കഴിഞ്ഞ 12 വര്‍ഷക്കാലത്തെ മോദിജിയുടെ ഭരണത്തിലൂടെ ഇന്ത്യ ലോകത്തിന്റെ നെറുകയിലേയ്ക്ക് വളര്‍ന്നുവെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. കൊച്ചിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജി പങ്കെടുത്ത എന്‍.ഡി.എ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.കെയെയും ജപ്പാനെയും മറികടന്ന് ഇന്ത്യ ഇന്ന് 4-ാമത്തെ സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്നു. ഡിജിറ്റല്‍ എക്കോണമിയില്‍ അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഒരു ദശാബ്ദങ്ങള്‍ക്ക് മുമ്പ് ലോക രാജ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു ദരിദ്ര രാജ്യത്തുനിന്ന് എത്തിയ ആള്‍ എന്ന രീതിയില്‍ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ എനിക്ക് പലപ്പോഴും തലകുനിച്ച് നിക്കേണ്ടിവന്നിരുന്നു. എന്നാല്‍ മോദിജിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഭരണത്തിലൂടെ രാജ്യത്തിന്റെ മുഖച്ഛായതന്നെ മാറി. ഇന്ന് ഇന്ത്യക്കാരനെന്ന് പറയുമ്പോള്‍ തന്റേടത്തോടെ, ധൈര്യത്തോടെ തലയുയര്‍ത്തി നില്‍ക്കാനുള്ള സാഹചര്യം ഇന്ന് ഉണ്ടായതായും അദ്ദേഹം പറഞ്ഞു.
നമുക്ക് മറക്കാനാവാത്ത സംഭവമായിരുന്നു സമീപ കാലത്ത് നടന്ന പഹല്‍ഗാം ഭീകരാക്രമണം. നമ്മുടെ സഹോദരങ്ങളായ 26പേരെ, അവരുടെ അടിവസ്ത്രമൂരി മതം നോക്കി വെടിവെച്ചു കൊന്നപ്പോള്‍ രാത്രികള്‍ക്കുള്ളില്‍തന്നെ തിരിച്ചടിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരര്‍ക്ക് നല്‍കിയ മറുപടി, ഇത് പഴയ ഇന്ത്യയല്ല, കോണ്‍ഗ്രസ് ഭരിക്കുന്ന ഇന്ത്യ അല്ല എന്നതായിരുന്നു.
തത്സമയ റിപ്പോര്‍ട്ട്
അമേരിക്ക താരിഫിലൂടെ ഇന്ത്യയെ ശ്വാസം മുട്ടിച്ചപ്പോള്‍, നിശബ്ദമായി നിന്ന്, 18 വര്‍ഷമായി പൊടിപിടിച്ചുകിടന്ന യൂറോപ്യന്‍ യൂണിയന്റെ കരാറില്‍ ഒപ്പുവെച്ച് അമേരിക്കയെ ഇന്ത്യയുടെ മുന്നില്‍ മുട്ടുകുത്തിച്ച നരേന്ദ്ര മോദിജി പറഞ്ഞത്, ഇത് ആരുടെയും മുന്നില്‍ മുട്ടുമടക്കുന്ന ഇന്ത്യയല്ല എന്നാണ്.
കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം എറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്‌നമാണ് സഭാ തര്‍ക്കം. ഇതുമായി ബന്ധപ്പെട്ട് ശ്രീ നരേന്ദ്ര മോദിജിയെ കാണുകയുണ്ടായി. എനിക്കുറപ്പുണ്ട്. നൂറു വര്‍ഷങ്ങള്‍ക്ക് അധികമായി നടന്നുവരുന്ന ഈ സഭാ തര്‍ക്കങ്ങള്‍ക്ക് ഒരു പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്.
70 വര്‍ഷക്കാലം എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിച്ചു. ഈ കേരളത്തെ കട്ടുമുടിച്ചു, കൊള്ളയടിച്ചു. ഇവിടുത്തെ പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും രക്തം ഊറ്റിക്കുടിച്ചു. ഒടുവിലവര്‍ ക്ഷേത്രങ്ങളും പള്ളികളും കൊള്ളയടിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഈ 70 വര്‍ഷംകൊണ്ട് ഇരു മുന്നണികളും നമുക്ക് നേടിത്തന്നത് എന്താണ്. സ്‌കൂളുകള്‍ മുതല്‍ കോളേജ് തലംവരെ മയക്കുമരുന്ന് സുലഭമായി അവര്‍ ലഭ്യമാക്കി. കള്ള് ഫാക്ടറികള്‍ തുടങ്ങി. ഓരോ കിലോമീറ്ററിന് ഉള്ളിലും മദ്യ ഷോപ്പുകള്‍ തുടങ്ങി. അഴിമതി നടത്തി, കടം വര്‍ധിച്ചു, വിലക്കയറ്റം കൂടി.
ഇന്ന് ഇവിടുത്തെ സാധാരണക്കാരനും പാവപ്പെട്ടവനും ഒരു നേരത്തെ ഭക്ഷണം വയറ് നിറച്ച് കഴിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലെത്തി. അതുകൊണ്ട്, ഈ കേരളം മാറണം. എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും അറബി കടലില്‍ തൂത്തെറിയണം. അതിന് ഇന്ന് ഇന്ത്യയില്‍ ഒരേ ഒരാള്‍ക്കേ സാധിക്കു. ഇന്ത്യ ഭരിക്കുന്ന നമ്മുടെ പ്രീയപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജിക്ക്. ആ നരേന്ദ്ര മോദിജിക്ക് ഒപ്പം ഈ കേരളത്തെ നയിക്കാന്‍ നമ്മുടെ പ്രീയങ്കരനായ നേതാവ് രാജീവ് ചന്ദ്രശേഖര്‍ജിയോടൊപ്പം ഈ എളിയവനായ ഞാനും നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു തരുന്നതായും സാബു എം. ജേക്കബ് പറഞ്ഞു.













