ഒരിക്കലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുക്കണമെന്നോ ട്വന്റി20 കരുതിയിരുന്നില്ല. ഇവിടുത്തെ രാഷ്ട്രീയക്കാരാണ് ഞങ്ങളെ നിര്‍ബന്ധിച്ച് ഇതിലേക്ക് ഇറക്കിയത് എന്നുള്ളതാണ് സത്യം. അതുകൊണ്ട്, തോപ്പില്‍ ഭാസിയുടെ പ്രശസ്ത നാടകത്തിന്റെ പേരിന് സമാനമായി, ‘അവര്‍ ഞങ്ങളെ രാഷ്ട്രീയക്കാരാക്കി’ എന്ന് പറയേണ്ടിവരും.
രാഷ്ട്രത്തെ സംബന്ധിച്ച ഏതു പ്രവര്‍ത്തനവുമാകാം രാഷ്ട്രീയം; അല്ലാതെ കക്ഷിരാഷ്ട്രീയമല്ല. ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് ഞങ്ങളാണ്. നാടിന്റെ വികസനം, ജനങ്ങളുടെ ക്ഷേമം – ഇതു മാത്രമാണ് ഞങ്ങള്‍ ലക്ഷ്യംവച്ചത്. എന്നാല്‍, പരമ്പരാഗത രാഷ്ട്രീയക്കാരെ സംബന്ധിച്ച്, ഭരണത്തില്‍ കയറി കിട്ടുന്ന കാലാവധിക്കുള്ളില്‍ പരമാവധി സമ്പാദിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ. അവര്‍ രാഷ്ട്രീയത്തെ കൊള്ളയടിക്കുന്ന ഒരു മേഖലയാക്കി മാറ്റിയിരിക്കുന്നു.
അതേസമയം, ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് നടപ്പിലാക്കിക്കൊണ്ടാണ് ട്വന്റി20 മുന്നോട്ട് പോകുന്നത്. നാടിന്റെ വികസനം നടപ്പാക്കുന്നതോടൊപ്പംതന്നെ ജനങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാട്. ഇതിനെ സമാന്തര രാഷ്ട്രീയം എന്ന് പറയാന്‍ കഴിയില്ല; ഇതൊരു യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനമാണ്.
ട്വന്റി20 ഒരു സാമൂഹിക സേവന സംഘടനയായി തുടങ്ങി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണം നേടിയതും ഈ സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനപിന്തുണയോടെയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെയോ മതസംഘടനകളുടെയോ സാന്നിധ്യമില്ലാതെ തികച്ചും സ്വതന്ത്രമായ ഒരു ജനകീയ കൂട്ടായ്മയുടെ വിജയമായിരുന്നു അത്.
കിഴക്കമ്പലത്തെ കുടിവെള്ള പ്രശ്നമായിരുന്നു രാഷ്ട്രീയ പ്രവേശനത്തിലേക്ക് നയിച്ച പ്രധാന സംഭവം. മുപ്പതും നാല്പതും വീടുകള്‍ക്ക് ഒരു ടാപ്പില്‍, ഒരു മണിക്കൂര്‍ മാത്രം ലഭിച്ചിരുന്ന വെള്ളമായിരുന്നു അവിടുത്തെ സ്ഥിതി. ഈ ദുരിതം കണ്ടറിഞ്ഞ്, കിറ്റെക്സ് സ്വന്തം ചെലവില്‍ കുഴല്‍ക്കിണറുകള്‍ കുഴിച്ച് എല്ലാവീട്ടിലും 24 മണിക്കൂറും വെള്ളം ലഭ്യമാക്കി. എന്നാല്‍, സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും ചെയ്യേണ്ട ഈ ജനസേവനത്തെ പഞ്ചായത്ത് എതിര്‍ത്തു. പഞ്ചായത്തിന്റെ എതിര്‍പ്പിനെതിരെ ജനങ്ങള്‍ സംഘടിച്ച് പഞ്ചായത്ത് ആസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്തു. ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ ഇത്തരമൊരു പ്രതിഷേധം നടത്തിയത്. ഈ ജനകീയ ശക്തിക്ക് മുന്നില്‍ പഞ്ചായത്തിന് വഴങ്ങേണ്ടിവന്നു. തുടര്‍ന്ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍, രാഷ്ട്രീയ പാര്‍ട്ടികളെ തുടച്ചു നീക്കി വന്‍ജനപിന്തുണയോടെ ട്വന്റി20 ഭരണം നേടി.
