Home Election News കോലഞ്ചേരി പ്രസ് ക്ലബ്ബില്‍ ട്വന്റി20-എന്‍.ഡി.എ കുന്നത്തുനാട് സ്ഥാനാര്‍ത്ഥി ശ്രീ ബാബു ദിവാകരന്‍ നടത്തിയ വാര്‍ത്താസമ്മേളനം.

കോലഞ്ചേരി പ്രസ് ക്ലബ്ബില്‍ ട്വന്റി20-എന്‍.ഡി.എ കുന്നത്തുനാട് സ്ഥാനാര്‍ത്ഥി ശ്രീ ബാബു ദിവാകരന്‍ നടത്തിയ വാര്‍ത്താസമ്മേളനം.

നിയമസഭാ സാമാജികര്‍ നിയമ നിര്‍മാണത്തില്‍ പങ്കാളിയായിരുന്ന സാഹചര്യങ്ങളില്‍നിന്നും വഴിത്തിരിച്ച് ജനകീയനാകാനുള്ള ശ്രമത്തിന്റെ ഭാഗമായി താല്‍ക്കാലിക പബ്ലിസിറ്റിക്കുപിന്നാലെ പോകുന്ന ദയനീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ട്വന്റി20-എന്‍.ഡി.എ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു എം.എല്‍.എ എത്ര നിയമ നിര്‍മാണങ്ങളില്‍ പങ്കെടുത്തുവെന്നത് ഇപ്പോള്‍ ആരും അന്വേഷിക്കാറില്ലെന്നും ഈ സാഹചര്യങ്ങള്‍ക്ക് ഒരു മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോലഞ്ചേരി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സായിപ്പിന്റെ കാലത്ത് രൂപീകരിച്ച കാലഹരണപ്പെട്ട പല നിയമങ്ങളും മൂലം സാധാരണക്കാരനും, അത്താഴപഷ്ണിക്കാരനും, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. പഞ്ചായത്തിരാജ് നഗരപാലിക ബില്ല് നടപ്പിലായെങ്കില്‍പോലും ഇപ്പോഴും ഒരു തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷനോ അധ്യക്ഷയ്‌ക്കോ ഒരു കാര്യം നിര്‍വ്വഹിക്കണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതിക്കായി കാത്തുനില്‍ക്കേണ്ട സാഹചര്യമാണ് ഉള്ളത്. സമൂഹത്തിന് നന്മ ചെയ്യുന്ന പല പദ്ധതികളും ഈ കാരണങ്ങളാല്‍ മുടങ്ങിപ്പോകുന്നു. പദ്ധതി പൂര്‍ത്തീകരണത്തിനായി ഇടപെടല്‍ നടത്താന്‍ പ്രാദേശിക എം.എല്‍.എ പോലും മടിക്കുന്നു.

നിലവില്‍ പ്രാബല്യത്തിലുള്ള പല നിയമങ്ങളും ആനുകൂല്യങ്ങളും സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുംവിധമാണ് നടപ്പിലാക്കിപ്പോരുന്നത്. രാഷ്ട്രീയപരമായ വിയോജിപ്പുകള്‍മൂലം പദ്ധതികള്‍ മുടങ്ങുന്നതാണ് മറ്റൊന്ന്. പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് പ്രാദേശിക നേതൃത്വം മുതല്‍ ബഹുജന പങ്കാളിത്തവും മാധ്യമങ്ങളുടെ മേല്‍നോട്ടവും ഉള്‍പ്പെടുന്ന സംവിധാനം വേണം. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളിലേയ്ക്കാണ് പുതിയ തലമുറ ജനപ്രതിനിധികള്‍ ശ്രദ്ധ ചെലുത്തേണ്ടത്.

എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടായ അഞ്ച് കോടി രൂപ എപ്രകാരം ചിലവഴിക്കുന്നുവെന്നും, ഇത്തരത്തില്‍ പൂര്‍ത്തീകരിക്കുന്ന പദ്ധതി പൊതുജനത്തിന് എപ്രകാരം ഗുണം ചെയ്യപ്പെടുന്നുവെന്നതും പൊതുജനമധ്യത്തില്‍ എം.എല്‍.എയ്ക്ക് വിശദീകരിക്കാന്‍ കഴിയണം. നാടിന്റെ വികസനത്തിനായി താഴെ തട്ടിലുള്ള ജനപ്രതിനിധി മുതല്‍ എം.പി വരെയുള്ളവരുടെ പങ്കാളിത്തത്തോടെ വലിയ പദ്ധതികള്‍ രൂപീകരിക്കാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ മുറ്റത്ത് രാഷ്ട്രീയ വിരോധം മാറ്റിവച്ച് കാല്‍ചവിട്ടാനും പദ്ധതികളില്‍ പങ്കാളിത്തം ഉറപ്പാക്കാനും എം.എല്‍.എമാര്‍ തയ്യാറാകണം.

കുന്നത്തുനാട് മണ്ഡലം പട്ടികജാതി സംവരണ മണ്ഡലമാണ്. നിരവധി പദ്ധതികള്‍ കഴിഞ്ഞുപോയിട്ടും ഇപ്പോഴും കോടികളാണ് പട്ടികജാതി വിഭാഗത്തിന് ലഭ്യമാകാതെ നഷ്ടപ്പെട്ടുപോയിട്ടുള്ളത്. കഷ്ടത അനുഭവിക്കുന്ന പട്ടികജാതി വിഭാഗത്തിന് അശ്വാസം പകരുന്ന ഒരു പദ്ധതി മുന്നോട്ടുകൊണ്ടുവരാന്‍ സംവരണ മണ്ഡലങ്ങളില്‍ മത്സരിച്ച് ജയിച്ച ഒരു ജനപ്രതിനിധിക്കും ഇന്നുവരെ സാധിച്ചിട്ടില്ലാ എന്നത് വേദനാജനകമാണ്. കഷ്ടത അനുഭവിക്കുന്ന പിന്നോക്ക വിഭാഗത്തെ അഭിമാനത്തോടെ ജീവിക്കാന്‍ സഹായിക്കുംവിധം നിയമസംവിധാനങ്ങളില്‍ മാറ്റംവരണം. അതിന് മുന്‍കൈ എടുക്കേണ്ടത് എം.എല്‍.എമാരാണ്. ഇതിന് പുറമെ മറ്റ് ഭരണ മേഖലകളും സംഘടനകളും ഈ ലക്ഷ്യത്തിലേയ്ക്ക് മുന്നോട്ടുവരണം. എന്നാല്‍ ഇന്ന് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന്റെ പേരുപറഞ്ഞ് അധികാരത്തിലെത്തിയവര്‍ ആഢംബര ജീവിതത്തില്‍ മതിമറന്ന് പിന്നോക്ക വിഭാഗത്തെ മറക്കുന്നു. എന്നാല്‍ താന്‍ അധികാരത്തില്‍ എത്തിയാല്‍ മണ്ഡലത്തിലെ പിന്നോക്ക വിഭാഗത്തെ സര്‍വ്വ മേഖലകളിലും മുന്നോട്ട് കൊണ്ടുവരാന്‍ വിവിധ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുമെന്നും, ട്വന്റി20യും എന്‍.ഡി.എയും പങ്കുവയ്ക്കുന്ന സ്വപ്‌നതുല്യമായ വികസന പദ്ധതികളിലുടെ ഈ നേട്ടം കൈവരിക്കാന്‍ താന്‍ നേതൃത്വം നല്‍കുമെന്നും, ഈ മുന്നേറ്റത്തില്‍ വിലയേറിയ സമ്മതിദാന അവകാശം ‘ചക്ക’ അടയാളത്തില്‍ നല്‍കി തന്നെ വിജയിപ്പിക്കണമെന്നും അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here