്നം കിട്ടുന്നതില്‍ വരെ ട്വന്റി20ക്ക് ബുദ്ധിമുട്ടുണ്ടാക്കി. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മാത്രമേ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചിഹ്നം കിട്ടൂ എന്ന സാഹചര്യം എത്തിയതോടെ, ട്വന്റി20 ഒരു രാഷ്ട്രീയ പ്രസ്ഥാനമായി രജിസ്റ്റര്‍ ചെയ്യാന്‍ നേതൃത്വം നിര്‍ബന്ധിതരായി. അങ്ങനെയാണ് 2016ല്‍ ട്വന്റി20 ഒരു രാഷ്ട്രീയപാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യുന്നത്. രാഷ്ട്രീയപാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തുവെങ്കിലും മറ്റ് പാര്‍ട്ടികളെപ്പോലെ കാര്യമായ രാഷ്ട്രീയസംഘടനാ പ്രവര്‍ത്തനങ്ങളില്‍ ട്വന്റി20 മുഴുകിയിരുന്നില്ല. ആദ്യം കിഴക്കമ്പലം പഞ്ചായത്തിലെ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മാത്രമായി ട്വന്റി20 ഒതുങ്ങി. അത് ഭംഗിയായി നടത്തുക എന്നതായിരുന്നു ലക്ഷ്യം.

ജനഹിതം ട്വന്റി20ക്ക് അനുകൂലമായപ്പോള്‍, വികസനത്തിനായി കൈകോര്‍ത്ത് സമീപത്തെ 5 പഞ്ചായത്തുകള്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വീണ്ടും മാറ്റംവന്നു. കിഴക്കമ്പലത്തെ വികസനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും, അവിടുത്തെ ജനങ്ങള്‍ സുഖവും സമാധാനവും അനുഭവിച്ച് സന്തോഷത്തോടെ ജീവിക്കുന്നതും തിരിച്ചറിഞ്ഞ സമീപ പഞ്ചായത്തുകളിലെ ജനങ്ങളും സമാനമായ ജീവിത സാഹചര്യങ്ങള്‍ ആഗ്രഹിച്ചു തുടങ്ങി. ആ ലക്ഷ്യം കൈവരിക്കുക എന്നത് ട്വന്റി20യിലൂടെ മാത്രമേ സാധിക്കൂവെന്ന് തിരിച്ചറിഞ്ഞ ജനങ്ങള്‍ അവരുടെ പഞ്ചായത്തുകളും ട്വന്റി20 ഭരിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു. ഈ അഭ്യര്‍ത്ഥന മാനിച്ചാണ് സമീപത്തുള്ള നാല് പഞ്ചായത്തുകള്‍ ഉള്‍പ്പടെ ആകെ അഞ്ച് പഞ്ചായത്തുകളില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ട്വന്റി20 മത്സരിച്ചത്. പ്രതീക്ഷയ്ക്ക് അനുകൂലമായി എല്ലായിടത്തും ട്വന്റി20 വിജയിച്ചു. പല സ്ഥലത്തും പ്രതിപക്ഷം പോലുമില്ലാ എന്നത് ട്വന്റി20യോട് ജനങ്ങള്‍ കാണിക്കുന്ന കരുതലിന്റെ നേര്‍സാക്ഷ്യമായി. ഇത് കൂടാതെ ഒരു ബ്ലോക്ക് പഞ്ചായത്തിലും ഭരണം നയിക്കുന്നത് ട്വന്റി20 ആണ്. മത്സരിച്ച മുഴുവന്‍ വാര്‍ഡുകളിലും വിജയിച്ച് മറ്റൊരു പഞ്ചായത്ത് ഭാഗികമായും ട്വന്റി20 ഭരിക്കുന്നു. രണ്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരും നിലവില്‍ ട്വന്റി20ക്ക് ഉണ്ട്.

ട്വന്റി20 പാര്‍ട്ടി കിഴക്കമ്പലം പഞ്ചായത്തില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പരമാവധി വികസനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷവും 32 കോടി രൂപയാണ് നീക്കിയിരിപ്പ് തുക കണ്ടെത്തിയത്. ഐക്കരനാട് പഞ്ചായത്തില്‍ എല്ലാ റോഡുകളുടെയും അടക്കം, അടിസ്ഥാന വികസനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും 14 കോടി രൂപയാണ് മിച്ചം വന്നിരിക്കുന്നത്. ഇത്തരത്തില്‍ തങ്ങള്‍ ഭരിക്കുന്ന മുഴുവന്‍ പഞ്ചായത്തുകളിലുമായി 50 കോടിയിലധികം രൂപ നീക്കിയിരിപ്പായി കൊണ്ടുവരുവാന്‍ ട്വന്റി20ക്ക് സാധിച്ചു. ലോകമലയാളിക്ക് അഭിമാനമാകുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയാണ് ട്വന്റി20 തങ്ങളുടെ കടമ നിര്‍വ്വഹിച്ചുപോരുന്നത്. ഒരു പഞ്ചായത്ത് ഭരണത്തിലൂടെ സാധിക്കാത്തതായി ഒന്നുമില്ലെന്ന് പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ച ട്വന്റി20യുടെ ഭരണപാടവം നേരിട്ട് സാക്ഷ്യം വഹിക്കുന്നതിനായി വിദേശ രാജ്യങ്ങളില്‍ നിന്നും, വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധിപ്പേര്‍ കാലാകാലങ്ങളായി ട്വന്റി20 പഞ്ചായത്തുകളിലേയ്ക്ക് ഒഴുകിയെത്തുന്നു.ട്വന്റി20ക്ക് സമാനമായി അഴിമതി രഹിത ഭരണം കാഴ്ചവയ്ക്കുവഴി, കേരളത്തിലെ 941 പഞ്ചായത്തുകളിലും കോടിക്കണക്കിന് നീക്കിയിരിപ്പ് തുക കണ്ടെത്താന്‍ സാധിക്കുമെന്നിരിക്കെ, സംസ്ഥാനത്തെ മറ്റൊരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ഈ നേട്ടം സ്വന്തമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. കണക്കുകള്‍ പരിശോധിച്ചാല്‍, കേരളത്തിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ചേരുമ്പോള്‍ ഒരു വര്‍ഷം 5,000 കോടി രൂപയാണ് രാഷ്ട്രീയ നേതാക്കന്മാര്‍ അഴിമതികളിലൂടെ അടിച്ചുമാറ്റുന്നത്. ജനങ്ങളുടെ അവകാശങ്ങള്‍ ജനങ്ങളിലേയ്ക്കുതന്നെ തിരികെ എത്തിക്കാന്‍ ശേഷിയുള്ള ഒരേ ഒരു പാര്‍ട്ടി ഇന്ന് ട്വന്റി20 മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here