ജനാധിപത്യം എന്നതിന്റെ അര്‍ത്ഥമാണ് നാം ആദ്യം വിലയിരുത്തേണ്ടത്. ജനാധിപത്യം എന്നു പറയുമ്പോള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളാല്‍ നയിക്കുന്ന ഒരു സംവിധാനമാണ്. ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ തിരഞ്ഞെടുപ്പില്‍ മറ്റുള്ളവരെ പോലെതന്നെ മത്സരിച്ച് ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു ഭരണസമിതിയാണ് ട്വന്റി20. അതാണ് ജനാധിപത്യം. അതു ഞങ്ങള്‍ തിരഞ്ഞെടുത്തു. ഞങ്ങളോടൊപ്പം മത്സരിച്ച രാഷ്ട്രീയപാര്ട്ടിക്കാരെ നിലംപരിശാക്കിക്കൊണ്ടാണ് 2015 ല്‍ 19 സീറ്റില്‍ 17 ഇടത്ത് ഞങ്ങള്‍ വിജയിച്ചത്. ഞങ്ങള്‍ ഭരിക്കണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് ജനങ്ങള്‍ ഞങ്ങളെ തിരഞ്ഞെടുത്തത്. അങ്ങനെ അഞ്ചു വര്‍ഷം ഭരിച്ചു. പിന്നീട് ആ പഞ്ചായത്തും സമീപപഞ്ചായത്തുകളും ഞങ്ങള്‍ പ്രതിപക്ഷമില്ലാതെ പിടിച്ചെടുത്തു. മുന്നണി പ്രസ്ഥാനങ്ങളുടെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശക്തമായ മറുപടിയാണ് ജനങ്ങള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നല്‍കിയത്. യഥാര്‍ത്ഥത്തില്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ഞങ്ങളാണ് എന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ജനങ്ങള്‍ തന്ന മറുപടി.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ട്വന്റി20 യുടെ തിളക്കമാര്‍ന്ന വിജയത്തിനു കാരണം ജനകീയ സ്വീകാര്യതയാണ്. ഇവിടെ ഒരു രാഷ്ട്രീയ പാര്‍ട്ടി മത്സരരംഗത്തേക്ക് വരുമ്പോള്‍ ലക്ഷങ്ങളാണ് അവര്‍ അധികാരം പിടിച്ചെടുക്കാനായി മുടക്കുന്നത്. സാധാരണ ഒരു പഞ്ചായത്ത് മെമ്പര്‍ അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ ചെലവാക്കിയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും മെമ്പറാകുന്നതും. നമ്മള് ആലോചിക്കണം എന്തിനാണിവര്‍ അഞ്ചും പത്തും ലക്ഷങ്ങള്‍ മുടക്കുന്നത്. അങ്ങനെയൊരു മെമ്പറായാല്‍ ആ മുടക്കിയ കാശിന്റെ പതിന്മടങ്ങ് അവര്‍ക്കു തിരിച്ചുപിടിക്കാം. അവരതിനെ ഒരു കച്ചവടമായാണ് കാണുന്നത്. ആ പത്തു ലക്ഷം മുടക്കിയിട്ട് ശരാശരി അഞ്ചു വര്‍ഷത്തെ ഭരണംകൊണ്ട് 50 ലക്ഷം മുതല്‍ ഒരു കോടി വരെ മെമ്പര്‍ക്ക് സമ്പാദിക്കാം. നാടിന്റെ വികസനമല്ല അവരുടെ ലക്ഷ്യം. കച്ചവടമാണ്. അഞ്ചോ പത്തോ മുടക്കി അമ്പതും ഒരുകോടിയും സമ്പാദിക്കുന്നു. ഞങ്ങള്‍ അധികാരത്തില്‍ വന്നുകഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ആശയം ഇതിനു വിരുദ്ധമായിരുന്നു. അതായത് പൂര്‍ണമായും നാടിന്റെ വികസനമായി ഞങ്ങളുടെ ലക്ഷ്യം. അഞ്ചുവര്‍ഷംകൊണ്ട് ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളെല്ലാം പരിഹരിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കി, കുടിവെള്ളപ്രശ്നം പരിഹരിച്ചു. വിദ്യാഭ്യാസ സൗകര്യമുണ്ടാക്കി. അങ്ങനെ എല്ലാ കുടുംബത്തിലും സമാധാനവും സന്തോഷവും സുരക്ഷിതത്വവും ഉറപ്പാക്കി. ജനങ്ങള്‍ക്കുവേണ്ട എല്ലാ കാര്യങ്ങളും ഞങ്ങള്‍ നടപ്പാക്കി. ആ ഒരു വിശ്വാസം വര്‍ദ്ധിക്കുകയും ചെയ്തു. അതുകൊണ്ടാണ് വീണ്ടും അതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ ഞങ്ങളെ തിരഞ്ഞെടുത്തത്. യഥാര്‍ത്ഥത്തിലുള്ള ജനാധിപത്യരീതിയില്‍ നാടിന്റെ വികസനം നടപ്പാക്കുകയും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുമെന്ന ജനങ്ങളുടെ ഉറപ്പാണ് ട്വന്റി20 യെ വീണ്ടും തിരഞ്ഞെടുക്കാന്‍ കാരണം.
















