കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എന്‍.ഡി.എ സംഘടിപ്പിച്ച ഇലക്ഷന്‍ കണ്‍വെന്‍ഷന് പുത്തന്‍കുരിശ് വേദിയായി. ജനസാഗരങ്ങളുടെ അകമ്പടിയോടെ പുത്തന്‍കുരിശ് കാവുംതാഴത്ത് നിന്ന് ആരംഭിച്ച റോഡ് ഷോയുടെ സമാപനത്തോടെയാണ് പുത്തന്‍കുരിശ് പോലീസ് സ്റ്റേഷന് എതിര്‍വശത്ത് കണ്‍വെന്‍ഷന്‍ ആരങ്ങേറിയത്. എന്‍.ഡി.എ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി.എന്‍ വിജയന്‍ കണ്‍വെന്‍ഷനില്‍ അധ്യക്ഷത വഹിച്ചു. ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

കുന്നത്തുനാടിന്റെ വികസനം ആഗ്രഹിക്കുന്നവരും ജാതിമത വര്‍ഗ വിവേചനങ്ങളില്ലാത്തവരുമായ ജനസാഗരമാണ് എന്‍.ഡി.എയുടെ കുടക്കീഴില്‍ ബാബു ദിവാകരന്റെ വിജയം ആഗ്രഹിച്ചുകൊണ്ട് പുത്തന്‍കുരിശില്‍ അണിനിരന്നിരിക്കുന്നതെന്ന് വി.എന്‍ വിജയന്‍ പറഞ്ഞു. ഏറെ ചിന്തീിക്കേണ്ട നിമിഷമാണിത്. കഴിഞ്ഞ 10 വര്‍ഷക്കാലം യു.ഡി.എഫും 5 വര്‍ഷക്കാലം എല്‍.ഡി.എഫും കുന്നത്തുനാട്ടില്‍ വിജയിച്ചു. എന്നാല്‍ ഇരു മുന്നണികളും ഈ അവസരങ്ങള്‍ പാഴാക്കിക്കൊണ്ട് വികസനത്തിന്റെ ഒരു നേര്‍ രേഖപോലും കാണിക്കാന്‍ കഴിയാത്തവിധം ഭരണനിര്‍വ്വഹണത്തില്‍ പരാജയപ്പെട്ടു. വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ കുന്നത്തുനാട് നേരിടുമ്പോള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞകാല വികസനത്തിന്റെ യാതൊരു തെളിവുകളും ഇരുകൂട്ടരുടെയും പക്കല്‍ ഇല്ലായെന്ന പരമസത്യം നാം തിരിച്ചറിയണം. ഈ സാഹചര്യത്തിലാണ് ട്വന്റി20-എന്‍.ഡി.എ സഖ്യം ജനസമക്ഷം കുന്നത്തുനാടിന്റെ ഭാവി വികസന പദ്ധതികള്‍ അവതരിപ്പിക്കുന്നത്. അതാണ് കിഴക്കമ്പലം മോഡല്‍ വികസനവും, വികസിത ഭാരതം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടുകളും. അഴിമതി മുക്ത ഭാരതം എന്ന മോദി സര്‍ക്കാരിന്റെ കാഴ്ചപ്പാടുകള്‍ക്കൊപ്പം പഞ്ചായത്ത് ഭരണമികവുമായി ട്വന്റി20യും ചേരുമ്പോള്‍ ആ കൂട്ടായ്മയെ ജനങ്ങള്‍ ഹൃദയത്തിലേറ്റിക്കഴിഞ്ഞു. നമ്മുടെ ശക്തി എന്നത് തടിച്ചുകൂടിയിരിക്കുന്ന ഈ പുരുഷാരവമാണ്. വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞുകൊണ്ട് ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ വിജയത്തിലേയ്ക്ക് നടന്നുകയറുകയാണ്. ആ വിജയം മികച്ചതാക്കുവാന്‍ ജനാധിപത്യ വിശ്വാസികളായ മുഴുവന്‍ ആളുകളും തങ്ങളുടെ സമ്മതിദാന അവകാശം ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അവസാന നിമിഷം പഞ്ചായത്ത് തിരഞ്ഞെടുപ്പിന് സമാനമായി ഇടതും വലതും ഒന്നുചേര്‍ന്ന് നമ്മെ പരാജയപ്പെടുത്താന്‍ ശ്രമം നടത്തുമെന്നും അമ്പത്തൊന്ന് ശതമാനം വോട്ട് ഉറപ്പാക്കിയാല്‍ മാത്രമേ വിജയം സാധ്യമാകൂവെന്നും ട്വന്റി20 സംസ്ഥാന അധ്യക്ഷന്‍ സാബു എം ജേക്കബ് സദസിനെ ഓര്‍മിപ്പിച്ചു. അമ്മമാരും കുഞ്ഞുങ്ങളുമാണ് ട്വന്റി20യുടെ ഉദയത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത്. ഈ ട്വന്റി20 മോഡല്‍, കിഴക്കമ്പലം മോഡല്‍, കേരളമൊട്ടാകെ മൂന്നരക്കോടി ജനങ്ങളിലേയ്ക്കും പടര്‍ത്തണം.

