ട്വന്റി20 പാര്‍ട്ടിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ തീരുമാനമായിരുന്നു എന്‍.ഡി.എ പ്രവേശനമെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണത്. കാരണം, താനൊരു രാഷ്ട്രീയക്കാരനല്ല, വ്യവസായിയാണ്. എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ച് കേരളത്തെ കട്ടുമുടിച്ച്, ഈ നാട് നശിപ്പിക്കുന്നതുകണ്ട് മനം മടുത്ത് ഇതില്‍ ഒരു മാറ്റം വരുത്തണമെന്ന ലക്ഷ്യത്തോടെയാണ് താന്‍ രാഷ്ട്രീയത്തിലേയ്ക്ക് വരുന്നതെന്നും അങ്ങനെയാണ് ട്വന്റി20 എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതെന്നും പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു.
പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിട്ട് 10 വര്‍ഷമെ ആകുന്നുള്ളുവെങ്കിലും കഴിഞ്ഞ 14 വര്‍ഷമായി കേരളത്തിന്റെ വികസനത്തിന് വേണ്ടി, ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഒട്ടനവധി മാതൃകാപരമായ പദ്ധതികള്‍ തങ്ങള്‍ നടത്തി. അതിന്റെ ഏറ്റവും വലിയ ഉദ്ദാഹരണമാണ് ഭക്ഷ്യ സുരക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിലക്കയറ്റം പിടിച്ച് നിര്‍ത്തുമെന്ന് പറഞ്ഞാണ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തിയില്ലാ എന്ന് മാത്രമല്ല, അവശ്യ സാധനങ്ങളുടെ വില മുന്ന്-നാല് ഇരട്ടിയായി വര്‍ധിക്കുന്ന സാഹചര്യമാണ് ഉണ്ടായത്.
ഇവിടുത്തെ സാധാരണക്കാരന് ജീവിക്കാന്‍ സാധിക്കാത്ത, ഒരു നേരത്തെ ഭക്ഷണം പോലും വയറ് നിറച്ച് കഴിക്കാന്‍ പറ്റാത്ത സാഹചര്യത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുകയാണ്. അങ്ങിനെയുള്ളപ്പോള്‍, കേരളത്തെ വികസന പാതയിലേയ്ക്ക് മാറ്റിയെടുക്കാനുള്ള ശ്രമത്തില്‍ ഞങ്ങള്‍ ഒറ്റയ്ക്ക് നിന്നാല്‍ അത് എത്രത്തോളം പ്രായോഗികമായി നടപ്പിലാകും എന്ന ആശയങ്കയുണ്ടായിരുന്നു. അതിനേക്കാള്‍ ഉപരി, ട്വന്റി20യുടെ വളര്‍ച്ച കണ്ടുകൊണ്ട് ഈ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍, ട്വന്റി20 പാര്‍ട്ടിയെ ഭൂമിയില്‍ നിന്നുതന്നെ ഉന്‍മൂലനം ചെയ്യണമെന്ന ഉദ്ദേശത്തോടുകൂടി എല്‍.ഡി.എഫും യു.ഡി.എഫും, കൂടാതെ വെല്‍ഫയര്‍ പാര്‍ട്ടി, പി.ഡി.പി, എസ്.ഡി.പി.ഐ തുടങ്ങി 25 രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് ജനകീയ മുന്നണി എന്ന പേരില്‍ സഖ്യമുണ്ടാക്കി. അവര്‍ അങ്ങനെ ഒരുമിച്ച് നിന്ന് ഒരേ സ്ഥാനാര്‍ത്ഥികളെ ഒരേ ചിഹ്നത്തില്‍ നിര്‍ത്തിയാണ് ട്വന്റി20 മത്സരിച്ച സ്ഥലങ്ങളിലെല്ലാം ഞങ്ങളെ നേരിട്ടത്. ട്വന്റ20 സാധാരണക്കാരായ എത്രത്തോളം മനുഷ്യരുടെ മനസ്സുകളില്‍ എത്തിപ്പെട്ടിട്ടുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഈ വെല്ലുവിളിയെ കാണാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ചരിത്ത്രത്തില്‍തന്നെ ആദ്യമായി എല്‍.ഡി.എഫും-യു.ഡി.എഫും സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാതിരിക്കുന്നത് ട്വന്റി20 മത്സരിച്ച പ്രദേശങ്ങളിലാണ് എന്നത് കാണാവുന്നതാണ്. അരിവാള്‍ ചുറ്റിക ഉണ്ടായിരുന്നില്ല, കൈപ്പത്തിയും ഉണ്ടായിരുന്നില്ല. ഇത് എത്രത്തോളം ലജ്ജാകരമാണെന്നും ട്വന്റി20 ഉള്ള പ്രദേശങ്ങളില്‍ അവര്‍ എത്രത്തോളം തകര്‍ന്നിരിക്കുകയാണെന്നും ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.
