Home Top News കാലം സാക്ഷി… ചരിത്രം സാക്ഷി… സ്വപ്‌നസുന്ദരമായ വിജയഗാഥ

കാലം സാക്ഷി… ചരിത്രം സാക്ഷി… സ്വപ്‌നസുന്ദരമായ വിജയഗാഥ

54
0

2015 ഡിസംബര്‍ 7. ചരിത്രത്തിന്റെ ദിശാസൂചി ഒരു നിമിഷം സ്തംഭിച്ചുനിന്ന ദിവസം. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതന്നാണ്. കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകളിലൊന്നില്‍ ഒരു ജനകീയ കൂട്ടായ്മ മഹാ ഭൂരിപക്ഷം നേടി വിജയിച്ച ദിവസം. രാഷ്ട്രീയ പാര്‍ട്ടികളുടെയോ മതസംഘടനകളുടെയോ സാന്നിധ്യമില്ലാതെ തികച്ചും സ്വതന്ത്രമായ ഒരു ജനകീയ കൂട്ടായ്മയുടെ വിജയത്തിനാണ് അന്ന് കേരളം സാക്ഷ്യം വഹിച്ചത്. കേരളത്തിലെന്നല്ല, സ്വതന്ത്ര ഭാരത ചരിത്രത്തില്‍തന്നെ ഇങ്ങനെയൊരു സംഭവം ആദ്യമായാണ്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തിലാണ് ട്വന്റി20 ബാലറ്റുപെട്ടിയിലൂടെ ചരിത്രത്തില്‍ ചുവടുറപ്പിച്ചത്. കേരളത്തിലെ ഈ ട്വന്റി20 ഗ്രാമപഞ്ചായത്തുകള്‍ ഇന്ത്യയുടേതെന്നല്ല ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമൊക്കെ ഇവിടെ ആളുകളെത്തുന്നു. ട്വന്റി20 പഞ്ചായത്തുകളെക്കുറിച്ച് പഠിക്കാന്‍, ഈ ട്വന്റി20 പഞ്ചായത്തുകളുടെ സ്വപ്‌നതുല്യമായ വളര്‍ച്ചയുടെ പിന്നാമ്പുറ കാര്യങ്ങള്‍ മനസ്സിലാക്കാന്‍.

ട്വന്റി20 ഒരു മാതൃകയാണിന്ന്, ഒരു വലിയ പാഠവും. രാഷ്ട്രീയക്കാര്‍ ഇമ്പോസിഷനെഴുതി പഠിക്കേണ്ട പാഠം. സ്വന്തം കാല്‍ക്കീഴിലെ മണ്ണൊലിച്ചുപോകുന്നത് തിരിച്ചറിയാതിരുന്ന ഇടത്, വലത് രാഷ്ട്രീയക്കാര്‍ക്ക് മാത്രമുള്ള പാഠമല്ല ഇത്. കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാര്‍ക്കുമുള്ളതാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കാലത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യയ്ക്കുതന്നെ മാതൃകയായി വളര്‍ന്നുവരുന്ന ട്വന്റി20 ഗ്രാമപഞ്ചായത്തുകള്‍ യഥാര്‍ത്ഥ വികസനമെന്തെന്ന് നമുക്ക് കാട്ടിത്തരുന്നു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്ന, ഫ്‌ളെക്‌സുകളില്‍ ജീവിക്കുന്ന പ്രാദേശിക നേതൃത്വമല്ല ഈ പഞ്ചായത്തുകള്‍ക്കുള്ളത്. ജനസേവനം എന്താണെന്നും അത് എങ്ങനെയാണ് ഒരു നാടിന്റെ മുഖഛായ മാറ്റുന്നതെന്നും അറിയണമെങ്കില്‍ ട്വന്റി20 ഭരിക്കുന്ന 4 പഞ്ചായത്തുകളിലേക്ക് ചെല്ലണം. മഹാത്മാഗാന്ധി ലക്ഷ്യമിട്ട യഥാര്‍ത്ഥ ഗ്രാമസ്വരാജിന്റെ ഒരു ഹൈടെക് മുഖമാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്. ഓരോ ഗ്രാമവും സ്വയംപര്യാപ്തതയിലെത്തുക എന്നതായിരുന്നു ഗാന്ധിജിയുടെ സങ്കല്‍പം. സ്വാതന്ത്ര്യം ലഭിച്ച് 78 വര്‍ഷം കഴിഞ്ഞിട്ടും നമുക്ക് ആ ലക്ഷ്യത്തിലേക്ക് എത്തിനോക്കാന്‍പോലും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ട്വന്റി20 ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് അത് കഴിഞ്ഞു എന്നത് യാഥാര്‍ത്ഥ്യമാണ്.

ട്വന്റി20 എന്ന മാന്ത്രിക നമ്പര്‍ ആഗോള പ്രശസ്തിയാര്‍ജ്ജിച്ച കൗതുകകരമായ പേരാണ് ട്വന്റി20. ഈ പേരിലാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും. വളരെ വ്യത്യസ്തമായ ഒരു ലക്ഷ്യത്തിലേക്കുള്ള ചൂണ്ടു പലകയാണ് ട്വന്റി20 എന്നു പറയാം. 2020 എന്ന വര്‍ഷത്തെ ധ്വനിപ്പിക്കുന്നതാണ് ആ വാക്ക്. അതായത് 2020ല്‍ തങ്ങളുടെ വളര്‍ച്ചാ ലക്ഷ്യങ്ങള്‍ ഫലപ്രാപ്തിയിലെത്തും അഥവാ എത്തിക്കും എന്ന സംഘാടകരുടെ ദൃഢനിശ്ചയത്തിന്റെ വിളംബരമാണ് ഈ വാക്ക്. അവര്‍ ആ ലക്ഷ്യം നിറവേറ്റുകയും ചെയ്തിരിക്കുന്നു. അത്രയേറെ ക്രിയാത്മകവും ഭാവനാപൂര്‍ണ്ണവുമായ ചുവടുവയ്പാണ് ട്വന്റി20 ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here