എന്തുകൊണ്ട് ട്വന്റി20 എന്‍.ഡി.എയില്‍ ചേര്‍ന്നു എന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സ്വതന്ത്ര്യ രാഷ്ട്രീയം പ്രവര്‍ത്തനം നടത്താനാവാതെ ട്വന്റി20 തോറ്റുകൊടുത്താന്‍ ഈ കുന്നത്തുനാടും, കേരളത്തിലെ മൂന്നരക്കോടിവരുന്ന ജനങ്ങളുമാണ് തോറ്റുപോകുന്നത് എന്ന് താന്‍ തിരിച്ചറിഞ്ഞതായും സാബു ജേക്കബ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് ട്വന്റി20 എന്‍.ഡി.എയ്ക്ക് ഒപ്പവും ഈ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പവും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ട്വന്റി20യുടെ എന്‍.ഡി.എ പ്രവേശനം കഴിഞ്ഞിട്ട് വെറും മൂന്ന് മാസങ്ങള്‍ മാത്രമാണ് പിന്നിടുന്നത്. ഈ ചെറിയ കാലയളവില്‍ മൂന്ന് നേട്ടങ്ങളാണ് നാം കേരളത്തിനായി സാധ്യമാക്കുന്നത്. കേരളത്തിന് നഷ്ടമായ 6500 കോടി രൂപയുടെ കേന്ദ്ര പദ്ധതിയായ ആങ്കമാലി കുണ്ടന്നൂര്‍ ആറുവരിപാത. കുന്നത്തുനാട്ടിലെ ഏഴ് പഞ്ചായത്തുകള്‍ക്ക് ഗുണകരമാകുന്ന ഈ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ പിടിപ്പുകേടുകൊണ്ട് നഷ്ടപ്പെടുത്തിയ കേന്ദ്ര പദ്ധതിയായിരുന്നു. ഈ വിഷയം കേന്ദ്ര ഗതാഗതമന്ത്രി നിഥിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും ആറുവരിപ്പാത 9500 കോടി മുതല്‍മുടക്കുള്ള എട്ടുവരി പാതയായി ഉയര്‍ത്താമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു. 114 വര്‍ഷം പഴക്കമുള്ള സഭാ തര്‍ക്കം അവസാനിപ്പിക്കാന്‍ ഇടപെടല്‍ നടത്തുമെന്ന ഉറപ്പും കേന്ദ്രസര്‍ക്കാരില്‍ നിന്നും നേടിയെടുക്കാന്‍ നമുക്ക് സാധിച്ചു. പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ഇടത്-വലത് സര്‍ക്കാരുകള്‍ക്ക് അവസാനിപ്പിക്കാമായിരുന്ന സഭാ തര്‍ക്കം, മുട്ടനാടുകളെ തമ്മിലിടിപ്പിച്ച് ചോരകുടിക്കുന്ന ചെന്നായയെപ്പോലെ ഇരു മുന്നണികളും വോട്ടിനായി ഉപയോഗിച്ചുപോന്നു. എന്നാല്‍ സഭാ മേലധ്യക്ഷന്‍മാരും പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്യാന്‍ അവസരം ഉണ്ടാക്കുകവഴി ഈ പ്രശ്‌നത്തിനും പരിഹാരം കാണുവാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ നമുക്ക് സാധിച്ചു. ഇരുസഭകള്‍ക്കും നീതി ഉറപ്പാക്കിക്കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. ആറ് മാസങ്ങള്‍ക്കുള്ളില്‍ സഭാ തര്‍ക്കം ശാശ്വതമായി പരിഹരിക്കുമെന്ന് പ്രധാനമന്ത്രിയുടെ നാമത്തില്‍ ഉറപ്പുതരുന്നതായി സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു.