പല വഴികളിലൂടെ ഇക്കൂട്ടര്‍ ഞങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടും, 89 സീറ്റുകളില്‍ വിജയിക്കുവാന്‍ ട്വന്റി20ക്ക് കഴിഞ്ഞു. ഞങ്ങള്‍ ഭരിച്ചുകൊണ്ടിരുന്ന 2 പഞ്ചായത്തുകള്‍ നഷ്ടപ്പെട്ടുവെങ്കിലും പുതിയ രണ്ട് പഞ്ചായത്തുകള്‍ പിടിച്ചെടുക്കുവാനും രണ്ട് പഞ്ചായത്തുകള്‍ നിലനിര്‍ത്തുവാനും ട്വന്റി20ക്ക് കഴിഞ്ഞു. സീറ്റ് നിലവാരത്തില്‍ 10 ശതമാനം വളര്‍ച്ചയും വോട്ടിങ് ശതമാനത്തില്‍ 30 ശതമാനം വര്‍ധനവും കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. തകര്‍ക്കാന്‍ കഴിയാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയായി ട്വന്റി20 വളര്‍ന്നിരിക്കുന്നു എന്നതാണ് ഈ നേട്ടങ്ങള്‍ വ്യക്തമാക്കുന്നത്.
വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണരൂപം.
ഈ സാഹചര്യങ്ങളാണ് ട്വന്റി20യെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഞങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്ക് ഞങ്ങള്‍ എങ്ങനെ ഈ കേരളത്തെ മാറ്റയെടുക്കുമെന്ന് കാണിച്ചുകൊടുക്കണം. അതിനായി ഞങ്ങള്‍ ആലോചിച്ച് സ്വീകരിച്ച തീരുമാനമാണ് എന്‍.ഡി.എയ്‌ക്കൊപ്പം, മോദി സര്‍ക്കാരിനൊപ്പം അവരുടെ വികസന കാഴ്ചപ്പാടുകള്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട് ഈ കേരളത്തെ മാറ്റിയെടുക്കാന്‍ തീരുമാനിച്ചത്. അത് ഞങ്ങള്‍ ആലോചിച്ച് എടുത്ത തീരുമാനമാണ്. കേരളത്തില്‍ ഇന്നത്തെ സാഹചര്യത്തില്‍ മുന്നോട്ട് പോയിക്കഴിഞ്ഞാല്‍ കേരളമെന്ന ഈ സംസ്ഥാനംതന്നെ നമുക്ക് കുറച്ച് കഴിഞ്ഞാല്‍ കാണാന്‍ സാധിച്ചെന്നുവരില്ല. നമ്മുടെ യുവാക്കളും കുട്ടികളും നാട് വിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിന് ഒരു മാറ്റം കൊണ്ടുവരണം. അതിനായാണ് ട്വന്റി20 എന്‍.ഡി.എയ്ക്ക് ഒപ്പം ചേര്‍ന്നത്. ഇതുവഴി വികസിത കേരളം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുകയാണ് ട്വന്റി20യുടെ ലക്ഷ്യം.
















