ജനങ്ങള്‍ക്ക് നല്‍കിയ വാക്കുപാലിച്ച് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. അമ്പത്തയ്യായിരം കുടുംബങ്ങള്‍ക്ക് ആശ്രയമായിരുന്ന കിഴക്കമ്പലത്തെ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് വീണ്ടും ജനങ്ങളിലേക്ക് തിരികെയെത്തുന്നു. ഡിസംബര്‍ 22 തിങ്കളാഴ്ച ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് പൂര്‍വ്വാധികം മികവോടെ തുറന്ന് പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രതിബന്ധങ്ങളെ മറികടന്ന് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിക്കുമെന്ന് സാബു എം. ജേക്കബ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാഗ്ദാനങ്ങള്‍ക്ക് അപ്പുറം പ്രവൃത്തിയില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ട്വന്റി20യെന്ന് ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലൂടെ സാബു എം. ജേക്കബ് വീണ്ടും തെളിയിക്കുന്നു.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വേളയില്‍, ഇടത്-വലത് മുന്നണികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടാണ് മാര്‍ക്കറ്റ് അടച്ചുപൂട്ടിയത്. 55000ല്‍ അധികം കുടുംബങ്ങളുടെ ദൈനംദിന ജീവിതച്ചെലവില്‍ വന്‍ ആശ്വാസം നല്‍കിയിരുന്ന സ്ഥാപനമായിരുന്നു ഇത്. കൂടാതെ നൂറില്‍ അധികം പ്രദേശവാസികള്‍ക്കും നിരവധി കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും തൊഴിലവസരം ഒരുക്കുന്നതിനും ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലൂടെ ട്വന്റി20ക്ക് അന്ന് സാധിച്ചിരുന്നു. മാര്‍ക്കറ്റ് അടച്ചുപൂട്ടിയതോടെ, അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നത് സാധാരണക്കാരെ ദുരിതത്തിലാക്കിയിരുന്നു. ഇത് തിരിച്ചറിഞ്ഞ്, ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള നടപടികള്‍ ട്വന്റി20 ആരംഭിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും കൂട്ടുപിടിച്ച ഇടത്-വലത് മുന്നണികള്‍ ട്വന്റി20യുടെ ഈ ശ്രമങ്ങളെ തടസ്സപ്പെടുത്തിപ്പോന്നു. പിന്നാലെ, ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് ട്വന്റി20 ഇനി ഒരിക്കലും തുറക്കില്ലെന്ന വെല്ലുവിളികളും ഇക്കൂട്ടര്‍ നടത്തി. ഈ ഭീഷണികളെ കാറ്റില്‍ പറത്തി, ജനങ്ങൾക്കുവേണ്ടി, ജനങളുടെ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട്, പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബിന്റെ നേതൃത്വത്തില്‍ ട്വന്റി20 ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുന്നത്.
നിലവില്‍ പുതിയ ഭ്യക്ഷ്യ സുരക്ഷാ കാര്‍ഡിന്റെ പ്രിന്റിംഗ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകുയാണ്. ആയതിനാല്‍ ഉപഭോക്താക്കൾക്ക് പുതിയ കാർഡുകൾ ലഭിക്കുന്നതിന് അനുസരിച്ചായിരിക്കും ഡിസ്‌കൗണ്ട് റേറ്റ് പ്രാബല്യത്തില്‍ വരുക. ആദ്യ ഘട്ടത്തിൽ പച്ചക്കറി ഉൽപ്പന്നങ്ങളുടെ വിപണനം സജ്ജമാക്കിയിട്ടുണ്ട്, വരും ദിവസങ്ങളിൽ മറ്റ് അവശ്യ സാധനങ്ങളും ജനങ്ങൾക്ക് ഇവിടെ നിന്നും ലഭ്യമാക്കുവാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
