കൃസ്ത്യാനികള്‍ അടക്കം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളില്‍ അതിന്യൂനപക്ഷമായ വിഭാഗങ്ങള്‍ വംശനാശ ഭീഷണിയിലാണ്. ഇവരെ സംരക്ഷിക്കുന്നതിനായി പരിഗണിക്കണമെന്ന് സഭാ മേലധ്യക്ഷന്മാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഈ വിഭാഗങ്ങള്‍ക്ക് സാമ്പത്തിക, തൊഴില്‍ സംവരണങ്ങള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. എന്‍.ഡി.എയില്‍ ചേരുകവഴി വെറും രണ്ട് മാസംകൊണ്ട് ട്വന്റി20ക്ക് ഇത്രയും നേട്ടം കൈവരിക്കാനായെങ്കില്‍ വരുന്ന അഞ്ച് വര്‍ഷങ്ങള്‍കൊണ്ട് നമുക്ക് ഈ നാടിനുവേണ്ടി എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നതും ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ ലോക ശക്തിയായി ഉയര്‍ത്തിയ നരേന്ദ്ര മോദിക്കൊപ്പം നിന്നാല്‍ നമുക്ക് ഈ കേരളത്തെ മാറ്റിമറിക്കാന്‍ സാധിക്കും.

വളരെ അപ്രതീക്ഷിതമായി കുന്നത്തുനാടിന് ലഭിച്ച സ്ഥാനാര്‍ത്ഥിയാണ് ബാബു ദിവാകരന്‍. മുപ്പത്തഞ്ച് വര്‍ഷം കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടും ഒന്നും സമ്പാദിക്കാനാവാതെ ഒടുവില്‍ അവഗണന ഏറ്റുവാങ്ങിയ നേതാവാണ് അദ്ദേഹം. പട്ടിണി അനുഭവിച്ചിട്ടുള്ള, വാടകവീട്ടില്‍ കഴിയുന്ന ബാബു ദിവാകരന് വീടില്ലാത്തവന്റെയും ദാരിദ്രം അനുഭവിക്കുന്നവന്റെയും വിഷമമറിയാം. ബാബു ദിവാകരന്‍ വിജയിക്കേണ്ടത് കുന്നത്തുനാടിലെ ഓരോരുത്തരുടെയും ആവശ്യമാണ്. സാധാരണക്കാരനായ നമ്മുടെ സ്ഥാനാര്‍ത്ഥി നേരിടുന്നത് കോടീശ്വരന്മാരായ സ്ഥാനാര്‍ത്ഥികളെയാണ് എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ബാബുവിന്റെ വിജയത്തിനായി ശക്തമായ തിരഞ്ഞെടുപ്പ് പ്രചരണം തന്നെ നടത്തണം.

എന്‍.ഡി.എ പ്രകടന പത്രിക ചൊവ്വാഴ്ച പുറത്തുവരും. ഇതില്‍ പ്രധാനമായി നാം നല്‍കുന്ന വാഗ്ദാനം കേരളത്തിലെ 941 പഞ്ചായത്തുകളിലായി 1221 ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കും എന്നതാണെന്നും സാബു ജേക്കബ് പറഞ്ഞു. സാധാരണക്കാര്‍ക്ക് ഗുണകരമാകുന്ന ഒട്ടനവധി പ്രഖ്യാപനങ്ങള്‍ പ്രകടന പത്രികയില്‍ ഉണ്ടായിരിക്കും. ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് കുന്നത്തുനാട്ടില്‍ വിജയിക്കാനായാല്‍ , കുന്നത്തുനാടിനെ കേരളത്തിലെ എന്നല്ല, ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച നിയോജകമണ്ഡലമായി മാറ്റിയെടുക്കുമെന്ന സാബു ജേക്കബിന്റെ ഉറപ്പും, ഈ ലക്ഷ്യം സാധ്യമാകുന്നതിന് എല്ലാ പിന്തുണയും നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ഉറപ്പുമുണ്ടെന്നും അദ്ദേഹം സദസിനെ ഓര്‍മിപ്പിച്ചു.
ദൈവാംശമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് ട്വന്റി20യെന്ന് സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ പറഞ്ഞു. ചില കടമകള്‍ നിര്‍വ്വഹിക്കാന്‍ ദൈവം ചിലരെ ചുമതലപ്പെടുത്തും. ഇത്തരത്തില്‍ ഈ നാട്ടിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദൈവം ചുമതലപ്പെടുത്തിയ, ദൈവത്തിന്റെ പ്രതിരൂപമാണ് സാബു ജേക്കബ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുന്നത്തുനാട്ടില്‍ ഇടതും വലതും ട്വന്റി20ക്ക് എതിരെ പ്രചരിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഗര്‍ഭിണിയായ പട്ടികജാതി വനിതയുടെ അവകാശങ്ങള്‍ ഇടതുപക്ഷം ഭരിച്ച പഞ്ചായത്ത് നിഷേധിച്ചപ്പോള്‍, രണ്ട് വര്‍ഷങ്ങള്‍ക്ക് അപ്പുറം ആ സ്ത്രീയെ അതേ പഞ്ചായത്തിന്റെ അധ്യക്ഷ സ്ഥാനത്ത് എത്തിച്ച പാര്‍ട്ടിയാണ് ട്വന്റി20. ഈ തിരഞ്ഞെടുപ്പില്‍ ബാബു ദിവാകരന്റെ നോമിനേഷന്‍ തള്ളിപ്പോയിരുന്നുവെങ്കില്‍ പകരക്കാരിയായി കുന്നത്തുനാട്ടിലെ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടേണ്ടിയിരുന്നതും ഇതേ സ്ത്രീ ആയിരുന്നു. ഇത്തരത്തില്‍ സാധാരണക്കാരുടെ ജീവിതത്തില്‍ ഇടപെടുന്ന രാഷ്ട്രീയമാണ് ട്വന്റി20യെയും സാബു ജേക്കബിനെയും വ്യത്യസ്തരാക്കുന്നത്. അങ്ങനെയുള്ള ട്വന്റി20ക്ക് ഒപ്പം രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കാന്‍ പരിശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നുചേരുമ്പോള്‍ അത് സാധാരണക്കാരന്റെ അത്മാഭിമാനം സംരക്ഷിക്കുന്നതിനുള്ള വികസനത്തിന്റെ രാഷ്ട്രീയമാണ്. അതുകൊണ്ടുതന്നെ ഇടത് വലത് മുന്നണികളുടെ വര്‍ഗീയ പ്രചരണങ്ങളില്‍ ഈ നാട് വീഴരുത്. ഈ തിരഞ്ഞെടുപ്പുഫലം നമുക്ക് അനുകൂലമായിവരേണ്ടത് നമ്മുടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടിയാണ്. ബാബു ദിവാകരന്‍ നിങ്ങളുടെ ഓരോരുത്തരുടെയും പ്രതിനിധിയാണ്. നമ്മുടെ അവകാശങ്ങള്‍ സാബു ജേക്കബിലൂടെ പ്രധാനമന്ത്രിയോട് ചോദിച്ചുവാങ്ങാന്‍ ഈ തിരഞ്ഞെടുപ്പ് വിജയത്തിലൂടെ നമുക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വന്റി20 നിയോജകമണ്ഡലം സെക്രട്ടറി ജിന്റോ ജോര്‍ജ്ജ്, ബി.ജെ.പി എറണാകുളം ജില്ല പ്രസിഡന്റ് പി.പി സജീവ്, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് സുധി കൃഷ്ണ, നടി ലക്ഷ്മി പ്രിയ, നടി വീണ നായര്‍, എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ജയന്‍ അടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.













